നീലഗിരിയുടെ തണുപ്പിലേക്ക് ഒരു യാത്ര

നിലമ്പൂര്‍ മലമ്പാതയിലൂടെ തമിഴ്‌നാട്ടിലെ നാടുകാണി ചെക്ക് പോസ്റ്റില്‍, അവിടെനിന്ന് ചേരമ്പാടിയിലെ വെന്റ്‌വര്‍ത്ത് എസ്റ്റേറ്റില്‍ എത്തി. ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനിയുടെ കീഴിലുള്ള വെന്റ്‌വര്‍ത്ത് എസ്റ്റേറ്റിലെ ഹോസ്പിറ്റാലിറ്റി വിഭാഗം പാക്കേജ് ടൂറുകള്‍ സംഘടിപ്പിക്കുന്നുണ്ടെന്നറിഞ്ഞാണ് അവിടെ എത്തിയത്. ഉച്ചയോടെ എസ്റ്റേറ്റിലെത്തി, ചേരമ്പാടി ബംഗ്ലാവ്, ഗ്ലോള്‍സ് ലാന്‍ഡ് ബംഗ്ലാവ് എന്നിവിടങ്ങളിലാണ്് ടൂറിസ്റ്റുകള്‍ താമസൗകര്യം നല്കുന്നത്. ചേരമ്പാടി ബംഗ്ലാവ് തെരഞ്ഞെടുത്തു. 1900ല്‍ ബ്രിട്ടീഷ് സായിപ്പന്മാര്‍ പണികഴിപ്പിച്ച ബംഗ്ലാവിന് ഇന്നും പുതുമോടി. ബംഗ്ലാവിനു പുറത്തുനിന്നുള്ള കാഴ്ചകള്‍ അതിഗംഭീരം.

അഞ്ചു ദിവസത്തെ പാക്കേജ് ടൂര്‍ പ്രോഗ്രാമാണ് എസ്റ്റേറ്റിലെ ടൂറിസം വിഭാഗം വാഗ്ദാനം ചെയ്തത്. ഉച്ച ഭക്ഷണത്തിനുശേഷം തേയില ഫാക്ടറി സന്ദര്‍ശനത്തോടെയാണ് എസ്റ്റേറ്റ് ടൂര്‍ ആരംഭിക്കുന്നത്. കെട്ടുകളായി എത്തിക്കുന്ന തേയിലക്കൊളുന്തുകള്‍ പുള്ളിയുടെ സഹായത്തോടെ ഫാക്ടറിയുടെ മുകളില്‍നിലയില്‍ എത്തിക്കുന്നതും വെതറിംഗും ഫെര്‍മന്റേഷനും ഹീറ്റിംഗും നടത്തി തേയില പൊടിയാക്കുന്ന രീതിയും ഫാക്ടറി മാനേജര്‍ വിശദീകരിച്ചു നല്കി. ഈ ഫാക്ടറിയില്‍ തായാറാക്കുന്ന തേയില വിദേശ വിപണിയിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. ബ്ലാക്ക്, ഗ്രീന്‍, വൈറ്റ് മൂന്നു തരം വേരിയന്റുകളിലാണ് ഇവിടെ തേയില ഉത്പാദിപ്പിക്കുന്നത്.

