തന്റെ വിലകേട്ട് കട്ടന്‍ചായക്കു പോലും അഭിമാനം തോന്നുന്നുണ്ടാകും ! അനുശ്രീയ്ക്ക് പിന്നാലെ പണികിട്ടിയത് കാമറാമാന്‍ സുജിത് വാസുദേവിന്; വെറുമൊരു കട്ടന്‍ചായയെന്നു കരുതി കുടിച്ചതാ… ബില്ലു വന്നപ്പോള്‍ 100 രൂപ

ഹോട്ടലുകാരുടെ കഴുത്തറപ്പന്‍ ബില്ല് കണ്ട് സിനിമാ താരങ്ങളുടെ വരെ കണ്ണു തള്ളുന്ന കാലമാണിത്. രാജ്യാന്തര വിമാനത്താവളത്തില്‍ വച്ച് നടി അനുശ്രീയ്ക്ക് ഭക്ഷണ വിലയുടെ പേരില്‍ എട്ടിന്റെ പണി കിട്ടിയത് കഴിഞ്ഞ വര്‍ഷമാണ്. പഫ്‌സ് ഒന്നിന് 250 രൂപയും ചായക്ക് 80 കാപ്പിക്ക് നൂറ്. ആകെ രണ്ട് പഫ്‌സിനും ഒരു കാപ്പിക്കും ഒരു കട്ടന്‍ കാപ്പിക്കും കൂടി അനുശ്രീ കൊടുക്കേണ്ടി വന്നത് 680 രൂപ. ഭക്ഷണ വിലയുടെ പേരില്‍ നടക്കുന്ന പകല്‍ക്കൊള്ള അന്ന് വലിയ വാര്‍ത്തയായിരുന്നു. അനുശ്രീ തനിക്കുണ്ടായ അനുഭവം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പുറത്ത് കൊണ്ടുവന്നത്.

ഭക്ഷണ വിലയുടെ പേരിലുള്ള കൊള്ളയ്ക്ക് സംസ്ഥാനത്ത് ഇപ്പോഴൂം മാറ്റമില്ലെന്ന് തെളിയിക്കുകയാണ് ക്യാമറാമാന്‍ സുജിത് വാസുദേവിന് ഉണ്ടായ അനുഭവം. കൊച്ചയിലെ ഒബ്‌റോണ്‍ മാളിലെ പിവിആര്‍ ഫുഡ് കൗണ്ടറില്‍ നിന്ന് ഒരു കട്ടന്‍ചായ കുടിച്ചതിന് സുജിത്തിന് നല്‍കേണ്ടി വന്നത് നൂറ് രൂപ. ഫില്‍ട്ടര്‍ കോഫി എന്ന ഓമനപ്പേരിട്ടാണ് ഈ കൊള്ള നടത്തുന്നതെന്ന് സുജിത് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഒരു ഗ്ലാസ് ചുടുവെള്ളം, അഞ്ച് രൂപയുടെ പരമാവധി രണ്ട് സാഷെ ചായപ്പൊടി, അല്‍പ്പം പഞ്ചസാര എന്നിവ ചേര്‍ത്തുണ്ടാക്കുന്ന കട്ടന്‍ചായക്കാണ് ഈ കൊള്ളവില ഈടാക്കുന്നതെന്നും സുജിത് കൂട്ടിച്ചേര്‍ത്തു. ഈ കൊള്ള അനുവദിക്കരുതെന്നും സുജിത് ആവശ്യപ്പെട്ടു. എന്തായാലും തന്റെ വില കേട്ട് കട്ടന്‍ചായ അഭിമാനം കൊള്ളുന്നുണ്ടാകും.

 

Related posts