സ്വന്തം ലേഖകൻ
തൃശൂർ: നിരത്തുകളെ ചോരക്കളമാക്കി ചീറിപ്പായുന്ന ടിപ്പർ ലോറികൾ മൂലമുണ്ടായ അപകടങ്ങളിൽ കഴിഞ്ഞ മൂന്നുവർഷത്തിനിടെ നിരത്തുകളിൽ പൊലിഞ്ഞതു 41 മനുഷ്യജീവനുകൾ. 2015ൽ സംസ്ഥാനത്തു ടിപ്പർ ലോറികൾ മുഖേന കുട്ടികൾക്കുണ്ടായ 45 അപകടങ്ങളിൽ 21 പേർ മരിച്ചു. 2016ൽ 39 കേസുകളിലായി അഞ്ചുപേരും കഴിഞ്ഞവർഷം 30 കേസുകളിലായി 10 പേരും മരിച്ചു. ഈ വർഷം മേയ് മാസം വരെ 15 കേസുകളിലായി അഞ്ചുപേരാണ് മരണമടഞ്ഞത്.
ടിപ്പറുകളുടെ മരണപ്പാച്ചിൽ നിയന്ത്രിക്കാൻ കർശന നടപടികളുമായി പോലീസ് രംഗത്തിറങ്ങുകയാണ്. ടിപ്പർ ലോറികൾ ഉൾപ്പെടുന്ന വാഹനാപകടങ്ങളിൽ നിരവധി കുട്ടികൾ മരിക്കുകയും ഒട്ടേറെ കുട്ടികൾക്കു പരിക്കേൽക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ടിപ്പർ ലോറികൾക്കെതിരെ നടപടികൾ കർശനമാക്കുന്നത്. ഇതിന്റെ ഭാഗമായി പത്തനംതിട്ടയിൽ രണ്ടു മണിക്കൂറിൽ 177 ടിപ്പർ ലോറികൾ പരിശോധനയ്ക്കു വിധേയമാക്കുകയും നിയമം ലംഘിച്ചവർക്കെതിരേ നടപടിയെടുക്കുകയും ചെയ്തു.
സംസ്ഥാനത്തെ എല്ലായിടത്തും ടിപ്പർ ലോറികളുടെ പരിശോധനയും നിയമലംഘനത്തിനു കർശന നടപടികളും കൈക്കൊള്ളാൻ ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശം നൽകി.2015ൽ 19 പേർക്കാണ് ടിപ്പർ അപകടങ്ങളിൽ ഗുരുതര പരിക്കേറ്റത്. 14 പേർക്കു നിസാര പരിക്കേറ്റു. അടുത്ത വർഷമാകട്ടെ 24 പേർക്കു ഗുരുതരമായി പരിക്കുപറ്റി. 20 പേർക്കു ചെറിയ പരിക്കുകൾ പറ്റി.
കഴിഞ്ഞവർഷം 16 പേർക്കു ഗുരുതരമായി പരിക്കേൽക്കുകയും 10 പേർക്കു നിസാര പരിക്കുപറ്റുകയും ചെയ്തു. ഈ വർഷം മേയ് വരെ എട്ടുപേർക്കു ഗുരുതരമായും ഏഴുപേർക്ക് നിസാരമായും പരിക്കേറ്റു. മുൻവർഷങ്ങളിലെ കണക്കുകൾ വിലയിരുത്തി പരിശോധിച്ചശേഷം ഈ വർഷം കർശന നടപടികൾ ടിപ്പർ ലോറികളുടെ കാര്യത്തിൽ പോലീസ് കൈക്കൊണ്ടെങ്കിലും ഈ വർഷം മേയ് വരെയുള്ള കണക്കുകൾ അധികൃതരെ ഞെട്ടിച്ചിട്ടുണ്ട്.
ഈ പശ്ചാത്തലത്തിലാണ് ടിപ്പറുകൾക്കെതിരെ നടപടികൾ കൂടുതൽ കർശനമാക്കാൻ ഡിജിപി നിർദേശിച്ചിരിക്കുന്നത്.
സ്കൂൾസമയങ്ങളിലും മറ്റും ടിപ്പർ ലോറികളുടെ ഓട്ടം നിയന്ത്രിക്കാൻ കടുത്ത നടപടികൾ കൈക്കൊള്ളാനാണ് തീരുമാനം. ലോറികളുടെ ഫിറ്റ്നസ് സംബന്ധിച്ച പരിശോധനകൾ നടത്തുക, ടിപ്പർ ലോറി ഡ്രൈവർമാർക്കു ഗതാഗത നിയമം സംബന്ധിച്ച് ബോധവത്കരണം നടത്തുക തുടങ്ങിയ നടപടികളും കൈക്കൊള്ളും.