ലേബര്‍ റൂമിനു വെളിയില്‍ കാത്തുനിന്ന പിതാവിന്റെ കൈകളിലേക്ക് ഡോക്ടര്‍ കുഞ്ഞിനെ ഏല്‍പ്പിച്ചു. കുഞ്ഞിന്റെ ശരീരത്തേക്ക് നോക്കിയ ആ പിതാവ് ഞെട്ടിപ്പോയി പെണ്‍കുഞ്ഞിന് രണ്ടു കാലും ഉണ്ടായിരുന്നില്ല. ഈ കുഞ്ഞിനെ തനിക്കു വേണ്ടയെന്നായിരുന്നു ആ പിതാവിന്റെ തീരുമാനം. 1987 ഒക്ടോബര്‍ ഒന്നിനായിരുന്നു ഈ സംഭവം.
ഡിമിട്രു മൊഷിയാനൊ- കമേലിയ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞായിരുന്നു അവള്‍. ഭാര്യയെയൊ 6 വയസുകാരിയായ മൂത്ത മകളെയൊ കുഞ്ഞിന്റെ മുഖം ഒന്നു കാണാന്‍ പോലും ആ മനുഷ്യന്‍ അനുവദിച്ചില്ല. ഡോക്ടര്‍ തന്റെ സുഹൃത്തായ ജറാള്‍ഡ് ബ്രിക്കറെയും ഭാര്യ ഷാരോണ്‍ ബ്രിക്കറെയും ആശുപത്രിയിലേക്കു വിളിച്ചു വരുത്തി. അവര്‍ക്ക് 3 ആണ്‍ മക്കള്‍ ഉണ്ടായിരുന്നു. ഒരു പെണ്‍ കുഞ്ഞിനെ അവര്‍ ആഗ്രഹിച്ചിരുന്നു. അങ്ങനെ ഇരുകാലുമില്ലാത്ത ആ കുഞ്ഞിനെ അവര്‍ ദത്തെടുത്തു. ജെന്നിഫര്‍ എന്നു പേരിട്ടു. മൂന്ന് ആണ്‍കുട്ടികളുടെ കുഞ്ഞനുജത്തിയായി അവള്‍ വളര്‍ന്നു. ലോകത്തിലെ ഏറ്റവും നിര്‍ഭാഗ്യവതിയെന്നു കാലം കരുതിയ ആ പെണ്‍കുഞ്ഞിന്റെ ജീവിതം ചരിത്രത്തിലെ നിറമുള്ള അധ്യായമായി മാറാനുള്ളതായിരുന്നു.
നാലു വയസായപ്പോഴേക്കും ജെന്നിഫര്‍ സ്വന്തം കാര്യങ്ങള്‍ പരസഹായം കൂടാതെ ചെയ്യാന്‍ തുടങ്ങി. ‘ എനിക്കു പറ്റില്ല’ എന്ന് ഒരിക്കലും പറയരുതെന്നു വളര്‍ത്തച്ഛന്‍ എപ്പോഴും അവളോടു പറയുമായിരുന്നു.ആറു വയസ്സായപ്പോഴേക്കും ചേട്ടന്മാരുടെ കൂടെ മരത്തില്‍ കയറാനും ബാസ്‌ക്കറ്റ് ബോള്‍ കളിക്കാനും ബേസ് ബോള്‍ കളിക്കാനും അവള്‍ പഠിച്ചു. ഒരു ദിവസം ടിവി കണ്ടുകൊണ്ടിരിക്കെ, 13 വയസു തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ജിംനാസ്റ്റിക് പ്രകടനം ജന്നിഫര്‍ കാണാനിടയായി. യുഎസ് ജിംനാസ്റ്റിക് ടീമില്‍ വളരെ ചെറുപ്പത്തില്‍ ഇടം നേടിയ ‘ഡോമിനിക്യു’ എന്ന ജിംനാസ്റ്റായിരുന്നു അത്.
അത് ജെന്നിഫറിന് വല്ലാത്തൊരു പ്രചോദനമായിരുന്നു. തുടര്‍ന്ന് ജിംനാസ്റ്റിക്‌സ് പഠിക്കാനുള്ള ആഗ്രഹം അവള്‍ മാതാപിതാക്കാലെ അറിയിച്ചു. അങ്ങനെ അവര്‍ അവളെ ഒരു ജിംനാസ്റ്റിക്‌സ് സ്‌കൂളില്‍ ചേര്‍ത്തു. ടെലിവിഷനില്‍ താന്‍ കണ്ട പെണ്‍കുട്ടിയെ റോള്‍മോഡല്‍ ആയി കണ്ടായിരുന്നു അവളുടെ പരിശീലനം. 15 വയസ് ആയപ്പോഴേക്കും ജെന്നിഫര്‍ അമേരിക്കയിലെ അറിയപ്പെടുന്ന ഒരു ജിംനാസ്റ്റ് ആയി മാറി. റോള്‍ മോഡല്‍ ആയിക്കണ്ട ഡോമിനിക്യു 1996- ലെ അറ്റ്ലാന്റ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ യുഎസ് ടീമില്‍ അംഗമായപ്പോള്‍ രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം നടന്ന ജൂനിയര്‍ ഒളിപിക്‌സില്‍ ജന്നിഫറും സമ്മാനം നേടി.
