ബാങ്കില്‍ വരിനിന്ന് കിട്ടിയ രണ്ടായിരത്തിന്റെ നോട്ടുമായി തട്ടിപ്പുകാരന് മുങ്ങി. വയോധികയുടെ വിഷമം കണ്ട് മനസലിഞ്ഞ നാട്ടകാര്‍ ചേര്‍ന്ന് 2400 രൂപ പിരിച്ചു നല്കി. വണ്ടൂര്‍ വാളോങ്ങറിലാണ് ഈ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നാണ് തൊഴിലുറപ്പ് പദ്ധതിയിലൂടെ ലഭിച്ച 2000 രൂപ വയോധിക പിന്‍വലിച്ചത്. കിട്ടിയതാകട്ടെ, 2000 ത്തിന്റെ ഒറ്റ നോട്ട്.
ബാങ്കില്‍ നിന്ന് ലഭിച്ച നോട്ടിന്റെ ചില്ലറയ്ക്കായി ഇവര്‍ സമീപത്തെ കടകളില്‍ കയറി ഇറങ്ങിയെങ്കിലും ആരുടെ പക്കലും ചില്ലറ ഉണ്ടായിരുന്നില്ല. ഇതിനിടെ ചില്ലറ നല്‍കാമെന്ന് പറഞ്ഞ് ഒരു യുവാവ് ഇവരുടെ സമീപത്തെത്തി നോട്ടുവാങ്ങിപ്പോയി. ഏറെ നേരം കഴിഞ്ഞിട്ടും യുവാവ് മടങ്ങിവരാതായതോടെ ഇവര്‍ അയാളെക്കുറിച്ച് സമീപത്തുണ്ടായിരുന്നവരോട് അന്വേഷിച്ചപ്പോഴാണ് പറ്റിക്കപ്പെട്ടതാണെന്ന് മനയിലായത്. ആറ്റുനോറ്റു കിട്ടിയ പണവും നഷ്ടപ്പെട്ടെന്ന് മനസിലാക്കിയ സ്ത്രീ കരയാന്‍ തുടങ്ങി. ഇവരുടെ സങ്കടം കണ്ട് ആളുകള്‍ കൂടിയതോടെ എല്ലാവരും ചേര്‍ന്ന് പിരിവിടാന്‍ തീരുമാനിച്ചു. നിമിഷനേരം കൊണ്ട് 2400 രൂപയാണ് പിരിഞ്ഞ്കിട്ടിയത്. അതും ചില്ലറയായിത്തന്നെ.
അല്പനേരം സങ്കടപ്പെടേണ്ടി വന്നെങ്കിലും നാട്ടുകാരുടെ നല്ല മനസിന്റെ സഹായത്താല്‍ പണം തിരികെ കിട്ടിയതോര്‍ത്ത് സന്തോഷക്കണ്ണീരൊഴുക്കിയാണ് ആ അമ്മ യാത്രയായത്. പണം മോഷ്ടിച്ചവനെ കണ്ടെത്താനായി നാട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.