കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രി പരിസരം ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമാകുന്നു. കഴിഞ്ഞ ഒന്നര മാസത്തിനിടെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി പരിസരത്തുനിന്നു നാലു തവണയാണ് പെരുന്പാന്പുകളെ പിടികൂടിയത്.
കഴിഞ്ഞ തവണ മെഡിക്കൽ വാർഡിന്റെ പരിസരത്തു നിന്നായിരുന്നുവെങ്കിൽ ഇത്തവണ പാമ്പിനെ കണ്ടതു പ്രസവവാർഡിന്റെ പരിസരത്താണ്. നാലു തവണ പിടികൂടിയതിൽ പെരുമ്പാമ്പിൻ കുഞ്ഞുങ്ങളും ഉൾപ്പെടും. വ്യാഴാഴ്ച രാത്രിയിലാണ് ഏറ്റവും ഒടുവിൽ പാമ്പിനെ പിടികൂടിയത്.
പ്രസവ വാർഡിൽ
പ്രസവവാർഡിനുള്ളിലേക്ക് ഇഴഞ്ഞ നീങ്ങിയ പാമ്പിനെ കൂട്ടിരിപ്പുകാരാണ് ആദ്യം കണ്ടത്. ഇവർ തുടർന്ന് ആശുപത്രിയിൽത്തന്നെ പ്രവർത്തിക്കുന്ന പോലീസ് എയ്ഡ് പോസ്റ്റിൽ വിവരമറിയിച്ചു.
എയ്ഡ് പോസ്റ്റിലെ എഎസ്ഐ സന്തോഷ് കുമാർ പിന്നീട് വനപാലകരെ വിവരമറിയിക്കുകയും ഇവരെത്തി പാമ്പിനെ കൊണ്ടുപോവുകയുമായിരുന്നു. പാമ്പിനെ പിടികൂടുന്നതു പതിവായതോടെ രോഗികൾക്കും കൂട്ടിരുപ്പുകാർക്കും പുറമെ ജീവനക്കാരും ഭീതിയിലാണ്.
കാടു തെളിക്കണം
ഒന്നിലേറെ പാന്പുകളെ കണ്ടത്തിയ സാഹചര്യത്തിൽ ഇനിയും ഇവിടെ പാമ്പുകൾ ഉണ്ടാകുമെന്നാണ് വനപാലകരും പറയുന്നത്. ആശുപത്രി പരിസരത്തടക്കം കാടുകയറിയതാണ് പാമ്പുകളുടെ ശല്യം രൂക്ഷമാകാൻ കാരണം.
ഒപ്പം ഇതിനോടു ചേർന്നുള്ള സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളും കാടുപിടിച്ച നിലയിലാണ്. ഇവിടെനിന്നടക്കമാണ് ഇഴജന്തുക്കൾ ആശുപത്രി പരിസരത്തെത്തുന്നതെന്നാണ് രോഗികൾ പറയുന്നത്.
ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി മുൻകൈയെടുത്ത് ആശുപത്രി പരിസരത്തെയെങ്കിലും കാടുകൾ വെട്ടിത്തെളിക്കണമെന്നാവശ്യം ശക്തമായിരിക്കുകയാണ്.