ജന്നിഫറിന് 16 വയസായപ്പോള്‍ അവള്‍ തന്റെ യഥാര്‍ഥ മാതാപിതാക്കളെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ബ്രിക്കര്‍ കുടുംബം അവളെയും കൂട്ടി അവള്‍ ജനിച്ച ആശുപത്രിയിലെത്തി. രേഖകള്‍ പരിശോധിച്ചപ്പോള്‍ അവളുടെ പിതാവിന്റെ പേര് ഡിമിട്രു മൊഷിയാനൊ എന്നാണെന്നു കണ്ടെത്തി. ജന്നിഫര്‍ ഒരു കാര്യം ശ്രദ്ധിച്ചു. ഡോമിനിക്യുവിന്റെ പിതാവിന്റെ പേരും ഡിമിട്രു മൊഷിയാനൊ എന്നാണ്. തുടര്‍ന്നു നടത്തിയ അന്വേഷണം അതിശയകരമായ ഒരു സത്യത്തിലേക്കാണ് അവളെ നയിച്ചത്.
1987 ഒക്ടോബര്‍ 1നു സ്വന്തം അനിയത്തിയുടെ മുഖം കാണാന്‍ പോലും സാധിക്കാതെ ആശുപത്രി വിട്ടുപോകേണ്ടി വന്ന അന്നത്തെ ആ ആറുവയസുകാരിയാണ് ‘ഡോമിനിക്യു മൊഷിയാനൊ’. ജെന്നിഫറിന്റെ കൂടപ്പിറപ്പ്. അവള്‍ക്കിപ്പോള്‍ ഒരു അനുജത്തി കൂടിയുണ്ട്. ക്രിസ്റ്റീന മൊഷിയാനൊ. അവള്‍ ഡോമിനിക്യുവിന് ഒരു കത്തെഴുതി. തെളിവായി ഹോസ്പിറ്റലില്‍ നിന്നു കോപ്പിയെടുത്ത തന്റെ ജനന രേഖകളും ഫോട്ടോയും ഒപ്പം ചേര്‍ത്തു. ജെന്നിഫറിന്റെ ഫോട്ടോ കണ്ട ഡോമിനിക്യുവിനു മറ്റു തെളിവുകളൊന്നും വേണ്ടി വന്നില്ല, അവള്‍ തന്റെ സഹോദരിയാണെന്നു തിരിച്ചറിയാന്‍. കാരണം ഇളയ സഹോദരി ക്രിസ്റ്റീനയും ജന്നിഫറും ഒരുപോലെയാണു കാഴ്ചയില്‍..
അവര്‍ കണ്ടുമുട്ടി. ഡോമിനിക്യു ജെന്നിഫറിനെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു. അപ്പോഴേക്കും കാന്‍സര്‍ ബാധിച്ച് ഡിമിട്രു മൊഷിയാനൊ മരിച്ചിരുന്നു. അമ്മ സന്തോഷവും കുറ്റബോധവും നിറഞ്ഞ് അവളെ കെട്ടിപ്പിടിച്ചു. അമ്മ എന്നെയോര്‍ത്തു കരയുന്നതെന്തിന്, ഇതായിരുന്നു എന്റെ വിധി. ഇങ്ങനെയൊക്കെ സംഭവിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്നും ഇഴഞ്ഞു നടക്കുന്ന ഒരു പാഴ്ജന്മമാകുമായിരുന്നുവെന്ന് അവള്‍ പറഞ്ഞു. കാലം കരുതിവയ്ക്കുന്ന വേദനകള്‍ക്കു ചിലപ്പോള്‍ വരുംകാല ചരിത്രത്തില്‍ മധുരമായിരുക്കും രുചിയെന്നു ജെന്നിഫര്‍ വിധിയോടു വിളിച്ചു പറയുന്ന നിമിഷമായിരുന്നു അത്.
ജെന്നിഫറിന് ഇപ്പോള്‍ 31 വയസ്. അമ്മയ്ക്കും ചേച്ചിക്കും അനുജത്തിക്കുമൊപ്പം അവള്‍ സന്തോഷമായി ജീവിക്കുന്നു. ജിംനാസ്റ്റിക്‌സിനു പുറമേ മോഡലിങ്, ടെലിവിഷന്‍ അവതാരക, മോട്ടിവേഷനല്‍ സ്പീക്കര്‍ എന്നീ നിലകളിലും അവള്‍ പ്രശസ്ത. ഒന്നും അസാധ്യമല്ല എന്ന പേരില്‍ ജന്നിഫര്‍ എഴുതിയ ആത്മകഥ അമേരിക്കയിലെ ബെസ്റ്റ് സെല്ലറുകളില്‍ ഒന്നാണ്.