പെര്‍ത്ത്: ഓസ്ട്രേലിയയിലെ പെര്‍ത്തിലുള്ള ഒരു മദ്യവിൽപനശാലയിൽ നടന്ന മോഷണശ്രമം സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്.
കവർച്ച തടഞ്ഞ ബാർ ജീവനക്കാരിയാകട്ടെ താരവുമായി. ഒരു പെട്ടി മദ്യമാണ് ഷോപ്പിൽനിന്നു യുവാവ് കടത്താൻ ശ്രമിച്ചത്.
മദ്യശാലയിൽ തിരക്കില്ലാത്ത സമയത്തായിരുന്നു സംഭവം. കാഷ്യറായ പ്രായമുള്ള ഒരു സ്ത്രീ മാത്രമായിരുന്നു ഈ സമയം ഷോപ്പിലുണ്ടായിരുന്നത്.
ഒരു പെട്ടി മദ്യമെടുത്തു പണമടയ്ക്കാനെന്ന വ്യാജേന ബില്‍ കൗണ്ടറിലേക്കു യുവാവ് വരുന്നു. കൗണ്ടറിനു മുന്നിലെത്തിയ ഇയാൾ പെട്ടെന്നു പുറത്തേക്കുള്ള വാതിൽ ലക്ഷ്യമാക്കി ഓടുന്നു.
ഇതെത്ര താൻ കണ്ടതാണെന്ന മട്ടിൽ ജീവനക്കാരി ഓട്ടോമാറ്റിക് ഡോര്‍ ക്ലോസ് ചെയ്യുന്നു. വാതിൽ തുറക്കാൻ കഴിയാതെ മോഷ്ടാവ് തിരികെ കൗണ്ടറിലെത്തി മദ്യപ്പെട്ടി കാഷ്യറുടെ മുന്നിൽ വച്ചശേഷം താനൊന്നും അറിഞ്ഞില്ലേ എന്ന ഭാവത്തിൽ പുറത്തേക്കു നടക്കുന്നു.
പാവം പൊയ്ക്കോട്ടെ എന്നു കരുതി ഇതിനിടെ ജീവനക്കാരി വാതിൽ തുറന്നും കൊടുക്കുന്നു.ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ ജീവനക്കാരിക്ക് അഭിനന്ദനപ്രവാഹമായിരുന്നു. എന്നാൽ, ജീവനക്കാരി കാണിച്ചത് ബുദ്ധിമോശമാണെന്ന വിലയിരുത്തലും ചിലർ നടത്തി.
കവർച്ചക്കാരന്റെ കൈവശം തോക്കോ മറ്റ് ആയുധങ്ങളോ ഉണ്ടായിരുന്നെങ്കില്‍ എന്താകും സംഭവിക്കുക എന്ന ആശങ്കയാണ് അവർ പങ്കുവച്ചത്.
അത്രയും വലിയൊരു ലിക്വര്‍ ഷോപ്പില്‍ ഒരു സെക്യൂരിറ്റി ജീവനക്കാരന് പോലും ഇല്ലാതിരുന്നതു ഗുരുതരമായ സുരക്ഷാവീഴ്ചയായും വിലയിരുത്തപ്പെട്ടു. കവർച്ചക്കാരനെ കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചിട്ടുണ്ട്.