ലോകത്തിലെ ഏതെങ്കിലും ഒരു വികാരത്തെ അതിന്റെ എല്ലാ തീവ്രതകളോടും കൂടെ തന്റെ കാമറയില്‍ പകര്‍ത്തുന്നയാളാണ് യഥാര്‍ത്ഥ ഫോട്ടോഗ്രാഫര്‍. ഇത്തരത്തില്‍ കാമറക്കണ്ണിലൂടെ താന്‍ കണ്ട ഒരു മനോഹര കാഴ്ചയെ വര്‍ണ്ണിച്ചുകൊണ്ട് ജിഎംബി ആകാശ് എന്ന ഫോട്ടോഗ്രാഫര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. കണ്ണുനീരിന്റെ അകമ്പടിയോടെയല്ലാതെ വായിച്ചുതീര്‍ക്കാനാവില്ല എന്നതാണ് ഈ കുറിപ്പിനെ വ്യത്യസ്തമാക്കുന്നത്. ഒരു അച്ഛന്റെ ചെറിയൊരു ആഗ്രഹം. അത് സാധിച്ച ദിവസം. അതാണ് ഈ കുറിപ്പിന് ആധാരം. ചിത്രത്തില്‍ കാണുന്ന എംടി കൗസര്‍ ഹുസ്സൈന്‍ എന്ന അച്ഛന് തന്നെ പറയുന്ന രീതിയിലാണ് ആകാശ് കുറിപ്പെഴുതിയിരിക്കുന്നത്. അതിങ്ങനെയാണ്.
“രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം എന്റെ മകള്‍ക്കൊരു പുതിയ ഉടുപ്പ് വാങ്ങിക്കൊടുക്കാന്‍ സാധിച്ചു. ഏതാനും ചില്ലറത്തുട്ടുകള്‍ കടക്കാരന് കൈമാറിയപ്പോള്‍ ഭിക്ഷക്കാരനാണല്ലേ എന്ന ഭാവത്തോടെ അയാളെന്നെ പുച്ഛിച്ചു. എനിക്കുടുപ്പ് വേണ്ട എന്ന് പറഞ്ഞ് എന്റെ മോളെന്നെ പിടിച്ചുവലിച്ചു. അവളുടെ കണ്ണുനീര് ഞാനെന്റെ ഒറ്റക്കൈകൊണ്ട് തുടച്ചുകൊടുത്തു. അതെ ആ കടക്കാരന് ചോദിച്ചതുപോലെ ഞാനൊരു ഭിക്ഷക്കാരനാണ്. ഭിക്ഷയെടുത്ത് ജീവിക്കേണ്ടി വരുമെന്ന് ഞാനെന്റെ സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടില്ല. പക്ഷേ അത് വേണ്ടി വന്നു. പത്ത് വര്‍ഷം മുമ്പുണ്ടായ അപകടത്തിലാണ് എനിക്ക് വലതുകൈ നഷ്ടപ്പെട്ടത്. എന്റെ ഇളയമകന് എന്നോട് ചോദിക്കും. അച്ഛന് ഒരു കൈ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന്.
ഒരു കൈ കൊണ്ട് അച്ഛനൊന്നും ചെയ്യാന്‍ പറ്റില്ല എന്നു പറഞ്ഞ് എന്റെ മകളാണ് ദിവസവും ഭക്ഷണം വാരിത്തരുന്നത്. രണ്ട് വര്ഷങ്ങള്ക്ക്ുശേഷമാണ് എന്റെ മകള്‍ ഒരു പുതിയ ഉടുപ്പിടുന്നത്. ഇത് ഞങ്ങളൊന്ന് ആഘോഷിക്കാന്‍ തന്നെ തീരുമാനിച്ചു. അതുകൊണ്ട് ഇന്ന് ഭിക്ഷയെടുക്കാന്‍ പോവുന്നത് വരെ മാറ്റിവച്ചു. അവളുടേതായി ഒരു ഫോട്ടോ പോലുമില്ല. അതുകൊണ്ടാണ് അയല്‍വാസിയുടെ ഫോണ്‍ വാങ്ങിച്ച് മോളുടെ ഒരു ഫോട്ടോയെടുക്കാന്‍ തീരുമാനിച്ചത്. കുട്ടികളെ സ്കൂളിലയക്കാന് എനിക്ക് ബുദ്ധിമുട്ടാണ്. പണം തന്നെ പ്രശ്നം. എങ്കിലും ഞാനവരെ സ്കൂളിലയയ്ക്കുന്നുണ്ട്. എന്നാല്‍ പരീക്ഷാഫീസ് കൊടുക്കാന്‍ സാധിക്കാതെ വരുന്നതിനാല്‍ ചില സമയങ്ങളില്‍ അവര്‍ക്ക് പരീക്ഷയെഴുതാന്‍ കഴിയാറില്ല. അതവര്‍ക്ക് വലിയ സങ്കടമാണ്.
എന്തെങ്കിലുമൊക്കെ പറഞ്ഞ് ഞാനവരെ ആശ്വസിപ്പിക്കും. ഒന്നും കിട്ടാത്ത ദിവസങ്ങളില്‍ ഇങ്ങനെ ജീവിക്കുന്നതിലും ഭേദം മരിത്തുന്നതാണെന്ന് തോന്നും. പക്ഷേ രാത്രിയില്‍ മക്കള്‍ എന്റെ ചൂടുപറ്റി ഉറങ്ങുന്നതു കാണുമ്പോള്‍ എങ്ങനെയും ജീവിക്കണമെന്ന് ഉറപ്പിക്കും. എന്നെ ഒറ്റക്ക് ഭിക്ഷ യാചിക്കാന്‍ വിടാന്‍ മോള്‍ക്ക് പേടിയാണ്. ഇനിയും അപകടം സംഭവിക്കുമോ എന്ന ഭയമാണ്. മിക്കപ്പോഴും അവളെന്റെ കൂടെ വരും. സിഗ്നല്‍ പോസ്റ്റിലോ മറ്റോ അവളെ സുരക്ഷിതമായി ഇരുത്തിയിട്ട് ഞാന്‍ ഭിക്ഷ യാചിക്കാനായി പോവും. ഞാന്‍ ആളുകളുടെ കൈയ്യില്‍ കൈനീട്ടുന്നത് കണ്ട് അവള് തല താഴ്ത്തിയിരിക്കും. ആ സമയത്ത് അവളുടെ കണ്ണിലേക്ക് ഞാന്‍ നോക്കാറില്ല. എന്നാല്‍ ഇന്നത്തെ ദിവസം വളരെ വ്യത്യസ്തമാണ്. കാരണം ഇന്നവള്‍ വലിയ സന്തോഷത്തിലാണ്. ഇന്നവളുടെ അച്ഛനൊരു ഭിക്ഷക്കാരനല്ല, മറിച്ച് രാജാവാണ്. എന്റെ മോള് ഒരു രാജകുമാരിയും.