ഇരിട്ടി: കാട്ടാനകൾ കൂട്ടമായി കൃഷിയിടത്തിൽ തമ്പടിച്ചതോടെ ആറളം ഫാമിൽ തൊഴിലെടുക്കുന്നവർ ഭീതിയിൽ. ഇതോടെ കശുവണ്ടി ശേഖരണം ഉൾപ്പെടെ പ്രതിസന്ധിയിലാണ്.
കാട്ടാനകൾ കൂട്ടമായാണ് ഫാമിലെ കൃഷിയിടത്തിലൂടെ സഞ്ചരിക്കുന്നത്. മൂന്നും നാലും ആനകൾ അടങ്ങിയ പല സംഘങ്ങളാണു കൃഷിയിടത്തിൽ ഉള്ളത്.
കശുമാവിൻ തോട്ടങ്ങളിൽ ഇനിയും പകുതി മാത്രമാണ് വെട്ടിതെളിയിച്ചത്. കശുവണ്ടിയുടെ ഉത്പാദനം തുടങ്ങി മാസങ്ങൾ പിന്നിട്ടിട്ടും കാട്ടാനകൾ കാരണം കാടുവെട്ട് പൂർത്തിയാക്കാൻ കഴിയാത്തതു വൻസാമ്പത്തിക നഷ്ടമാണ് ഫാമിന് ഉണ്ടാക്കുന്നത്.
വേനൽച്ചൂട് കൂടിയതോടെ കുടിവെള്ളവും ഭക്ഷണവും തേടി ഫാമിനുള്ളിൽ ചുറ്റിനടക്കുകയാണ് ആനക്കൂട്ടം. ജീവൻ പണയപ്പെടുത്തിയാണ് തൊഴിലാളികൾ കൃഷിയിടത്തിൽ എത്തുന്നത്.
കഴിഞ്ഞ ദിവസം കൂട്ടമായി എത്തിയ ആനക്കൂട്ടം മേഖലയിലെ നിരവധി തെങ്ങുകളും കശുമാവും നശിപ്പിച്ചു. കാട്ടാനകളെ കൃഷിയിടത്തിൽനിന്ന് ഓടിക്കുന്നതിനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.
നേരത്തെ ആദിവാസികൾക്കു പതിച്ചു നൽകിയ ഭൂമിയിലെ കാടു മൂടിയ പ്രദേശങ്ങളിലായിരുന്നു ഇവ താവളമാക്കിയിരുന്നത്.
ഇത്തരം പ്രദേശങ്ങളിലെ കാടുകൾ വെട്ടിതെളിച്ചതോടെയാണ് ആനകൾ ഫാമിലെ കാർഷിക മേഖല കാട്ടാനകൾ താവളമാക്കിയത്.
ഇവ അക്രമകാരികളാകാനുള്ള സാധ്യതയും ഏറെയാണ്. ഫാമിൽ കൃഷിയാവശ്യത്തിനായി നിർമിച്ച കുളങ്ങളിൽ വെള്ളത്തിന്റെ ലഭ്യതയുള്ളതിനാൽ ആനക്കൂട്ടം ഇതിന്റെ സമീപ പ്രദേശങ്ങളിൽ സ്ഥിരമായി കാണപ്പെടുന്നുണ്ട്.
സാമ്പത്തിക പ്രതിസന്ധി കാരണം ഫാമിലെ തൊഴിലാളികൾക്ക് അഞ്ചുമാസമായി ശന്പളം നൽകിയിട്ടില്ല. കശുവണ്ടിയിൽ നിന്നുള്ള വരുമാനത്തിലായിരുന്നു പ്രതീക്ഷയുണ്ടായിരുന്നത്.
ആന ശല്യം കാരണം കശുവണ്ടി യഥാസമയം പെറുക്കിയെടുക്കാൻ കഴിയാഞ്ഞതിനാൽ വൻ വരുമാന ചോർച്ചയാണ് ഉണ്ടാകുന്നത്.