ജംഷാദ് സീതിരകത്ത് എന്ന സിനിമാനടനെ ആര്‍ക്കുമറിയില്ലെങ്കിലും ആര്യ എന്ന സൂപ്പര്‍താരത്തെ അറിയാത്ത തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുണ്ടാവില്. മലയാളിയാണെങ്കിലും തമിഴ്, തെലുങ്ക് ചിത്രങ്ങളാണ് ആര്യയെ പ്രശസ്തിയുടെ പടവുകള്‍ കയറ്റിയത്. ഇടയ്ക്കിടെ ആര്യ മലയാളം സിനിമകളിലും അഭിനയിക്കാറുണ്ട്. ഏറ്റവും അവസാനമായി പുതുമുഖ സംവിധായകന്‍ ഹനീഫ് അദേനി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ഗ്രേറ്റ് ഫാദറിലാണ് ആര്യ അഭിനയിച്ചത്. ചിത്രത്തിന്റെ സഹനിര്‍മാതാവു കൂടിയായിരുന്നു ആര്യ. ഗ്രേറ്റ് ഫാദറിലെ ‘ആന്‍ഡ്രൂസ് ഈപ്പന്‍’ എന്ന നെഗറ്റീവ് ഷെയ്ഡുള്ള പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സംവിധായകന്‍ ഹനീഫ് അദേനി സമീപിച്ചപ്പോള്‍ ആദ്യം താന്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചിരുന്നുവെന്ന് മുന്‍പ് ഒരഭിമുഖത്തില്‍ ആര്യ വ്യക്തമാക്കിയിരുന്നു.
ജംഷാദ് സീതിരകത്ത് എങ്ങനെ ആര്യയായി മാറിയെന്നാണ് അന്വേഷണം ചെന്നെത്തുന്നത് കാസര്‍കോട്ടെ തൃക്കരിപ്പൂരിലാണ്. കാരണം ഇവിടെയാണ് ആര്യയെന്ന ജംഷാദ് സീതിരകത്ത് ജനിച്ചത്. ഗ്രേറ്റ് ഫാദറിലെ പൊലീസ് വേഷം ആര്യക്കിപ്പോള്‍ ജന്മനാട്ടിലും ഏറെ ആരാധകരെ നേടികൊടുത്തിരിക്കുന്നു.ചെന്നൈയില്‍ കംപ്യൂട്ടര്‍ എന്‍ജിനീയറായി ജോലി ചെയ്യുന്നതിനിടെ സംവിധായകന്‍ ജീവയാണ് ആര്യയെ കണ്ടെത്തുന്നത്. ചെന്നൈയില്‍ ഒരേ പ്രദേശത്തുള്ള വീടുകളില്‍ താമസിച്ചിരുന്ന ഇരുവരും പള്ളിയില്‍ വെച്ചും മറ്റും കണ്ടുമുട്ടാറുണ്ടായിരുന്നു. ജീവയുടെ ഉള്ളം കേക്കുമേ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ തന്നെ ആര്യ ശ്രദ്ധേയനായി. ഇതേ ചിത്രത്തിലൂടെ തന്നെയായിരുന്നു മലയാളിയായ അസിന്‍ തോട്ടുങ്കലിന്റെ തമിഴ്‌സിനിമയിലേക്കുള്ള ചുവടുവയ്പ്പും.
വിഷ്ണുവര്‍ധന്റെ അറിന്തും അറിയാമലുമാണ് ആര്യയുടേതായി പുറത്തിറങ്ങിയ ആദ്യ ചിത്രം. ഈ ചിത്രത്തിലെ കുട്ടി എന്ന കഥാപാത്രത്തിന് തമിഴിലെ മികച്ച പുരുഷ അരങ്ങേറ്റക്കാരനുള്ള ഫിലിംഫെയര്‍ പുരസ്‌കാരം ലഭിച്ചു. നാന്‍ കടവുള്‍, മദിരാസിപട്ടണം എന്നീ ചിത്രങ്ങളില്‍ ആര്യയുടെ അഭിനയം നിരൂപകശ്രദ്ധ പിടിച്ചുപറ്റി. സിനിമയിലെത്തും മുമ്പ് മോഡലിങ്ങിലും ആര്യ സജീവമായിരുന്നു.
പൃഥ്വിരാജ് നായകനായ ഉറുമിയിലൂടെയാണ് ആര്യ ആദ്യമായി മലയാളസിനിമയില്‍ അഭിനയിക്കുന്നത്. പൃഥ്വിരാജിനൊപ്പം തന്നെ ഡബിള്‍ ബാരലിലും പ്രധാന വേഷം കൈകാര്യം ചെയ്തു. അഭിനയത്തിന് പുറമേ നിര്‍മ്മാണ പങ്കാളിയായും താരം ഇപ്പോള്‍ മാതൃഭാഷയില്‍ സജീവമാണ്.പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍ എന്നിവര്‍ക്കൊപ്പം ആഗസ്റ്റ് സിനിമ എന്ന നിര്‍മാണ കമ്പനിയിലെ അംഗമാണ് ആര്യ. തമിഴ്് ഇതിഹാസങ്ങളെ അടിസ്ഥാനമാക്കി രാഘവ സംവിധാനം ചെയ്യുന്ന കടമ്പനാണ് ആര്യയുടേതായി പുറത്തിറങ്ങുന്ന അടുത്ത ചിത്രം.