മട്ടന്നൂർ: വീടിന്റെ വരാന്തയിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന മൂന്നര വയസുകാരി തെരുവ് നായകളുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
നീർവേലിയിലെ ഷക്കീലയുടെ മകൾ ആയിഷ വീട്ടു വരാന്തയിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് മുറ്റത്തെത്തിയ നായകൾ ആക്രമിക്കാനൊരുങ്ങിയത്. മുറ്റത്തിറങ്ങിയ കുട്ടിക്കു നേരേ നായകൾ കുതിച്ചെത്തുകയായിരുന്നു.
കുട്ടി കരഞ്ഞ് ബഹളം വച്ചതോടെ നായകൾ പിന്തിരിഞ്ഞു. പിന്നീട് തൊട്ടടുത്ത അമ്മാവന്റെ വീട്ടിലേക്ക് പോകുന്നതിനിടെ നായക്കൂട്ടം വീണ്ടുമെത്തി.
കുട്ടി കരഞ്ഞ് ബഹളം വച്ചതിനെ തുടർന്ന് സമീപത്തെ വീട്ടുകാരാണ് നായക്കൂട്ടത്തിൽ നിന്നും കുട്ടിയെ രക്ഷിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മാങ്ങാട്ടിടം പഞ്ചായത്തിലെ നീർവേലിയിലും പരിസരങ്ങളിലും നായ ശല്യം രൂക്ഷമാണ്.