ടീ ടേസ്റ്റിംഗ് യൂണിറ്റാണ് ഫാക്ടറിയിലെ പ്രധാന ആകര്‍ഷണം. കയറ്റുമതിക്കായി തയാറാക്കുന്ന തേയിലയുടെ ഗുണനിലവാരം പരിശോധിക്കുന്ന ടീ ടേസ്റ്റര്‍ക്കൊപ്പം മികച്ച ഒരു ചായ കുടിക്കാന്‍ ടൂറിസ്റ്റുകള്‍ക്ക് ഇവിടെ അവസരമുണ്ട്. രസമുകുളങ്ങള്‍ കൊണ്ട് തേയിലയുടെ ഗുണനിലവാരം അളക്കുന്ന വിദ്യയെ സംബന്ധിച്ച് ടീ ടേസ്റ്ററില്‍നിന്ന് കൂടുതല്‍ അറിയാന്‍ സാധിച്ചു. ഫാക്ടറിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് രാത്രിയായ വിവരം അറിയുന്നത്. പുറത്തെ അന്തരീക്ഷത്തിന് സാമ്യം നല്ല തണുപ്പുണ്ട്. നേരേ താമസ്ഥലമായ ചേരമ്പാടി ബംഗ്ലാവിലെത്തി. ബംഗ്ലാവിലെ പാചകക്കാരന്‍ ഫെര്‍ണാണ്ടോ ഒരുക്കിയ വിഭവങ്ങളുടെ രുചിയിലേക്ക്….

കാപ്പിത്തോട്ടത്തിലൂടെ ഒരു ജീപ്പ് സഫാരി

പ്ലാന്റേഷനിലെ പ്രഭാത സവാരിയോടെയാണ് രണ്ടാം ദിനത്തിലേക്ക് ഉണര്‍ന്നത്. കൊളുന്തുനുള്ളുന്ന തൊഴിലാളികള്‍ക്കൊപ്പം കുറച്ചു സമയം ചെലവഴിച്ച് ബംഗ്ലാവില്‍ തിരിച്ചെത്തി. ബ്രേക്ക് ഫാസ്റ്റ് കഴിച്ചുതീര്‍ത്തതും ജീപ്പ് സഫാരിക്കു കൊണ്ടുപോകുന്നതിനായി എസ്‌റ്റേറ്റ് ജീവനക്കാരെത്തി. എസ്റ്റേറ്റിലെ കാപ്പി, കുരുമുളക് പ്ലാന്റേഷനു നടുവിലൂടെയാണ് യാത്ര. ആന, കരടി, സിംഹവാലന്‍ കുരങ്ങ് എന്നിവയെ സഫാരിക്കിടെ കാണാണെന്നും ഭാഗ്യമുണ്ടെങ്കില്‍ പുലിയെ വരെ കാണാമെന്നും അസിസ്റ്റന്റ് മാനേജര്‍ ഗൗതം പറഞ്ഞപ്പോള്‍ ഒന്നു ഞെട്ടി.

തേയില തോട്ടം പിന്നീട്ട്് കാട്ടുവഴികളിലൂടെ യാത്ര, ഒരു വശം എസ്റ്റേറ്റും മറുവശം വനവുമാണ്. അകലെനിന്നു നോക്കിയപ്പോള്‍ കാപ്പിത്തോട്ടത്തിലേക്കുള്ള പ്രവേശനവഴി ആരോ കല്ലുകള്‍ കൂട്ടിയിട്ടു തടസപ്പെടുത്തിയതു പോലെ, കല്ല് അല്ല ആനപിണ്ടമാണ് അതെന്നു മനസിലാക്കാന്‍ അധികനേരം വേണ്ടി വൈകേണ്ടിവന്നില്ല, നല്ല ആനച്ചൂര് അനുഭവപ്പെടുന്നുണ്ട്. സമീപത്ത് ആനയുണ്ടെന്ന് ഡ്രൈവര്‍ മുന്നറിയിപ്പ് നല്കി.

