നവാസ് മേത്തർ
തലശേരി: സിപിഎം സംസ്ഥാന സെക്രട്ടറിയായി എം.വി.ഗോവിന്ദൻ നിയോഗിക്കപ്പെട്ടതോടെ ഒഴിവ് വരുന്ന മന്ത്രിപദത്തിലേക്ക് എ.എൻ. ഷംസീറിന് സാധ്യത.
കോടിയേരിയുടെ പിൻഗാമിയായി തലശേരിയിൽ നിന്നും രണ്ടാം തവണയും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എ.എൻ.ഷംസീറിന് മന്ത്രിസ്ഥാനം നല്കാനുള്ള ചർച്ചകൾ നടന്നുകഴിഞ്ഞതായും സൂചനയുണ്ട്.
പിണറായി കളരിയിൽ രാഷ്ട്രീയം പഠിച്ചവനും ഒപ്പം കോടിയേരിയുടെ സന്തതസഹചാരിയുമാണ് ഷംസീർ. ഷംസീറിനെ മന്ത്രിയാക്കണമെന്ന ആവശ്യം കോടിയേരിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളാണ് നേതൃത്വത്തിനു മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്.
ഇക്കാര്യത്തിൽ കോടിയേരിയുടെ മനസും ഷംസീറിന് അനുകൂലമാണെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഷംസീറിന് അനുകൂലമായ നിലപാട് നേതൃത്വത്തിൽ ഉണ്ടായിട്ടുള്ളതെന്നും പറയപ്പെടുന്നു.
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഷംസീർ മന്ത്രിയാകുമെന്ന് വ്യാപകമായ പ്രചാരണം ഉണ്ടായിരുന്നെങ്കിലും അവസാനഘട്ടം തഴയപ്പെടുകയായിരുന്നു.
രണ്ടാം പിണറായി മന്ത്രി സഭയിൽ മുഖ്യമന്ത്രി ഒഴിച്ച് എല്ലാവരും പുതുമുഖങ്ങളായതും ഷംസീറിന് അനുകൂലമായ ഘടകമായിട്ടുണ്ട്.
മാത്രവുമല്ല, സിപിഎമ്മിലെ യുവ നേതൃനിരയുടെ പിന്തുണയും ഷംസീറിനുണ്ട്. ഷംസീർ മന്ത്രിയായാൽ പാർട്ടി കോട്ടയായ കണ്ണൂർ ജില്ലക്ക് മന്ത്രി പദവി നഷ്ടപ്പെടുന്ന സാഹചര്യവും ഒഴിവാക്കപ്പെടും.
ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മറ്റി അംഗവുമായ ഷംസീർ കണ്ണൂർ സർവകലാശാലാ യൂണിയൻ പ്രഥമ ചെയർമാനുമായിരുന്നു.
എസ്എഫ്ഐ ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
ബ്രണ്ണൻ കോളജിൽനിന്ന് ഫിലോസഫിയിൽ ബിരുദവും കണ്ണൂർ സർവകലാശാലാ പാലയാട് കാമ്പസിൽനിന്ന് നരവംശശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ നിന്നും എൽഎൽബിയും എൽഎൽഎമ്മുംപൂർത്തിയാക്കിയ ഷംസീർ മലബാർ കാൻസർ സെന്ററിലെത്തുന്ന അർബുദരോഗികളുടെ സഹായത്തിനായി സ്ഥാപിച്ച ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയുടെ വർക്കിംഗ് ചെയർമാനുമാണ്.