കഴിഞ്ഞ കുറച്ചു നാളുകളായി തനിക്കെതിരേ ഒരു ഗൂഢസംഘം ബോളിവുഡില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എ.ആര് റഹ് മാന്‍. അടുത്തിടെയായി തനിക്ക് ബോളിവുഡില്‍ സിനിമ കുറയാന്‍ കാരണവും ഇതാണെന്ന് റഹ് മാന്‍ വ്യക്തമാക്കി.
റേഡിയോ മിര്‍ച്ചിക്ക് നല്കിയ അഭിമുഖത്തിലാണ് തനിക്കെതിരേ ബോളിവുഡില്‍ ചില സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി റഹ്മാന് വെളിപ്പെടുത്തിയത്.
”നല്ല സിനിമകള്‍ വേണ്ടെന്ന് ഞാന്‍ പറയുന്നില്ല, പക്ഷേ ഒരു സംഘമുണ്ടെന്ന് ഞാന്‍ കരുതുന്നു, തെറ്റിദ്ധാരണകള്‍ കാരണം ചില തെറ്റായ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നു. മുകേഷ് ചബ്ര എന്റെയടുത്തെത്തിയപ്പോള്‍, രണ്ട് ദിവസത്തിനുള്ളില്‍ ഞാന്‍ അദ്ദേഹത്തിന് നാല് ഗാനങ്ങള്‍ നല്കി. അദ്ദേഹം എന്നോട് പറഞ്ഞു, ‘സര്, എത്ര പേര് പറഞ്ഞു, പോകരുത്, അവന്റെ (എ ആര് റഹ്മാന്) അടുത്തേക്ക് പോകരുത് അവര്‍ കഥകള്‍ക്ക് ശേഷം കഥകള്‍ പറഞ്ഞു.’ ഞാന്‍ അത് കേട്ടു, ഞാന്‍ മനസ്സിലാക്കി,” എആര്‍ റഹ്മാന് പറഞ്ഞു.
എന്തു കൊണ്ടാണ് നല്ല സിനിമകള്‍ തന്നിലേക്ക് വരാത്തതെന്ന് തനിക്ക് മനസ്സിലായെന്നും ഒരു സംഘം തനിക്കെതിരേ പ്രവര്‍ത്തിക്കുന്നുവെന്നും റഹ് മാന്‍ പറഞ്ഞു.
താന്‍ മികച്ച കാര്യങ്ങള്‍ ചെയ്യുമെന്ന് ജനങ്ങള്‍ക്ക് പ്രതീക്ഷയുണ്ടെന്നും എന്നാല്‍ ഇത് തടയുന്ന മറ്റൊരു സംഘമുണ്ടെന്നും താന്‍ വിധിയില്‍ വിശ്വസിക്കുന്നതിനാല്‍ ഇതൊന്നും തന്നെ ബാധിക്കുന്നില്ലെന്നും റഹ്മാന് പറഞ്ഞു.
എല്ലാം ദൈവത്തില്‍ നിന്നുള്ളതാണെന്ന് വിശ്വസിക്കുന്നുവെന്നും തന്റെ അടുത്തേക്ക് വരാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുശാന്ത് സിംഗ് രജ്പുത്തിന്റെ അവസാന ചിത്രമായ ‘ദില്‍ ബെച്ചാര’യിലെ ‘സ്വാന്’ എന്ന ഗാനത്തിന് സംഗീതം നല്‍കിയത് റഹ്മാന് ആണ്. ജോണ്‍ ഗ്രീന്റെ നോവല്‍ ‘ദി ഫാള്‍ട്ട് ഇന്‍ ഔര്‍ സ്റ്റാര്‍സ്’ അടിസ്ഥാനമാക്കിയുള്ള ‘ദില്‍ ബെച്ചാര’ വെള്ളിയാഴ്ച ഡിസ്നി + ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്തിരുന്നു.