ചങ്ങനാശേരി: സ്വർണപ്പണിക്കാരനായ യുവാവും ഭാര്യയും ജീവനൊടുക്കിയ സംഭവം ചങ്ങനാശേരി പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും മരിച്ച സുനിലിനോടൊപ്പം ജോലി ചെയ്യുകയും പോലീസ് ചോദ്യം ചെയ്യലിന് വിധേയനാവുകയും ചെയ്ത രാജേഷിന്റെ മൊഴിയും നിർണായകമാകും.
ചങ്ങനാശേരി പോലീസ് സ്റ്റേഷനിലെ മൂന്ന് സിസിടിവി ദൃശ്യങ്ങളും പോലീസ് അന്വേഷണത്തിന് വിധേയമാക്കും. ഇതിനായി സിസിടിവിയിലെ ചിത്രങ്ങൾ സമാഹരിച്ചുകഴിഞ്ഞു. കേസിന്റെ അന്വേഷണ ചുമതലയുള്ള ഡിസിആർഡി ഡിവൈഎസ്പി പ്രകാശൻ പടന്നയ്ക്ക് സിസിടിവി ദൃശ്യങ്ങൾ കൈമാറുമെന്ന് കോട്ടയം എസ്പി ഹരിശങ്കർ പറഞ്ഞു.
ഇന്നു തന്നെ രാജേഷിന്റെ മൊഴിയെടുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിസിടിവി ദൃശ്യങ്ങളിൽനിന്നും രാജേഷിന്റെ മൊഴിയിൽനിന്നും ചങ്ങനാശേരി എസ്ഐ ഷെമീർ ഖാൻ സുനിലിനെയും രാജേഷിനെയും മർദിച്ചിട്ടുണ്ടോയെന്ന വിവരം മനസിലാക്കാൻ കഴിയും. ചോദ്യം ചെയ്യൽ നടത്തിയിട്ടുണ്ടെന്നും മർദിച്ചിട്ടില്ലെന്നുമാണ് എസ്ഐയിൽനിന്നും പ്രാഥമിക വിവരം ലഭിച്ചിട്ടുള്ളതെന്നുമാണ് ജില്ലാ പോലീസ് മേധാവി പറയുന്നത്.
അഭിഭാഷകനായ സജികുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തത്. ദീർഘനേരം ചോദ്യം ചെയ്തതിനുശേഷം സ്വർണം എടുത്തിട്ടുണ്ടെന്ന് ഇരുവരും സമ്മതിച്ചിട്ടുണ്ട്. ഈ സമ്മതത്തിന്റെ അടിസ്ഥാനത്തിൽ സ്വർണത്തിന്റെ പണം ഇന്നലെ വൈകുന്നേരം നാല്കാമെന്ന് എഴുതി വയ്പിക്കുകയാണ് ചെയ്തതെന്നും എസ്ഐ പറഞ്ഞതായി ജില്ലാ പോലീസ് മേധാവി കൂട്ടിച്ചേർത്തു.
പോലീസ് അന്വേഷണം തുടങ്ങി
ചങ്ങനാശേരി: ചങ്ങനാശേരിയിലെ സിപിഎം മുനിസിപ്പൽ കൗൺസിലറുടെ സ്വർണപ്പണിശാലയിൽനിന്നും സ്വർണം നഷ്ടപ്പെട്ടുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ചങ്ങനാശേരി പോലീസ് സ്റ്റേഷനിൽ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടതിന്റെ പേരിൽ സ്വർണപ്പണിക്കാരനായ യുവാവും ഭാര്യയും ജീവനൊടുക്കിയ സംഭവം പോലീസ് അന്വേഷണം ആരംഭിച്ചു.
