തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ പദവി വഹിക്കാന്‍ സാധിക്കുന്നത് രാഷ്ട്രീയ ജീവിതത്തിലെ ഭാഗ്യമായി കരുതുന്നുവെന്ന് എ.എന്‍.ഷംസീര്‍. സ്പീക്കര്‍ പദവി പുതിയ റോളാണ്. ഇത് രാഷ്ട്രീയ ജീവിതത്തിലെ ഭാഗ്യമായി കരുതുന്നു.
സഭാനടപടികള്‍ നല്ല രീതിയില്‍ നടത്തിക്കൊണ്ടുപോകാന്‍ എല്ലാവരുടെയും സഹായത്തോടെ സാധിക്കുമെന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തന്റെ രാഷ്ട്രീയ ഗുരുവായ കോടിയേരി ബാലകൃഷ്ണന്റെ ചരമോപചാരം വായിക്കേണ്ടി വരുന്നു എന്നതിൽ വ്യക്തിപരമായി ദുഃഖമുണ്ടെന്നും ഷംസീര്‍ പറഞ്ഞു.
പതിഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനമാണ് ഇന്ന് ആരംഭിച്ചത്. എ.എന്‍.ഷംസീര്‍ സ്പീക്കറായതിന് ശേഷമുളള ആദ്യ നിയമസഭാ സമ്മേളനമാണിത്.
നിയമസഭാ സ്പീക്കർ പാനലിൽ മുഴുവൻ വനിതകൾ
തിരുവനന്തപുരം: നിയമസഭാ സ്പീക്കർ പാനലിൽ ചരിത്രത്തിൽ ആദ്യമായി മുഴുവൻ വനിതകൾ. ഭരണപക്ഷത്ത് നിന്നും യു.പ്രതിഭ, സി.കെ. ആശ എന്നിവരും പ്രതിപക്ഷത്ത് നിന്നും കെ.കെ.രമയുമാണ് പാനലിലുള്ളത്.
നിയമസഭ സമ്മേളിക്കുന്പോൾ സ്പീക്കറുടെ അഭാവത്തിൽ സഭാ നടപടികൾ നിയന്ത്രിക്കുന്നതിനാണ് പാനൽ. സ്പീക്കർ എ.എൻ.ഷംസീറാണ് സ്പീക്കർ പാനലിൽ മുഴുവൻ വനിതകൾ മതിയെന്ന ആശയം മുന്നോട്ട് വച്ചത്.
നിയമസഭയുടെ ചരിത്രത്തിൽ ആദ്യമാണ് സ്പീക്കർ പാനലിൽ മുഴുവൻ വനിതകൾ ഉൾപ്പെടുന്നത്. യു. പ്രതിഭയെയും സി.കെ.ആശയെയും ഭരണപക്ഷത്ത് നിന്നും പരിഗണിച്ചപ്പോൾ പ്രതിപക്ഷം കെ.കെ.രമയുടെ പേര് നിർദേശിക്കുകയായിരുന്നു.