ചങ്ങനാശേരി: തീറ്റയില്‍ വിഷം കലര്‍ത്തി നൂറോളം താറാവുകള്‍ ചത്തു. താറാവ് കൃഷിക്കാരനായ തുരുത്തി പാലത്തിങ്കല്‍ പി.എ.
സാബുവിന്റെ ഉടമസ്ഥതയിലുള്ള താറാവുകളെയാണ് സാമൂഹ്യവിരുദ്ധര്‍ വിഷംനല്‍കി കൊന്നൊടുക്കിയത്. വീടിനോടു ചേര്‍ന്നുള്ള ചങ്ങനാശേരി-കോട്ടയം തോട്ടിലാണ് സാബു താറാവിനെ വളര്‍ത്തി സംരക്ഷിക്കുന്നത്.
താറാവിന് വിഷം നല്കി കൊന്നൊടുക്കിയതായി ചൂണ്ടിക്കാട്ടി സാബു ചങ്ങനാശേരി പോലീസില്‍ പരാതി നല്കി. ചങ്ങനാശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഓര്‍ഡര്‍ അനുസരിച്ച് താറാവുകളെ പിടിക്കാന്‍ ചെന്നപ്പോള്‍ താറാവുകളെ ചത്തനിലയിൽ കാണുകയായിരുന്നു. തുടര്‍ന്ന് ശ്രദ്ധിച്ചപ്പോള്‍ കടവിന്റെ പടികളില്‍ താറാവിന്റെ ഭക്ഷണത്തിനായി ഇട്ടിരുന്ന അരിയില്‍ നിരോധിതമായ വിഷത്തിന്റെ തരികള്‍ കണ്ടെത്തി.
വിഷം ഉള്ളില്‍ചെന്ന താറാവുകള്‍ പലതും ഇനി അവശനിലയില്‍ ഉണ്ട്. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകണമെന്നും സാബു പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
തുരുത്തി വെറ്ററിനറി ആശുപത്രിയിലെ ഡോ. ടെസിയുടെ നേതൃത്വത്തില്‍ താറാവുകളെ പോസ്റ്റുമോര്‍ട്ടം നടത്തി. താറാവുകളുടെ ഉള്ളില്‍ വിഷം ചെന്നതാണ് കൂട്ടത്തോടെ ചാകാന്‍ കാരണമെന്ന് ഡോക്ടര്‍ പറഞ്ഞതായി സാബു പറഞ്ഞു.
ജോബ് മൈക്കിള്‍ എംഎല്‍എ, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം മാത്തുക്കുട്ടി പ്ലാത്താനം, വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഷീലാ തോമസ് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.