ആരാധനാ മൂര്‍ത്തിയില്‍ വിശ്വാസമുള്ളവരെ മതത്തിന്റെ പേരില്‍ ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതില്‍നിന്നു വിലക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി.
തിരുവട്ടാര്‍ ക്ഷേത്രത്തിലെ കുംഭാഭിഷേക മഹോത്സവത്തില്‍ പങ്കെടുക്കുന്നതില്‍നിന്ന് അഹിന്ദുക്കളെ വിലക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസുമാരായ പിഎന്‍ പ്രകാശും ആര് ഹേമലതയും തള്ളി.
കുംഭാഭിഷേകത്തില്‍ പങ്കെടുക്കുന്നതിന് ജാതിമത ഭേദമെന്യേ ആളുകളെ ക്ഷണിച്ചുകൊണ്ട് പുറത്തിറക്കിയ ക്ഷണക്കത്തിനെ ചോദ്യം ചെയ്ത് സി സോമന് എന്നയാളാണ് കോടതിയെ സമീപിച്ചത്.
ക്ഷണിക്കപ്പെട്ടിട്ടുള്ള മന്ത്രി ക്രിസ്തുമത വിശ്വാസിയാണെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കടുത്ത വിമര്‍ശനത്തോടെയാണ് കോടതി ഹര്‍ജി തള്ളിയത്.
കുംഭാഭിഷേകം പോലെയുള്ള ഒരു ഉത്സവത്തിന് വരുന്നവരുടെ മതം എങ്ങനെ പരിശോധിക്കുമെന്ന് കോടതി ആരാഞ്ഞു.
ഏതു മതത്തില്‍ പെട്ടയാള്‍ ആയാലും ആരാധനാമൂര്‍ത്തിയില്‍ വിശ്വാസമുണ്ടെങ്കില്‍ എങ്ങനെയാണ് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍നിന്നു തടയാനാവുക? ക്രിസ്ത്യാനിയായ യേശുദാസ് പാടിയ ഭക്തിഗാനങ്ങള്‍ എത്രയെത്ര ക്ഷേത്രങ്ങളിലാണ് കേള്‍പ്പിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
വേളാങ്കണ്ണി പള്ളിയിലും നാഗൂര് ദര്‍ഗയിലും ഹിന്ദുക്കളും പോവാറുണ്ടെന്ന് കോടതി പറഞ്ഞു.