കോട്ടയം എസ്പി ഹരിശങ്കറിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം. ബിസിആർബി ഡിവൈഎസ്പി പ്രകാശൻ പടന്നയിലിനാണ് അന്വേഷണ ചുമതല. ചങ്ങനാശേരി പുഴവാത് ഇല്ലംപള്ളി സുനിൽ കുമാർ (സുനി-31), ഭാര്യ രേഷ്മ(24) എന്നിവരാണ് വാകത്താനം കണ്ണൻചിറയ്ക്കടുത്തുള്ള പാണ്ടൻചിറയിലെ വാടക വീട്ടിൽ വിഷം ഉള്ളിൽചെന്ന് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെയായിരുന്നു സംഭവം. ഇവരുടെ മൃതദേഹങ്ങൾ ഇന്ന് രാവിലെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇൻക്വസ്റ്റ് തയാറാക്കിയശേഷം പോസ്റ്റുമോർട്ടം നടത്തും.പോലീസ് മർദനം ആരോപിക്കപ്പെട്ടതുമൂലം പാലാ ആർഡിഒയുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് തയാറാക്കുന്നത്.
പോസ്റ്റുമോർട്ടനടപടികൾക്കായി ഡോക്ടർമാരുടെ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ട നടപടികൾ വീഡിയോയിൽ പകർത്താനും നടപടി സ്വീകരിച്ചിട്ടുണ്ട്.
ഇൻക്വസ്റ്റിന്റെയും പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെയും ഫലം വന്നതിനുശേഷമേ സുനിലിന്റെ ശരീരത്തിൽ മർദനം ഏറ്റിട്ടുണ്ടോയെന്നും ഏതു വിഷമാണ് ഉള്ളിൽ ചെന്നതെന്നും സ്ഥിരീകരിക്കാനാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.
ചങ്ങനാശേരിയിലെ അഭിഭാഷകനും സിപിഎം അംഗവും നഗരസഭയുടെ 26-ാം വാർഡിലെ കൗൺസിലറുമായ ഇ.എ. സജികുമാറിന്റെ സ്ഥാപനത്തിലെ സ്വർണപ്പണിശാലയിലെ സ്വർണപ്പണിക്കാരനായിരുന്നു ഇല്ലംപള്ളി സുനിൽ കുമാറും സുഹൃത്ത് രാജേഷും.
തന്റെ സ്ഥാപനത്തിൽ സ്വർണപ്പണിക്കായി നൽകിയ സ്വർണത്തിൽ കുറവ് വരുന്നതായി സജികുമാർ മനസിലാക്കി. ഇക്കാര്യം സജി കുമാർ സുനിലിനെയും രാജേഷിനേയും വിളിച്ചു ചോദിച്ചു.
400 ഗ്രാം സ്വർണം കുറവു വന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ സജികുമാർ കഴിഞ്ഞ തിങ്കളാഴ്ച ചങ്ങനാശേരി പോലീസിൽ പരാതി നൽകി. ചൊവ്വാഴ്ച ചങ്ങനാശേരി എസ്ഐ ഷെമീർഖാൻ സുനിലിനെയും രാജേഷിനെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി.
മണിക്കൂറുകളോളം ഇരുവരെയും ചോദ്യം ചെയ്യുകയും നഷ്ടപ്പെട്ട സ്വർണത്തിന്റെ പണമായ എട്ടുലക്ഷം രൂപ തിരികെ നൽകണമെന്നാവശ്യപ്പെട്ട് മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇന്നലെ വൈകുന്നേരം അഞ്ചിനകം നഷ്ടപ്പെട്ട സ്വർണത്തിന്റെ തുക പോലീസ് സ്റ്റേഷനിലെത്തിച്ചുകൊള്ളാമെന്ന് എസ്ഐ എഴുതി വയ്പിച്ചിരുന്നു.
ഈ സമയത്ത് സ്റ്റേഷനിൽ പരാതിക്കാരനും സിപിഎം അംഗവുമായ സജി കുമാറും ഉണ്ടായിരുന്നു. കൃത്യസമയത്ത് പണം നൽകാൻ സാധിക്കാതെ വന്നതിൽ മനം നൊന്താണ് സുനിൽ കുമാറും ഭാര്യ രേഷ്മയും വിഷം കഴിച്ച് ജീവനൊടുക്കിയത്.
