ചേർത്തല: തണ്ണീർമുക്കം ബണ്ടിലെ മണൽചിറയിലെ മണൽനിക്ഷേപത്തിന്റെ അവകാശതർക്കത്തെ തുടർന്ന് പഞ്ചായത്ത് ഭരണാധികാരികൾ ഇന്ന് കളക്ടറെ കാണും. ഷട്ടറുകൾ ഓട്ടോമാറ്റിക്കായി ഉയർത്താനുള്ള സംവിധാനം നടപ്പാക്കുന്നതൊഴിച്ചുള്ള പ്രവർത്തനങ്ങൾ പൂർത്തിയായെങ്കിലും പാലം ഇതുവരെ ഗതാഗതത്തിന് തുറന്നുകൊടുക്കാനായിട്ടില്ല. പാലം ഗതാഗതത്തിന് പൂർണ സജ്ജമായിട്ട് ഒരുമാസത്തോളം പിന്നിട്ടു.
മൂന്നാംഘട്ട ബണ്ടിന് പകരമായി ഗതാഗതത്തിനുവേണ്ടി 40 വർഷങ്ങൾക്കു മുന്പ് നിർമിച്ച മണൽച്ചിറയിലെ മണലിന്റെ പേരിലാണ് തർക്കമുയർന്നിരിക്കുന്നത്. ബണ്ട് സജ്ജമായതോടെ മണൽച്ചിറ പൊളിച്ചുമാറ്റും. ഇതിനായി പ്രഥമികപ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും തർക്കം ഉയർന്നതിനെത്തുടർന്ന് മറ്റു പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്.
മണൽച്ചിറ പൊളിച്ചാൽ മാത്രമേ ബണ്ട് പദ്ധതി പൂർണമാകുകയുള്ളൂ. ബണ്ടിനായി ആറുവർഷങ്ങൾക്ക് മുന്പ് തയ്യാറാക്കിയ എസ്റ്റിമേറ്റിൽ മണൽചിറ കരാറുകാരൻ പൊളിച്ചുമാറ്റണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാൽ ഇത് നിയമപരമല്ലെന്നും മണലിന് തങ്ങൾക്കാണ് അവകാശമെന്നും തണ്ണീർമുക്കം പഞ്ചായത്ത് വാദമുയർത്തി. ഇതിന് എല്ലാ രാഷ്ട്രീയകക്ഷികളും പിന്തുണച്ചതോടെയാണ് തർക്കം സർക്കാരിന് മുന്നിലെത്തിയത്.
പ്രശ്നം പരിഹരിക്കാൻ മന്ത്രിമാരും ജില്ലാ കളക്ടറും ഇടപെട്ട് ചർച്ചകൾ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല. തർക്കം ചർച്ചചെയ്ത് പരിഹരിക്കാൻ തണ്ണീർമുക്കം പഞ്ചായത്ത് അധികൃതർ ഇന്ന് ജില്ലാ കളക്ടറെ സന്ദർശിക്കും. കളക്ടറുമായുള്ള ചർച്ചകൾക്കുശേഷം മാത്രമേ ഇക്കാര്യത്തിൽ നിയമനടപടികളിലേക്ക് നീങ്ങുകയുള്ളൂവെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.എസ് ജ്യോതിസ് പറഞ്ഞു.