ലോക്‌സഭാ തെരഞ്ഞെടുപ്പ് ചൂടു പിടിച്ചുകൊണ്ടിരിക്കുന്നു. ഓരോ പാര്‍ട്ടികളും തങ്ങളുടെ തുറുപ്പു ചീട്ടുകള്‍ പുറത്തിറക്കിക്കൊണ്ടിരിക്കുന്നു. വാദങ്ങളും വാഗ്ദാനങ്ങളും ഉയരുന്നു. കുറ്റപ്പെടുത്തലുകളും പഴിചാരലുകളും അവകാശവാദങ്ങളും നിരത്തിക്കൊണ്ടേയിരിക്കുന്നു. ഇതെല്ലാം സ്വാഭാവികം. എന്നാല്‍ യുക്തിയ്ക്ക് നിരക്കാത്ത കാര്യങ്ങള്‍ ഇങ്ങനെ വിളിച്ചു പറയാന്‍ പാടുണ്ടോ അതും നേതാക്കള്‍ എന്നാണ് ആളുകള്‍ ഇപ്പോള്‍ ചോദിക്കുന്നത്.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ. എന്‍. രാധാകൃഷ്ണന്‍ പറഞ്ഞ ഒരു പ്രസ്താവനയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
വൈദ്യുത മന്ത്രി എം.എം മണിക്കെതിരെയും സര്‍ക്കാരിനെതിരെയും അധിക്ഷേപ പരാമര്‍ശവുമായാണ് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ രംഗത്തെത്തിയത്. മണ്ടന്മാരെയും വിവരമില്ലാത്തവരെയും ജയിപ്പിച്ചതിനാലാണ് സംസ്ഥാനത്ത് പ്രളയം ഉണ്ടായതെന്നായിരുന്നു എ.എന്‍ രാധാകൃഷ്ണന്റെ പരാമര്‍ശം.
സ്‌കൂളിന്റെ പടി കാണാത്ത എം.എം മണി, ഡാം തുറന്നുവിട്ട് കേരളത്തെ പ്രളയത്തില്‍ മുക്കിയെന്നും എ.എന്‍ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി. ഉമ്മന്‍ ചാണ്ടിക്കെതിരെയും വിമര്‍ശനവുമായി എ.എന്‍ രാധാകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു.
ഉമ്മന്‍ ചാണ്ടിയുടെ പേര് ഉമ്മര്‍ഖാന്‍ എന്നാക്കണമെന്നും രാജ്യദ്രോഹ കുറ്റത്തിന് ജയിലില്‍ അടക്കണമെന്നുമായിരുന്നു എ.എന്‍ രാധാകൃഷ്ണന്റെ പരാമര്‍ശം.
‘ഉമ്മന്‍ ചാണ്ടി പാക് പ്രധാനമന്ത്രിയുടേയും പാക് പട്ടാളത്തിന്റെയും മെഗാഫോണായി, പാക് പ്രധാനമന്ത്രിയെ ഇത്രയും അംഗീകരിക്കാന്‍ എന്താണ് പ്രചോദനം? ഉമ്മന്‍ചാണ്ടിക്ക് തീവ്രവാദികളുടെയും പാക്കിസ്ഥാന്റയെും ഭാഷയാണ്’ .എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
ഇന്ത്യന്‍ വ്യോമാസേന വിംഗ് കമാന്റര്‍ അഭിനന്ദനെ വിട്ടയച്ചതുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിയുടെ ട്വീറ്റിനെ മുന്‍നിര്‍ത്തിയായിരുന്നു എ.എന്‍ രാധാകൃഷ്ണന്റെ പരാമര്‍ശം. ഏതായാലും എം.എന്‍.രാധാകൃഷ്ണന്റെ പാരമര്‍ശം വലിയ വിവാദത്തിന് വഴി വച്ചിരിക്കുകയാണ്.