കണ്ണൂർ: ഇക്കഴിഞ്ഞ ജൂൺ മാസം കണ്ണൂർ ജില്ലയിലെ വിവിധ റേഷൻ ഷോപ്പുകൾ വഴി വിതരണം ചെയ്ത ഗോതന്പിൽ നിറയെ മാലിന്യങ്ങൾ. കടുക്, മുത്താറി തുടങ്ങിയവയ്ക്കു പുറമെ ഗോതന്പിൽ നിറയെ എലിക്കാഷ്ഠം, മൺക്കട്ട, പല്ലിക്കാഷ്ഠം തുടങ്ങിയവയാണ്. ഒരു കിലോഗ്രാം ഗോതന്പിൽ അരക്കിലോയോളം മാലിന്യങ്ങളാണ്.
ഇതുകാരണം പലരും വീട്ടിൽ കൊണ്ടുവന്ന ഗോതന്പ് കഴുകി ഉണക്കി മാലിന്യങ്ങൾ വേർത്തിരിക്കുകയാണ്. പഞ്ചിംഗ് സംവിധാനം നിലവിൽ വന്നതോടെ മണിക്കൂറുകൾ കാത്തിരുന്നാണ് പലർക്കും റേഷൻ ഷോപ്പിൽനിന്ന് സാധനങ്ങൾ ലഭിക്കുന്നതു തന്നെ.
പഞ്ചിംഗിനിടെ വിരൽ പതിയാത്തതിനാൽ തലേന്ന് മടങ്ങിയവർക്ക് വീണ്ടും സാധനത്തിനായി ക്യൂ നില്ക്കേണ്ടി വരുന്നു. ഇത്തരത്തിൽ മണിക്കൂറുകളുടെ കാത്തിരിപ്പിന് ശേഷം കിട്ടുന്ന ഭക്ഷ്യവസ്തുക്കളാകട്ടെ കന്നുകാലികൾക്കു പോലും കൊടുക്കാൻ പറ്റാത്തവയാണ്.
ഭക്ഷ്യ ഉത്പന്നങ്ങളിലേയും മത്സ്യങ്ങളിലേയും മായം കണ്ടെത്താൻ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്ന് പറയുന്പോഴാണ് സമൂഹത്തിലെ ഏറ്റവും താഴേയ്ക്കിടയിലുള്ളവരും സാധാരണക്കാരും ആശ്രയിക്കുന്ന റേഷൻഷോപ്പു വഴി മാലിന്യം നിറഞ്ഞ ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്യുന്നത്.
സർക്കാർ സംവിധാനം വഴി ഇത്രയും മോശമായ ഭക്ഷ്യ ധാന്യങ്ങൾ വിതരണം ചെയ്യുന്നവരാണ് ജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് വാചാലരാകുന്നതെന്ന് ജനങ്ങളും കുറ്റപെടുത്തുന്നു. ഈ സാഹചര്യത്തിൽ റേഷൻ സാധനങ്ങൾ ഭക്ഷ്യയോഗ്യമായവയാണോ എന്നുകൂടി പരിശോധിച്ച ശേഷം മാത്രമെ വിതരണം ചെയ്യാൻ പാടുള്ളൂവെന്ന ആവശ്യവും ശക്തമായി.