കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ കോട്ടയം തട്ടകത്തില്‍ എ ഗ്രൂപ്പിനുള്ളില്‍ ധ്രുവീകരണം. ഉമ്മന്‍ ചാണ്ടിക്കൊപ്പമായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ.സി. ജോസഫും എ ഗ്രൂപ്പില്‍തന്നെ വ്യത്യസ്ത നിലപാടുകാരായി.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹി തെരഞ്ഞെടുപ്പിലും എ ഗ്രൂപ്പിലെ ഈ നേതൃധ്രുവീകരണം വ്യക്തമായിരുന്നു.ഇതിലെ വിജയപരാജയങ്ങള്‍ രേഖപ്പെടുത്തപ്പെട്ടതും തിരുവഞ്ചൂര്‍-കെസി ഗ്രൂപ്പുകളുടെ ലേബലില്തന്നെയാണ്.
അതേസമയം എ ഗ്രൂപ്പില്‍ത്തന്നെ ചാണ്ടി ഉമ്മന്റെ നേതൃത്വത്തില്‍ ഒരു ശാക്തികചേരി ജില്ലയില്‍ രൂപപ്പെട്ടുവരികയാണ്. 2016ല്‍ എല്‍ഡിഎഫ് ഭരണം നേടിയപ്പോള്‍ പ്രതിപക്ഷ നേതൃത്വത്തെ ചൊല്ലി കോണ്‍ഗ്രസ് നേതൃത്വത്തില്‍ രൂപംകൊണ്ട ചേരിതിരിവാണ് പില്ക്കാലങ്ങളിലും തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചത്.
നിലവില്‍ എ ഗ്രൂപ്പും രമേശ് ചെന്നിത്തലയുടെ പഴയ തിരുത്തല്‍വാദി ഗ്രൂപ്പും ജില്ലയില്‍ സജീവമല്ല. ഒറ്റപ്പെട്ട നേതാക്കളുടെ സാന്നിധ്യമുണ്ടെങ്കിലും ആള്‍ബലവും ഭാരവാഹികളില്‍ ഭൂരിപക്ഷവും ജില്ലയില്‍ എ ഗ്രൂപ്പിനുതന്നെയാണ്.
എന്നാല്‍ കോട്ടയംകാരായ രണ്ടു മുന്‍നിര സംസ്ഥാന നേതാക്കളുടെ നിലപാടുകള്‍ ലോക് സഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചകളിലും നിഴലിച്ചേക്കും. കോട്ടയം ലോക് സഭാ സീറ്റ് യുഡിഎഫില്‍ കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന താത്പര്യം എ ഗ്രൂപ്പിലെ ഒരു വിഭാഗത്തിന്റെ താത്പര്യമാണ്.
ഉമ്മന്‍ ചാണ്ടിക്കൊപ്പം എക്കാലവും നിലകൊണ്ടിരുന്ന ജില്ലയിലെ യുവനേതാക്കള്‍ നിലവില്‍ രണ്ടു തട്ടിലായി എന്നത് പാര്‍ട്ടിയുടെ പുതിയ തലമുറയെ ദുര്‍ബലപ്പെടുത്തുന്ന സാഹചര്യമാണ്. ചേരികളിയില് മനംമടുത്ത് ഒരു നിര നേതാക്കള്‍ സജീവരാഷ്ട്രീയത്തില്‍നിന്ന് മാറിനില്‍ക്കുകയുമാണ്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ ഐ ഗ്രൂപ്പിലെ ഈ ചേരിപ്പോര് സജീവമായിരുന്നു. അതേസമയം, എ ഗ്രൂപ്പിലെ മുതിര്‍ന്ന പ്രവര്‍ത്തകര്‍ക്കും പഴയകാല നേതാക്കള്‍ക്കും നിലവിലെ ചേരിപ്പോരിനോടു യോജിപ്പില്ല. കോട്ടയം, ഇടുക്കി, പത്തനംതിട്ട, മാവേലിക്കര ലോക്സഭാ മണ്ഡലങ്ങള്‍ അതിരിടുന്ന ജില്ലയില്‍ ഗ്രൂപ്പ് കളിക്കല്ല, യുഡിഎഫ് ശാക്തീകരണത്തിനാണു നേതാക്കള്‍ ശ്രദ്ധവയ്ക്കേണ്ടതെന്നു പ്രതികരണങ്ങള്‍ വന്നുകഴിഞ്ഞു.
ഇടതുപക്ഷ സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ക്കും ഭരണവീഴ്ചകള്ക്കുമെതിരേ ജനവികാരം ഉണര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെടുന്നു എന്ന വിമര്‍ശനവുമുണ്ടായി. പിണറായി സര്‍ക്കാരിനെതിരേ ജില്ലാതലത്തില്‍ ഒരിക്കല്‍പോലും പ്രതിഷേധങ്ങളുണ്ടായില്ല.
റബര്‍, നെല്ല്, വന്യമൃഗവിഷയങ്ങളില് കോണ്‍ഗ്രസിന്റെ അനങ്ങാപ്പാറ നിലപാടുകളോട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്. ആറു മാസം മുന്‍പു പ്രഖ്യാപനം വരേണ്ട മണ്ഡലം ഭാരവാഹി പ്രഖ്യാപനം ഗ്രൂപ്പു തര്‍ക്കങ്ങളെത്തുടര്‍ന്ന് വൈകുന്നതും കോണ്‍ഗ്രസിനെ ക്ഷയിപ്പിക്കുന്നു.