വിവാഹശേഷം വരന്റെ വീട്ടിലെത്തിയ വധൂവരന്മാരുടെ തലകള്‍ അപകടകരമാംവിധം കൂട്ടിയിടിപ്പിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു.
കൊല്ലങ്കോട് പോലീസ് ആണ് കേസെടുത്തത്. സംഭവത്തില്‍ സുഭാഷ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ദേഹോപദ്രവം ഏല്‍പ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് വനിതാ കമ്മീഷന് കൊല്ലങ്കോട് പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു.
പല്ലശന തെക്കുംപുറം വീട്ടില്‍ സച്ചിന്റെയും സജിലയുടെയും വിവാഹത്തിനു പിന്നാലെയായിരുന്നു ഈ സംഭവം.
വധൂവരന്മാര് വരന്റെ വീട്ടിലെത്തിയപ്പോള്‍, വീട്ടിലേക്ക് കയറുന്നതിന് മുന്‍പ് പിന്നിലൂടെ എത്തിയ ഒരാള്‍ വധുവരന്മാരുടെ തലകള്‍ കൂട്ടിയിടിപ്പിക്കുകയായിരുന്നു.
വധു വരന്റെ വീട്ടിലേക്ക് കരഞ്ഞുകൊണ്ട് കയറണം എന്ന ആചാരത്തിന്റെ പുറത്താണ് ഇങ്ങനെ ചെയ്തത് എന്നാണ് നാട്ടുകാര്‍ പറയുന്നത്.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമര്‍ശനം ഉയരുകയും സംസ്ഥാന വനിതാ കമ്മീഷന് സ്വമേധയാ കേസെടുക്കുകയും ചെയ്തു. ഇത്തരം ആചാരം അവസാനിപ്പിക്കണമെന്ന് വധു തന്നെ ആവശ്യപ്പെട്ടിരുന്നു.