കാപ്പിത്തോട്ടതിനു നടുവിലൂടെയുള്ള ചെങ്കുത്തായ വഴിയിലൂടെ ജീപ്പ് മുന്നോട്ട് നീങ്ങുകയാണ്, പെട്ടെന്ന് ഒരു ചിന്നം വിളി, ശരീരം മൊത്തത്തില്‍ കിടുങ്ങി. ജീപ്പു നില്‍ക്കുന്ന കുന്നിനു താഴെ ആനക്കൂട്ടം വിഹരിക്കുകയാണ്. ആനക്കൂട്ടം ശല്യക്കാരല്ലെന്നും ഒറ്റയാനെ മാത്രം പേടിച്ചാല്‍ മതിയെന്നുമുള്ള ഡ്രൈവറുടെ ഉറപ്പില്‍ വാഹനം വീണ്ടും മുന്നോട്ട്. കാപ്പിത്തോട്ടത്തിലൂടെ രണ്ടു കിലോമീറ്റര്‍ ദൂരം പിന്നീട്ട്, ബെഞ്ച് മട്ടത്ത് എത്തി. ഏതോ സായിപ്പിന്റെ കാലത്ത് തോട്ടത്തിനു നടുവില്‍ പണികഴിപ്പിച്ചതാണ് ഈ ഇരിപ്പിടം, ഇവിടെ കുറച്ചുനേരം ഇരുന്ന് കാഴ്ച്ചകള്‍ കണ്ടു. കാപ്പിച്ചെടികള്‍ക്കൊപ്പം വന്‍മരങ്ങളില്‍ കുരുമുളക് ചെടിയും ഇവിടെ വളര്‍ത്തുന്നുണ്ട്. സത്യത്തില്‍ ഒരു നിബിഡവനത്തിന്റെ പ്രതീതിയാണ് ഇവിടെ. ബെഞ്ചുമട്ടത്തെ വിശ്രമിത്തിനിടെ, വിവിധതരം പക്ഷികളെ കാണാന്‍ സാധിച്ചു, ദൂരെ മരത്തില്‍ ഒരു സിംഹവാലന്‍ കുരങ്ങിനെയും കണ്ടു.

മലമുകളിലെ പാറക്കെട്ടിലേക്ക് ഒരു ട്രക്കിംഗ്

ബെഞ്ച് മട്ടത്തുനിന്ന് ട്രക്കിംഗ് പോയിന്റില്‍ എത്തി, ഒന്നാം നമ്പര്‍ എന്നു വിളിക്കുന്ന എന്‍ഡിംഗ് പോയിന്റിലേക്ക് തേയിലത്തോട്ടത്തിലൂടെ ഒരു ആറു കിലോമീറ്റര്‍ ദൂരം നടക്കണം. തേയിലത്തോട്ടത്തിനു നടുവിലൂടെ വളഞ്ഞും പുളഞ്ഞുമുള്ള വഴികളിലൂടെയുള്ള നടത്തം അല്‍പം ശ്രമകരമാണ്. കളിമണ്ണിനു സമാനമായ മണ്ണില്‍ ശ്രദ്ധിച്ചു ചവിട്ടിയില്ലെങ്കില്‍ തെന്നി വീഴാന്‍ സാധ്യത കൂടുതലാണ്. 100 വര്‍ഷം മുതല്‍ പത്തു വര്‍ഷം വരെ പ്രായമുള്ള തേയില ചെടിക്കള്‍ക്കിടയിലൂടെയുള്ള നടത്തം ആനന്ദകരമാണ്. നാലു കിലോമീറ്റര്‍ ദൂരം പിന്നിട്ടപ്പോള്‍ നിരപ്പായ ഒരു പ്രദേശത്ത് ഞങ്ങള്‍ എത്തി. അവിടെ നിന്നും പിന്നിട്ട തോട്ടങ്ങളിലേക്കുള്ള കാഴ്ച അതിമനോഹരാണ്. പച്ചവിരിച്ച നിരവധി മൊട്ടകുന്നുകളില്‍ പരന്നുകിടക്കുന്ന വെന്റ്‌വര്‍ത്ത് എസ്റ്റേറ്റും സമീപത്തെ എസ്റ്റേറ്റുകളും…

