ന്യൂഡല്‍ഹി: ബുറാരിയില്‍ രാജ്യത്തെ നടുക്കിയ കൂട്ട ആത്മഹത്യ സാമ്പത്തികപ്രശ്നങ്ങളോ ഒന്നുമല്ലെന്ന് പോലീസ്. കുടുംബം ‘’കൂട്ട മോക്ഷപ്രാപ്തിക്കു’’ വേണ്ടി ഒരുമിച്ച് ആത്മഹത്യ ചെയ്തതാണെന്നതു സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ പോലീസിനു ലഭിച്ചു. ഒരു കുടുംബത്തിലെ 11 പേരാണ് ആത്മഹത്യചെയ്തത്.
ആത്മഹത്യയ്ക്ക് അര്‍ധരാത്രി ഒരുക്കം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെ പുറത്തുനിന്നുള്ളവരുടെ പിന്തുണയും പ്രേരണയും പോലീസ് തള്ളിക്കളഞ്ഞു. അടുത്തിടെ സാമ്പത്തികമായി ഏറെ പുരോഗതി പ്രാപിച്ചിരുന്നു ഈ കുടുംബം.
വീട്ടിലെ ഗ്രില്ലില്‍ കഴുത്തില്‍ കുരുക്കിട്ടു കിടന്നതിനു പിന്നാലെ കൂടുതല്‍ കരുത്തരായി ‘’പുനര്‍ജനിക്കുമെന്നായിരുന്നു’’ എല്ലാവരും കരുതിയിരുന്നതത്രേ. കുടുംബത്തിലെ തന്നെ ഒരംഗമായ ലളിത് ഭാട്ടിയയാണ് ഇത്തരമൊരു കൃത്യത്തിനു മേല്‍നോട്ടം വഹിച്ചത്.
ഏറെ നാളായി നടക്കാതിരുന്ന മുപ്പത്തിമൂന്നുകാരിയായ പ്രിയങ്കയുടെ വിവാഹവും അടുത്തിടെയാണു ശരിയായത്. ഇതെല്ലാം ഒരു അസാധാരണ ശക്തി നല്‍കിയതാണെന്നും അതിനുള്ള പ്രത്യുപകാരമായി എല്ലാവരുടെയും ജീവന് നല്‍കണമെന്നുമായിരുന്നു ലളിത് കുടുംബത്തിലെ പത്തു പേരെയും വിശ്വസിപ്പിച്ചിരുന്നത്.
ജൂണ്‍ 30നു രാവിലെയാണ് ബുറാരിയില്‍ ഒരു കുടുംബത്തിലെ 11 പേരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമായ നാരായണി ദേവി(77), ഇവരുടെ മകള്‍ പ്രതിഭ (57), ആണ്മക്കളായ ഭുവ്നേഷ് (50), ലളിത് ഭാട്ടിയ (45), ഭുവ്നേഷിന്റെ ഭാര്യ സവിത(48), ഇവരുടെ മൂന്നു മക്കളായ മീനു(23), നിധി(25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകള്‍ ശിവം(12), പ്രതിഭയുടെ മകള്‍ പ്രിയങ്ക(33) എന്നിവരാണു മരിച്ചത്.
വീടിനു മുകളിലെ ഗ്രില്ലിലായിരുന്നു എട്ടു പേര് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇതിനു നാല് സ്റ്റൂളുകള്‍ ഉപയോഗിച്ചു. രണ്ടു പേര് സമീപത്തെ അമ്പലത്തിലും ഒരു ചെറിയ സ്റ്റൂള് ഉപയോഗിച്ചു മരിച്ചു. നാരായണി ദേവി മുറിയില്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിലായിരുന്നു.
ലളിതിന്റെ ഭാര്യ ടിന ഒഴികെ ബാക്കിയെല്ലാവരുടെയും കണ്ണും മുഖവും കെട്ടിയ നിലയിലായിരുന്നു. എല്ലാവരെയും കെട്ടിയിട്ടത് ടിനയാണെന്നാണു കരുതുന്നത്.
കുടുംബത്തിലെ മുതിര്‍ന്ന അംഗം നാരായണി ദേവിയുടെ മകനാണ് ലളിത്. മരിച്ചു പോയ അച്ഛനാണു തനിക്കു നിര്‍ദേശങ്ങള്‍ തരുന്നതെന്നായിരുന്നു ഇയാള്‍ കുടുംബാംഗങ്ങളോടു പറഞ്ഞിരുന്നത്.
ആരും മരിക്കില്ലെന്ന് ഇയാള്‍ ഉറപ്പു നല്‍കിയിരുന്നതായും ഡയറിയിലെ വിവരങ്ങള്‍ പറയുന്നു. ‘’ഒരു കപ്പില്‍ വെള്ളം സൂക്ഷിക്കുക, അതിന്റെ നിറം മാറുമ്പോള്‍ ഞാന്‍ നിങ്ങളെ രക്ഷിക്കാനെത്തും’’ എന്നു പിതാവ് പറയുന്നതായി ഡയറിയുടെ അവസാന താളുകളില്‍ ലളിത് എഴുതിയിട്ടുണ്ട്.
അവസാന ‘’കര്‍മ’’വും പൂര്‍ത്തിയാക്കിയ ശേഷം, അതായത് തൂങ്ങിമരിച്ചതിനു ശേഷം, ഓരോരുത്തരും പരസ്പരം കെട്ടുകള്‍ അഴിക്കാനും ധാരണയുണ്ടായിരുന്നു. പിന്നീട് എല്ലാവരും പുനര്‍ജനിക്കുമെന്നായിരുന്നു ലളിത് കുടുംബാംഗങ്ങളെ പറഞ്ഞുവിശ്വസിപ്പിച്ചിരുന്നത്.