നല്ല രീതിയില്‍, ശ്രദ്ധയമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലേയ്ക്ക് കടന്നുവന്നയാളാണ് നടി രമ്യ നമ്പീശന്‍. എന്നാല്‍ പെട്ടെന്നു തന്നെ നടി സിനിമയില്‍ നിന്ന് അപ്രത്യക്ഷയാകുന്ന കാഴ്ചയാണ് കണ്ടത്.
പിന്നീട് തമിഴിലേയ്ക്കും മറ്റും കുടിയേറിയ നടി അവിടെ ശോഭിക്കുകയും ചെയ്തു. ഇപ്പോള്‍ മലയാളികള്‍ രമ്യയുടെ പേര് ചര്‍ച്ച ചെയ്യുന്നത്, വിമന്‍ ഇന്‍ സിനിമ കളക്ടീവിലെ അംഗം, ‘അമ്മ’യ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍, ഫെമിനിസ്റ്റ് എന്നൊക്കെയുള്ള രീതിയിലാണ്.
രമ്യയുടെയും മറ്റ് മൂന്ന് നടിമാരുടെയും അമ്മ സംഘടനയില്‍ നിന്നുള്ള രാജി വയ്ക്കല്‍ വിവാദമായിരിക്കുന്ന സാഹചര്യത്തില്‍, മലയാള സിനിമ എന്തുകൊണ്ട് താനടക്കമുള്ള ചില താരങ്ങളെ ഒതുക്കുന്നുവെന്നും എന്തുകൊണ്ട് തങ്ങള്‍ക്ക് അവസരങ്ങള്‍ നഷ്ടമാവുന്നുവെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് രമ്യ നമ്പീശന്‍. ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
രമ്യ നമ്പീശനെ മലയാള സിനിമയില്‍ നിന്നും ഒതുക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യം ശരിവച്ചിരിക്കുകയാണ് താരമിപ്പോള്‍. നോ പറയണ്ടയിടത്ത് നോ പറഞ്ഞതു കൊണ്ടാണ് തനിക്ക് പല അവസരങ്ങളും നിഷേധിക്കപ്പെട്ടതെന്ന് രമ്യ നമ്പീശന്‍ പറയുന്നു.
അര്‍ഹിക്കുന്ന ശമ്പളം ചോദിച്ചതിന്റെ പേരിലും സിനിമയുടെ തിരക്കഥ ആവശ്യപ്പെട്ടതുകൊണ്ടും തനിക്ക് പല അവസരങ്ങളും നഷ്ടപ്പെട്ടെന്നും രമ്യ പറഞ്ഞു. ‘കഴിഞ്ഞ മൂന്ന് കൊല്ലമായി എനിക്ക് എന്തുകൊണ്ട് അവസരം കിട്ടുന്നില്ല?
കാരണം ഞാന്‍ എനിക്ക് അര്‍ഹിക്കുന്ന ശമ്പളം ചോദിച്ചു. പിന്നെ ഞാന്‍ തിരക്കഥ ചോദിക്കുന്നതു കൊണ്ടും. നമ്മുടെ ജോലിയോ കഴിവോ ഒന്നുമല്ല മാനദണ്ഡമെന്ന് എനിക്ക് തോന്നുന്നില്ല. നമ്മുടെ പ്രതിഷേധങ്ങളൊക്കെ അടക്കിപ്പിടിച്ചു നിന്നു കഴിഞ്ഞാല്‍ നമ്മള്‍ നല്ല കുട്ടിയാണ്’. രമ്യ പറയുന്നു.
അനീതി കണ്ട് നമ്മള്‍ പ്രതികരിച്ചാല്‍ നമ്മള്‍ ചീത്തകുട്ടിയാകും. നടി എന്നു പറയുമ്പോള്‍ ഇന്ന ആള് വേണമെന്നും ഇല്ല. നായകന്‍മാര്‍ ചോദിക്കുന്ന ശമ്പളത്തിലും വളരെ കുറച്ചേ നമ്മളും ചോദിക്കുന്നുള്ളൂ. ഞാന്‍ തിരക്കഥ ചോദിച്ചതുകൊണ്ട് എന്നെ ഒഴിവാക്കിയെന്നത് മറ്റൊരിടത്ത് നിന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി.
രമ്യ പറയുന്നു. ‘ഭയമില്ലാതെ മലയാള സിനിമയില്‍ എല്ലാവര്‍ക്കും വരാന്‍ കഴിയുന്ന അവസ്ഥ ഉണ്ടാകണം. നമ്മുടെ ടീമിലേക്ക് വന്ന ചില കുട്ടികള്‍ പറഞ്ഞതു കേള്‍ക്കുമ്പോള്‍ ഞെട്ടുകയാണ്.
അഡ്ജസ്റ്റ്മെന്റ്, കോംപ്രമൈസ് എന്നീ വാക്കുകള്‍ക്കൊന്നും ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ല. അങ്ങനെയുള്ള ഫോണ്‍ റെക്കോര്‍ഡ് കോണ്‍വര്‍സേഷനുകള്‍ വരെയുണ്ട്. പക്ഷേ അത് അങ്ങനെ അനുഭവമുണ്ടായവരുടെ സമ്മതമില്ലാതെ വെളിപ്പെടുത്താന്‍ പറ്റില്ല.
രമ്യ പറഞ്ഞു. എന്തൊക്കെ വന്നാലും താന്‍ മലയാള സിനിമ ചെയ്യും. സിനിമകള്‍ നിഷേധിക്കപ്പെടാം. എന്നുവെച്ച് താന്‍ തോറ്റുകൊടുക്കാന്‍ ഒരുക്കമല്ല. രമ്യ പറയുന്നു.