ക്ഷീണം മാറിയ ശേഷം വീണ്ടും ഒന്നാം നമ്പറിനു മുകളിലെ പാറക്കെട്ടിലേക്ക് യാത്ര, പിന്നിട്ട വഴികളെക്കാള്‍ അല്‍പം കൂടി കഠിനമാണ് ഫിനീഷിംഗ് പോയിന്റിലേക്കുള്ള നടത്തം, ശ്രമകരമായ ഉദ്യമത്തിനു ശുഭപര്യവസാനമെന്നോണം അവസാനം പാറക്കെട്ടില്‍ ഒരു വിധം കയറിപ്പറ്റി. ഫോട്ടോ എടുക്കലിനു ശേഷം തിരിച്ചിറക്കം, ആറു കിലോമീറ്റര്‍ തിരിച്ചു നടക്കേണ്ട. നേരത്തേ വിശ്രമിക്കാനിരുന്ന സ്ഥലത്ത് വാഹനം എത്തിയിരുന്നു. വാഹനത്തില്‍ കയറി ഉച്ചഭക്ഷണത്തിനായി ബംഗ്ലാവിലെത്തി..

ചെറിയൊരു മയക്കത്തിനു ശേഷം കുന്നിന്‍ മുകളിലെ സൂര്യാസ്തമനം കാണാന്‍ നീലിമല വ്യൂപോയിന്റിലെത്തി, എസ്‌റ്റേറ്റിനു പുറത്തുള്ള നീലിമല വ്യൂപോയിന്റിനു താഴെ വരെ വാഹനം എത്തും. വ്യൂപോയിന്റു മുകളില്‍ നടന്നെത്തി, പ്രശാന്തസുന്ദരമായ അന്തരീക്ഷം. ഇവിടെനിന്ന് അസ്തമനം കണ്ടശേഷം ബംഗ്ലാവിലേക്ക് മടങ്ങി.

സ്വര്‍ണഖനിയും മഴദൈവത്തിന്റെ അമ്പലവും

സ്വര്‍ണം കുഴിച്ചെടുക്കാനാണ് സായിപ്പ് നീലഗിരി കുന്നിലെത്തിയത്. ചേരമ്പാടിയില്‍ ഇതിനായി കുഴിച്ചു കുഴിച്ചു ചെന്നപ്പോള്‍ സ്വര്‍ണത്തിനു പകരം ലഭിച്ചത് മൈക്കയായിരുന്നു. മൈക്കയ്ക്ക് ആവശ്യക്കാരില്ലാതായപ്പോള്‍ ഖനി ഉപേക്ഷിച്ചു. ഉപേക്ഷിക്കപ്പെട്ട ഖനിയും സമീപത്തെ മഴ ദൈവത്തിന്റെ അമ്പലത്തിലും കാണാന്‍ സഞ്ചാരികള്‍ എത്തുന്നുണ്ട്. കടുത്തവേനലില്‍ മഴലഭിക്കുന്നതിനായി എസ്റ്റേറ്റ് തൊഴിലാളികളും തദ്ദേശീയരും ഖനിക്കു സമീപത്തെ അമ്പലത്തില്‍ മൃഗബലി നടത്തും. ബലി നടന്നു മണിക്കൂറുകള്‍ക്കകം മഴ പെയ്യുമത്രേ.

ബ്ലേക്ക് ഹൈഡ്രാമും പിക്‌നിക് സ്‌പോട്ടും

രണ്ടു ദിവസത്തെ മലകയറ്റത്തിനും ആനപ്പേടിക്കും ശേഷം എസ്റ്റേറ്റിനു പുറത്തേക്ക് ഒരു ട്രിപ്പ്, വയനാട്ടിലെ സൂചിപ്പാറ വെള്ളച്ചാട്ടം, ഇടക്കല്‍ ഗുഹ, ബാണാസുര സാഗര്‍ അണക്കെട്ട്, ഫാന്റം റോക്ക്, പൂക്കോട് തടാകം എന്നിവ സന്ദര്‍ശനമാണ് മൂന്നാം ദിനത്തെ പ്രധാനപരിപാടികള്‍…. മുകളില്‍ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളില്‍ നിരവധി തവണ സന്ദര്‍ശനം നടത്തിയിരുന്നതിനാല്‍ അതൊഴിവാക്കാമെന്ന നിര്‍ദേശം ഞാന്‍ മുന്നോട്ടു വച്ചു… ഇതിനെത്തുടര്‍ന്ന് എസ്‌റ്റേറ്റിലെ എന്‍ജിനിയറിംഗ് അത്ഭുതമായ ഹൈഡ്രാമും സമീപത്തെ പിക്കിനിംഗ് സ്‌പോട്ടും കണാന്‍ തീരുമാനിച്ചു.

