കൊല്ലം :പോലീസിനെ ആക്രമിച്ച് വിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ പോലീസ് പുലർച്ചയോടെ പൊക്കി. കരിക്കോട് പൗർണമി നഗർ തട്ടാൻതറ വീട്ടിൽ ഗോപുആണ് പിടിയിലായത്.
ഇന്നലെ രാവിലെ പതിനൊന്നോടെയാണ് ഇയാൾ പോലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപെട്ടത്. ഗോപു ഉൾപ്പടെ മൂന്നുപേരെ സ്ത്രീത്വത്തെ അപമാനിച്ച സംഭവവുമായി ബന്ധപ്പെട്ട് കിളികൊല്ലൂർ പോലീസ് കേസെടുത്തിരുന്നു.
ഒന്നാംപ്രതികേസിൽ ജാമ്യമെടുത്തിരുന്നു. എന്നാൽ ഗോപു ജാമ്യമെടുക്കാത്തതിനാൽ ഇയാൾക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചു.
പോലീസ് ഇന്നലെ ഇയാളെ കസ്റ്റഡിയിലെടുത്ത് വിലങ്ങുവച്ച് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാനായി വാഹനം കാത്തുനിൽക്കുന്നതിനിടയിൽ പോലീസുകാരെ തളളി മാറ്റിയശേഷം വിലങ്ങുമായി രക്ഷപെടുകയായിരുന്നു.
പുലർച്ചയോടെ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ണനല്ലൂരിൽവച്ചാണ് ഗോപുവിനെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിൽനിന്ന് ഓടിപോയതിനും പോലീസുകാരുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും രണ്ട് വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതെന്ന് കിളികൊല്ലൂർ സിഐ പറഞ്ഞു.