അടൂർ: സെൻട്രൽ ജംഗ്ഷനിൽ ഗാന്ധിസ്മൃതി മൈതാനത്തോടു ചേർന്നുള്ള ആഴമേറിയ ചപ്പാത്ത് അപകട ഭീഷണി ഉയർത്തുന്നു. മൂടിയില്ലാത്ത ഈ ഓട വാഹന യാത്രികർക്കും സമീപത്തെ ടാക്സി ഡ്രൈവർമാർക്കും ഒരുപോലെ ഭീഷണിയാണ്. കായംകുളം ഭാഗത്ത് നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് തിരിയുന്ന വൺവേ പാതയിൽ വളവിനോടു ചേർന്നുള്ള വലിയ ഓടയാണ് അ പകടഭീഷണിയായി നിലകൊള്ളുന്നത്.
ഈ ഭാഗത്ത് റോഡിന് വീതി കുറവായതിനാൽ വൻ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ആഴ്ചകൾക്ക് മുന്പ് ചപ്പാത്തിലേക്ക് ലോറി ചരിഞ്ഞ് മറിയുകയും ഗാന്ധിസ്മൃതി മൈതാനത്തിന്റെ ചുറ്റുമതിലും ആർച്ചും തകരുകയും ചെയ്തിരുന്നു.
മഴക്കാലമായതോടെ ചപ്പാത്തിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുഴിയുടെ ആഴമറിയാതെ എത്തുന്ന ഇരുചക്രവാഹനങ്ങൾ ഇവിടെ മറിഞ്ഞ് അപകടം സംഭവിക്കാനുള്ള സാധ്യതയും ഏറെയാണ്. കൂടാതെ കുഴിയിൽ മലിന ജലം കെട്ടിക്കിടന്ന് കൊതുകുകൾ പെരുകാനും ഇടയുണ്ട്.