കൊതുക് എന്നു കേട്ടാല് തന്നെ ഇപ്പോള് മലയാളികള്ക്ക് പേടിയാണ്. മഴക്കാലമായതോടെ ഡെങ്കിയും ചിക്കുന്ഗുനിയയും മലേറിയയും മഞ്ഞപ്പനിയുമെല്ലാമായി കേരളത്തിലെത്തന്നെ സകല ആശുപത്രികളും നിറഞ്ഞുകഴിഞ്ഞു. നമുക്കടുത്ത് തമിഴ്നാട്ടില് വരെ ‘സിക്ക’ വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുമുണ്ട്. ഈ മാരകരോഗങ്ങള്ക്കെല്ലാം കാരണം പെണ്കൊതുകുകളാണ്, പ്രത്യേകിച്ച് ഈഡിസ് ഈജിപ്തി കൊതുകുകള്. മഴക്കാലപൂര്വ പ്രതിരോധ പ്രവര്ത്തനങ്ങള് നടത്തിയിട്ടും ഒട്ടേറെ പ്രചാരണങ്ങള് നടത്തിയിട്ടും ഇതുവരെ കൊതുകിനെ വരുതിയിലാക്കാന് നമുക്കു സാധിച്ചിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ശാസ്ത്രത്തിന്റെ സഹായത്തോടെ കൊതുകിനെ തുരത്താനുള്ള വിദ്യയുമായി ഗൂഗിള് രംഗത്തെത്തുന്നത്.
ഗുഗിളിന്റെ മാതൃ കമ്പനിയായ ആല്ഫബെറ്റിനു കീഴിലുള്ള ലൈഫ് സയന്സസ് വിഭാഗമായ ‘വെരിലി’യില് നിന്നാണ് പുതിയ പ്രോജക്ട്. ഇവിടത്തെ ഗവേഷകര് അടുത്തിടെ കാലിഫോര്ണിയയിലെ ഫ്രെസ്നോ നഗരത്തിലും പരിസരത്തും തുറന്നുവിട്ടത് 10 ലക്ഷത്തിലേറെ കൊതുകുകളെയാണ്. എല്ലാം ആണ്കൊതുകുകളായിരുന്നു എന്നു മാത്രം. ഇവ മനുഷ്യനെ കടിക്കില്ല. മാത്രമല്ല തുറന്നുവിട്ട എല്ലാ കൊതുകുകളിലും വോല്ബാക്കിയ എന്ന ബാക്ടീരിയത്തെ കയറ്റിവിട്ടിരിക്കുകയാണ്. ഈ ബാക്ടീരിയയുള്ള ആണ്കൊതുകുകളുമായി പെണ്കൊതുകുകള് ഇണചേരുമെങ്കിലും അതുവഴിയുണ്ടാകുന്ന മുട്ടകള് വിരിയില്ല. ഇതുമൂലം കൊതുകുകളുടെ തലമുറ തന്നെ അവസാനിക്കുന്നു.
കൊതുകിന്റെ ശരീരത്തില് ഒളിച്ചിരുന്ന് മുട്ടകളെ വിരിയാന് പറ്റാത്ത അവസ്ഥയിലാക്കുന്നവയാണ് ഇത്തരം ബാക്ടീരിയങ്ങള് ചെയ്യുക. മനുഷ്യനെ കടിക്കാത്തതിനാല് ആ ഭീതി വേണ്ട. അഥവാ കടിച്ചാല്ത്തന്നെ വൊല്ബാക്കിയ മനുഷ്യനെ യാതൊരു തരത്തിലും ബാധിക്കില്ല. മോസ്കിറ്റ്മേറ്റ് എന്ന ബയോടെക് കമ്പനിയുമായി ചേര്ന്നാണ് വെരിലിയുടെ ഈ ‘ഡീബഗ് പ്രോജക്ട്’. ഒരാഴ്ചയില് 10 ലക്ഷം കൊതുകുകള് എന്ന കണക്കിന് 20 ആഴ്ചയാണ് പ്രോജക്ടിന്റെ കാലാവധി. ഒരു റോബട്ടിക് സംവിധാനത്തിലൂടെയാണ് ഇത്രയേറെ കൊതുകുകളെ ഉല്പാദിപ്പിച്ചെടുക്കുന്നത്. ഇത്തരത്തില് വന്കൂട്ടമായി കൊതുകുകളെ തുറന്നുവിടുന്നതിനെ ജൈവയുദ്ധമായാണ് ഗവേഷകര് കാണുന്നത്.