“മരിക്കുകയല്ലാതെ ഞങ്ങൾക്ക് നിർവാഹമില്ല’
ചങ്ങനാശേരി: ഞങ്ങൾക്ക് മരിക്കുകയല്ലാതെ നിർവാഹമില്ല. ഞങ്ങളുടെ മരണത്തിനു കാരണം അഭിഭാഷകനായ സജികുമാറാണ്. സ്വർണാപഹരണം ആരോപിക്കപ്പെട്ട് പോലീസ് പീഡനമേറ്റതിനേ തുടർന്ന് ജീവനൊടുക്കിയ പുഴവാത് ഇല്ലംപള്ളിൽ സുനിൽകുമാർ(സുനിൽ), ഭാര്യ രേഷ്മ എന്നിവർ ചേർന്നെഴുതിയ ആത്മഹത്യാക്കുറിപ്പിൽ നിന്നുള്ള ഭാഗമാണിത്.
രേഷ്മയാണ് ഒരുപുറത്തിലുള്ള ആത്മഹത്യാക്കുറിപ്പ് എഴുതിയിരിക്കുന്നത്. “”കഴിഞ്ഞ കുറേവർഷങ്ങളായി എന്റെ ഭർത്താവ് സുനിൽകുമാർ അഭിഭാഷകനും മുനിസിപ്പൽ കൗണ്സിലറുമായ സജികുമാറിന്റെ വീട്ടിലെ സ്വർണപ്പണിക്കാരനാണ്. സ്വർണം നഷ്ടമായെന്ന് കാണിച്ച്സജികുമാർ ചങ്ങനാശേരി പോലീസിൽ പരാതി നൽകി.
എസ്ഐ എന്റെ ചേട്ടനെ മർദിക്കുകയും സ്വർണത്തിന്റെ തുകയായ എട്ടുലക്ഷം രൂപ നൽകണമെന്ന് എഴുതി വയ്പിക്കുകയും ചെയ്തു. ഈ പണം കൊടുക്കാൻ ഞങ്ങൾക്ക് നിർവാഹമില്ല. അതിനാൽ മരിക്കുകയല്ലാതെ നിർവാഹമില്ല.” ഇവർ വിഷം ഉള്ളിൽചെന്ന് അബോധാവസ്ഥയിൽക്കിടന്ന വാകത്താനം പാണ്ടൻചിറയിലെ വാടകവീട്ടിലുള്ള കട്ടിലിൽ നിന്നാണ് ഈ കുറിപ്പ് പോലീസിന് ലഭിച്ചത്.
ചങ്ങനാശേരി ഡവൈഐസ്പി സുരേഷ്കുമാർ സംഭവസ്ഥലം സന്ദർശിച്ച് പരിശോധനകൾ നടത്തി.രണ്ട് ഗ്ലാസുകളിലായി വിഷം കലർന്ന പാനീയവും കട്ടിലിന്റെ സമീപത്തുനിന്നും പോലീസ് കണ്ടെത്തി. ഈ വീട് സീൽചെയ്ത് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
ആരോപണം അടിസ്ഥാനരഹിതം: നഗരസഭാ കൗൺസിലർ
ചങ്ങനാശേരി: തനിക്കെതിരേയുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നും താന്റെ ജീവനക്കാരായ സുനിൽ കുമാറിനെയും രാജേഷിനെയും മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നും ചങ്ങനാശേരി നഗരസഭ കൗൺസിലറും സിപിഎം നേതാവും അഭിഭാഷകനുമായ ഇ.എ. സജികുമാർ.
തന്റെ സ്വർണപ്പണിശാലയിൽനിന്നു സ്വർണം മോഷണം പോകുന്നതായും ഈ സ്വർണം കൊണ്ട് നിർമിച്ച ആഭരണങ്ങൾ കോട്ടയത്തെയും തിരുവല്ലയിലെയും ചില സ്വർണക്കടകളിൽ എത്തുന്നുണ്ടെന്നുമുള്ള ഊമക്കത്ത് തനിക്ക് ലഭിച്ചിരുന്നു.
ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് താൻ സുനിലിനെയും രാജേഷിനെയും വിളിച്ച് കാര്യങ്ങൾ ചോദിച്ചത്. നഷ്ടപ്പെട്ട സ്വർണം തിരികെ കിട്ടുന്നതിനുവേണ്ടിയാണ് താൻ പോലീസിൽ പരാതി നൽകിയത്.