എസ്‌റ്റേറ്റിലെ ചോലാടി ഡിവിഷനിലാണ് പതിറ്റാണ്ടുകള്‍ പഴക്കമുള്ള ജലപമ്പ് സ്ഥിതിചെയ്യുന്നത്. തേയില തോട്ടവും ഇല്ലിക്കാടും പിന്നിട്ട് ഹൈഡ്രമിന്റെ സമീപത്തെത്തി. തടയണയില്‍ കെട്ടിനിര്‍ത്തിയിരിക്കുന്ന ജലം ഇരുമ്പു പൈപ്പിലൂടെ ഹൈഡ്രാമില്‍ എത്തിച്ചാണ് പമ്പ് ചെയ്യുന്നത്. ജലത്തിന്റെ മര്‍ദം മാത്രമുപയോഗിച്ചാണ് ഹൈഡ്രാം പ്രവര്‍ത്തിക്കുന്നത്്. എസ്റ്റേറ്റ് ബംഗ്ലാവിലേക്കും ചോലാടി ഡിവിഷനിലെ ആയിരത്തോളം ലയങ്ങളിലേക്കും ഇവിടെനിന്ന് ജലം എത്തിച്ചിരുന്നു. ഇന്ത്യയില്‍ വെന്റ്‌വര്‍ത്ത് എസ്റ്റേറ്റിലും താജ്മഹലിലും മാത്രമാണ് ഹൈഡ്രാം പമ്പുകള്‍ ഉള്ളത്.

ഹൈഡ്രാം കാഴ്ചയ്ക്കു ശേഷം ചോലാടി ഡിവിഷനില്‍ തന്നെയുള്ള പിക്‌നിക് സ്‌പോട്ടിലെത്തി. അരുവിയും വെള്ളച്ചാട്ടവുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. അരുവിയിലേക്ക് ചെങ്കുത്തായ ഇറക്കമാണ്. കരിങ്കല്‍ പാളികൊണ്ട് പടികള്‍ തീര്‍ത്തിട്ടുണ്ടെങ്കിലും ശ്രദ്ധിച്ചിറങ്ങിയില്ലെങ്കില്‍ കൊക്കയിലേക്ക് പതിക്കും. പടികളില്‍ കൈവരി തീര്‍ത്തിട്ടുണ്ടെങ്കിലും ഇവ പലയിടത്തും തകര്‍ന്ന നിലയിലാണ്. കാട്ടാനകളുടെ ആക്രമണത്തിലാണ് കൈവരികള്‍ തകര്‍ന്നതെന്ന് അന്വേഷണത്തില്‍നിന്ന് മനസിലായി. പിക്‌നക് സ്‌പോട്ടില്‍നിന്ന് ബംഗ്ലാവില്‍ തിരിച്ചെത്തി. ഉച്ചഭക്ഷണത്തിനു ശേഷം വെന്റ്‌വര്‍ത്തിനോട് വിടപറഞ്ഞ് ഞാന്‍ നാട്ടിലേക്ക് തിരിച്ചു.

Wentworth Estate
Cherambadi (po), Nilgiri, Tamilnadu
www.wentworthheritagebungalows.co.in

സെബിന്‍ ജോസഫ്

 

Related posts