ന്യൂഡൽഹി: കോവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന സഹോദരിയുടെ തിരിച്ചുവരവ് ആഘോഷമാക്കി അനുജത്തി. കോവിഡ് ചികിൽസയ്ക്കുശേഷം മടങ്ങിയെത്തിയ സഹോദരിയെ നൃത്തം ചെയ്തു സ്വീകരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
പൂനൈയിലെ ധൻകവാഡി സ്വദേശിയായ 23കാരി സലോനി സത്പുതാണ് തെരുവിൽ നൃത്തം ചെയ്ത് സഹോദരി സ്നേഹലിനെ സ്വീകരിച്ചത്.
രണ്ടു മിനിട്ട് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പിൽ സലോനി വീടിനു വെളിയിൽ നിൽക്കുന്നതാണു തുടക്കത്തിൽ കാണിക്കുന്നത്. വീട്ടിലേക്കുള്ള വഴിയിലേക്കു തിരിയുന്ന സഹോദരിയെ കാണുമ്പോൾ തന്നെ യുവതി പാട്ട് പ്ലേ ചെയ്ത് ഡാൻസ് ചെയ്യുകയായിരുന്നു.
2011ൽ പുറത്തിറങ്ങിയ ചില്ലർ പാർട്ടി എന്ന ചിത്രത്തിലെ ‘ഹാത് ജാ രേ ചോക്രേ ‘എന്ന ഗാനത്തിനാണ് പെൺകുട്ടിയും സഹോദരിയും ചുവടുവെച്ചത്. ബാഗുപോലും താഴെ വെക്കാതെ നൃത്തം ചെയ്ത ചേച്ചിയെ പിന്നീട് വീട്ടിലേക്ക് ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നുമുണ്ട്.
നൃത്തത്തിനു പിന്നിൽ ഒരു കാരണവുമുണ്ട്. സലോനി ഒഴികെ വീട്ടിലുള്ളവർക്കെല്ലാം കോവിഡ് ബാധിച്ചിരുന്നു. ഇതോടെ സലോനി വീട്ടിൽ ഒറ്റപ്പെട്ടു. അയൽക്കാർ ആരും സഹായത്തിനെത്തിയില്ല.
ഈ പ്രതിസന്ധി സമയത്ത് കുടുംബത്തെ ഒറ്റപ്പെടുത്തിയ അയൽക്കാർക്കുള്ള സന്ദേശം കൂടിയായിരുന്നു സലോനിയുടെ നൃത്തമെന്ന് സ്നേഹൽ പറഞ്ഞു.
കോവിഡ് 19 രോഗം ഭേദമായി വന്ന ചേച്ചിക്ക് അനുജത്തി നൽകിയ സ്വീകരണമെന്ന കുറിപ്പോടെ ദീപാൻഷു കബ്ര എന്ന ഐപിഎസ് ഓഫീസർ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ ആണിത്.
സൗഹാർദവും സ്നേഹവും പ്രസരിപ്പും നിറഞ്ഞുനിൽക്കുന്ന കുടുംബത്തിൽ ഒരു മഹാമാരിക്കും പുഞ്ചിരിയുടെ ഒരു നാനോമീറ്റർ പോലും കുറക്കാനാകില്ല എന്ന അടിക്കുറിപ്പോടെയാണ് ട്വീറ്റ്.
ഞായറാഴ്ച വീഡിയോ ട്വിറ്ററിൽ പോസ്റ്റു ചെയ്തതിനു പിന്നാലെ 30,000 പേരാണ് ഇതു കണ്ടത്. നൂറിലധികം റീട്വീറ്റും കമന്റും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. മാസ്ക് വയ്ക്കാതെ ഡാൻസ് ചെയ്ത പെൺകുട്ടിയെ ചിലർ വിമർശിക്കുന്നുമുണ്ട്.