ന്യൂഡൽഹി: കുഴൽക്കിണറിൽ വീണ് രണ്ടുവയസുകാരൻ മരിച്ച സംഭവത്തിന്റെ ആഘാതം മാറുംമുന്പേ വീണ്ടും മറ്റൊരു കുഴൽക്കിണർ അപകടം. ഹരിയാണ കർണാലിലെ ഗരൗന്ധയിലാണ് അപകടമുണ്ടായത്.
ഗരൗന്ധ ഹർസിങ്പുര ഗ്രാമത്തിലെ ശിവാനിയെന്ന അഞ്ചുവയസുകാരിയാണ് കുഴൽക്കിണറിനായി എടുത്തിരുന്ന കുഴിയിൽ വീണത്. ഇന്നലെ രാത്രി 9.30ഓടെയാണ് സംഭവം. 20 അടിയിൽ കുടങ്ങിയ കുട്ടി പിന്നീട് അന്‍പതടിയോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. തലകീഴായാണ് കുട്ടി കുടുങ്ങിക്കിടക്കുന്നത്.
കുട്ടിയുടെ കാൽ കാണാൻ കഴിയുന്നുണ്ടെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ രാവിലെയും തുടരുകയാണെന്ന് വാർത്താഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. കുട്ടിക്ക് ഓക്സിജൻ നൽകുന്നുണ്ട്. രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്തനിവാരണ സേന രംഗത്തുണ്ട്.
ഒക്ടോബർ 25-നാണ് തിരുച്ചിറപ്പള്ളിയിലെ നാടുകാട്ടുപ്പെട്ടിയിൽ സുജിത് വിൽസണ്‍ എന്ന രണ്ടുവയസ്സുകാരൻ കുഴൽക്കിണറിൽ വീണത്. 25-ന് വൈകിട്ട് കുഴൽക്കിണറിൽ വീണ കുട്ടിയെ പുറത്തെടുക്കാൻ നാലുദിവസത്തോളം നീണ്ട രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ശ്രമങ്ങളെല്ലാം വിഫലമാവുകയായിരുന്നു.
സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് നൂറടിയോളം താഴ്ചയിൽ വീണ കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. തുടർന്ന് ഒക്ടോബർ 29-ന് പുലർച്ചെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു.