പൊമ്പിളൈ ഒരുമൈ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഡിഎഫ് സംസ്ഥാനത്തുടനീളം പ്രക്ഷോഭം നടത്തുമ്പോഴും സമരത്തോട് മുഖം തിരിച്ച് നില്ക്കുന്ന എ.കെ.മണിയുടെ നേതൃത്വത്തിലുള്ള പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട് ചര്‍ച്ചയാവുകയാണ്. സമരത്തോട് ആദ്യം മുതല്‍ തന്നെ വിമുഖത പ്രകടിപ്പിച്ചിരുന്ന എ.കെ.മണി ഒരിക്കല്‍ പോലും സമരത്തെ പിന്തുണയ്ക്കുകയോ സമരപ്പന്തലില്‍ എത്തുകയോ ചെയ്തിരുന്നില്ല. ഇത് പൊമ്പിള ഒരുമൈയുടെ സമരമല്ലെന്നും ആം ആദ്്മിയുടെ സമരമാണെന്നും സമരപ്പന്തലില്‍ ആം ആദ്മിയുടെ കൊടിയാണ് ഉള്ളതെന്നുമുള്ള വാദങ്ങളുയര്‍ത്തിയാണ് സമരത്തോട് മുഖം തിരിഞ്ഞു നില്ക്കുന്നതെങ്കിലും അത് യഥാര്‍ഥ കാരണമല്ലെന്ന് വ്യക്തമാണ്.
സ്ത്രീത്വത്തെ അപമാനിച്ചു എന്ന രീതിയില്‍ പ്രശ്നത്തിന് പൊതുസമ്മതി ഉള്ളപ്പോള്‍ ഇത്തരമൊരു കാരണം ചൂണ്ടിക്കാട്ടി സമരത്തില്‍ നിന്ന് ഒഴിഞ്ഞുനില്ക്കുന്ന നിലപാടിന് അണികളില്‍ നിന്ന് അഭിപ്രായ ഭിന്നത ഉയരുമ്പോഴും സമരത്തെ പിന്തുണയ്ക്കണ്ട എന്നു തന്നെയാണ് എ.കെ.മണിയുടെ ശക്തമായ നിലപാട്. ജില്ലയിലെ പ്രമുഖ രാഷ്ട്രീയ എതിരാളിയായ എം.എം.മണിക്കും സിപിഎമ്മിനും എതിരെ പ്രയോഗിക്കാനുള്ള രാഷ്ട്രീയ ആയുധമാകുമ്പോഴും മണിയ്ക്കെതിരായി ഒരു പരാമര്‍ശം പോലും എ.കെ. മണി നടത്തിയിട്ടില്ല. ഈ നിലപാടില്‍ ഒരു വിഭാഗത്തിന് ഇപ്പോഴും അമര്‍ഷമുണ്ട്. എന്നാല്‍ രാഷ്ട്രീയ നിലപാടിനെക്കാളേറെ പ്രാദേശിക താല്പര്യങ്ങളാണ് എ.കെ.മണിക്കുള്ളത് എന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. മൂന്നാറിലെ ആദ്യഘട്ട സമരത്തില്‍ പാര്‍ട്ടികള്‍ക്കെതിരെ പടയൊരുക്കം നടത്തിയ പൊമ്പിളൈ ഒരുമൈയോട് ചേര്‍ന്ന് സമരം നടത്തിയാല്‍ അത് തൊഴിലാളികളുടെയിടയില്‍ ഉണ്ടാക്കാനിടയുള്ള പ്രത്യാഘ്യാതങ്ങള് നേതൃത്വം കണക്കിലെടുക്കുന്നുണ്ട്.
പൊമ്പിളൈ ഒരുമൈ സമരത്തെ പിന്തുണയ്ക്കുകയാണെങ്കില് പാര്‍ട്ടി അനുഭാവികളായ തൊഴിലാളികള്‍ തന്നെയാണ് പിന്തുണയ്ക്കേണ്ടതെന്ന യാഥാര്‍ത്ഥ്യവും എ.കെ. മണിയെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്. പാര്‍ട്ടിയുടെ പ്രാദേശിക താല്പര്യങ്ങള്ക്കൊപ്പം സമീപകാലമായി സംസ്ഥാനത്തെ തന്നെ മുള്‍മുനയില്‍ നിര്‍ത്തുന്ന മൂന്നാര്‍ കൈയ്യേറ്റ വിഷയത്തെ സംബന്ധിക്കുന്ന കാര്യങ്ങളും തീരുമാനത്തെ സ്വാധീനിക്കുന്നുണ്ട്. സിപിഎമ്മിനെ രാഷ്ട്രീയമായി നേരിടുമ്പോഴും കൈയേറ്റ വിഷയത്തില്‍ സി.പി.എമ്മിനെ സഹായിക്കുന്ന വിധത്തിലുള്ള നിലപാടുകളാണ് എ.കെ.മണി സ്വീകരിച്ചു വന്നിരുന്നത്. കൈയ്യേറ്റത്തില്‍ നടപടികള്‍ ഉണ്ടാകുന്ന പക്ഷം സിപിഎം നേതാക്കള്‍ക്കൊപ്പം പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും കുടുങ്ങും എന്ന സാഹചര്യത്തില്‍ സിപിഎമ്മിനെ ഈ സാഹചര്യത്തില്‍ എതിര്‍ത്താല്‍ തിരിച്ചടിയുണ്ടാകുമെന്നും എ.കെ മണി കരുതുന്നുണ്ട്.
പ്രാദേശിക നേതാക്കള്‍ മുതല്‍ സംസ്ഥാന നേതാക്കള്‍ വരെ കൈയേറ്റങ്ങള്‍ നടത്തിയിട്ടുണ്ടെന്ന സത്യവും നിലനില്‍ക്കുന്നുണ്ട്. കെപിസിസി പ്രസിഡന്റ് എം.എ.ഹസന് അസന്നിദ്ഗമായി സമരത്തെ അനുകൂലിക്കുമ്പോഴും വൈസ് പ്രസിഡന്റായ മണി അത് അംഗീകരിക്കുന്നത് നിക്ഷിപ്ത താല്പര്യങ്ങള് കൊണ്ടാണെന്ന് സംസ്ഥാന നേതൃത്വവും തിരിച്ചറിഞ്ഞിട്ടുണ്ട്. സമരത്തിന് പിന്തുണ എന്നത് കെപിസിസി നിലപാടാണെന്നും മണിയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും കെപിസിസി വ്യക്തമാക്കിയിരുന്നു. കൈയേറ്റങ്ങള്‍ സംസ്ഥാന വ്യാപകമായ പ്രധാന വിഷയമാകുന്പോഴും സര്‍ക്കാര്‍ കൈയേറ്റക്കാരെ കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തിറക്കാന്‍ തയ്യാറാകാത്തതുമെല്ലാം സിപിഎമ്മിനും കോണ്‍ഗ്രസിനുമെല്ലാം ആശ്വാസമാകുന്നുണ്ട്. പാപ്പാത്തിച്ചോലയില്‍ വിവാദഭൂമിയില്‍ കുരിശില്‍ തട്ടിയതോടെ നടപടികള്‍ ഇഴയുകയാണ്. മതപ്രതീകങ്ങളെ മറയാക്കിയും വൈകാരിത ഉയര്‍ത്തിപ്പിടിച്ചും കൈയ്യേറ്റങ്ങള്‍ക്കെതിരെ നടപടികളില്‍ കരിനിഴല്‍ വീഴ്ത്തിയത് മൂന്നാറിലെ ജനങ്ങള്‍ സംശയത്തോടെയാണ് നോക്കിക്കാണുന്നത്. മൂന്നാറിലെ ആദ്യ ദൗത്യ സംഘത്തിന്റെ ഒഴിപ്പിക്കല്‍ പരിപാടികളില്‍ രാഷ്ട്രീയ പാര്‍ട്ടികളും കച്ചവടക്കാരുമെല്ലാം ജനരോഷമുണ്ടെന്ന ധാരണ പരത്തി ഒഴിപ്പിക്കലിനെ തടയിട്ടതുപോലെയുള്ള സാഹചര്യങ്ങള്‍ ഇപ്പോഴും ഉയര്‍ത്തുന്നുവെന്നാണ് പൊതുജനങ്ങള്‍ കരുതുന്നത്.