കൊതുകുകളെ മാത്രമല്ല, ചില ശല്യക്കാരായ ഷ്ഡ്പദങ്ങളെയും വൊല്ബാക്കിയ പ്രയോഗത്തിലൂടെ ഒതുക്കാമെന്ന് 1967ല് തന്നെ ഗവേഷകര് മനസിലാക്കിയിരുന്നു. ഈ തന്ത്രം ഉപയോഗപ്പെടുത്തി കൊതുകുകളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളും നടന്നു. പക്ഷേ അടുത്തിടെയാണ് വൊല്ബാക്കിയയിലെ ചില പ്രത്യേക ജീനുകള് എങ്ങനെയാണ് ‘വിരിയാത്ത’ മുട്ടകള് ഇടീപ്പിക്കുന്ന അവസ്ഥയിലേക്ക് ഷഡ്പദങ്ങളെ എത്തിക്കുന്നതെന്ന് കണ്ടെത്താനായത്. ഗൂഗിളാകട്ടെ ജനിതകപരിവര്ത്തനം നടത്തിയ കൊതുകുകളെയല്ല തുറന്നുവിട്ടത്. വൊല്ബാക്കിയയെ കൊതുകുകളിലേക്ക് കടത്തിവിട്ടുവെന്നേയുള്ളൂ. ജനിതകമാറ്റം വരുത്തിയ കൊതുകുകളും തുറന്നുവിടുന്നതിനെതിരെ നിലവില് പ്രതിഷേധങ്ങളേറെ ഉയര്ന്ന സാഹചര്യത്തില് കൂടിയാണ് ഗൂഗിളിന്റെ അനുയോജ്യ നീക്കം.
മുമ്പും അമേരിക്കിയുടെ പല ഭാഗങ്ങളില് ഇത്തരം പരീക്ഷണങ്ങള് അരങ്ങേറിയിട്ടുണ്ടെങ്കിലും അമേരിക്കയില് വ്യാപകമായി ഇത്തരമൊരു പരീക്ഷണം ആദ്യമായാണ്. പ്രധാനമായും ഈഡിസ് ഈജിപ്തിയാണ് ഡീബഗ് പ്രോജക്ടിന്റെ നോട്ടപ്പുള്ളി. ഡെങ്കിയും സിക്കയും ചിക്കുന്ഗുനിയയുമെല്ലാം പടര്ത്തുന്നതില് മുന്പന്തിയിലുള്ളത് ഈ കൊതുകാണ്. കുറഞ്ഞ ജീവിതകാലമേയുള്ളൂ ഓരോ കൊതുകിനും. അതിനിടെ പരമാവധി മുട്ടകളിട്ട് വംശവര്ധനയ്ക്കാണു ശ്രമം. പക്ഷേ വൊല്ബാക്കിയ കയറിയ ആണ്കൊതുകുകള് നിറയുന്നതോടെ ഈഡിസ് കൊതുകുകളുടെ പ്രത്യുല്പാദനം തടസ്സപ്പെടും. വലിയൊരു മേഖലയില് നിന്നുതന്നെ അവ തുടച്ചുമാറ്റപ്പെടും. ബ്രസീലിലും വിയറ്റ്നാമിലും ഓസ്ട്രേലിയയിലും സമാനമായ പദ്ധതികള് നടപ്പാക്കുന്നുണ്ട്. ഫ്രെസ്നോയിലെ ഫീല്ഡ്സ്റ്റഡിയില് നിന്നു ലഭിക്കുന്ന വിവരങ്ങള്ക്ക് അനുസരിച്ച് പുതിയ പദ്ധതി തയ്യാറാക്കിയാണ് ഡീബഗ് പ്രോജക്ടുകള് ലോകമെമ്പാടും ആരംഭിക്കുക. വൈകാതെ ഇന്ത്യയിലേക്കും ഇതെത്തുമെന്ന് പ്രത്യാശിക്കാം.അങ്ങനെയെങ്കില് പതിനായിരക്കണക്കിന് ആളുകളെ മരണത്തില് നിന്നു രക്ഷിക്കുകയുമാവാം.