നിയാസ് മുസ്തഫ
ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ചിത്രകാരനെന്ന് ശിവദാസ് വാസുവിനെ വിശേഷിപ്പിച്ചാല്‍ അതു തെറ്റല്ല. അത്രയ്ക്കു മനോഹരമാണ് ശിവദാസ് കാന്‍വാസിലേക്കു കോറിയിട്ട ചിത്രങ്ങള്‍. വരച്ചതേത്, യാഥാര്‍ഥ്യമേത് എന്നുപോലും ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കണ്ടാല്‍ സംശയിച്ചുപോകും.
ചിത്രകലയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ശിവദാസ് അടുത്തിടെ ഒരു ആദിവാസി മൂപ്പന്റെ ചിത്രം വരച്ചിരുന്നു. ജീവന് തുടിക്കുന്ന ആ ചിത്രം സോഷ്യല്‍മീഡിയ ഏറ്റെടുത്തുവെന്നുവേണം പറയാന്‍. ഫെയ്സ്ബുക്കിലെ ചിത്രകാരന്മാരുടെ സര്‍കാസം, ചെന്നൈ മീംസ് എന്നീ ഗ്രൂപ്പുകളിലൂടെ ചിത്രം വൈറലായിരിക്കുകയാണ്. ഇതിനോടകം രണ്ടുലക്ഷത്തിലേറെപ്പേര്‍ ഈ ചിത്രത്തിനു ലൈക്ക് ചെയ്തു.
സോഫ്റ്റ് പേസ്റ്റല്‍ മാധ്യമത്തിലൂടെയാണ് ആദിവാസിമൂപ്പന്റെ ജീവന് തുടിക്കുന്ന ചിത്രം ശിവദാസ് വരച്ചത്. ഓയില്‍ പെയിന്റ്, അക്രിലിക്, സ്റ്റംപ് വര്‍ക്ക്, ചാര്‍ക്കോള്‍ പെന്‍സില്‍ തുടങ്ങിയ മാധ്യമങ്ങളില്‍ വരച്ചു മികവു തെളിയിച്ച ശിവദാസ് കേരളത്തില്‍ ത്രിമാനചിത്രകല ആദ്യമായി പരീക്ഷിച്ചു വിജയിച്ച കലാകാരന് കൂടിയാണ്.
ഗുരുക്കന്മാരില്ലാതെയുള്ള തുടക്കം
ആലപ്പുഴ തൈയില്പുരയിടം തിരുമല വാര്‍ഡില്‍ വാസുവിന്റെയും ലീലയുടെയും മകനായ ശിവദാസ് വാസുവിനു ചിത്രകലയില്‍ ഗുരുക്കന്മാരില്ല. റോഡരികിലെ കൂറ്റന്‍ ഹോള്‍ഡിങ്ങുകളില്‍ ചിത്രങ്ങള്‍ വരയ്ക്കുന്ന കലാകാരന്മാരെ നിരീക്ഷിച്ചാണ് വര പഠിച്ചത്. വീട്ടിലെ ചുറ്റുപാടുകള്‍ ആധികാരികമായി ചിത്രരചന പഠിക്കുന്നതിനു തടസമായപ്പോള്‍ ഇന്റര്‍നെറ്റിനെ ഗുരുവായി സ്വീകരിച്ചു.
ലോകോത്തര കലാകാരന്മാരുടെ ട്യൂട്ടോറിയല്‍ വീഡിയോകള്‍ യൂട്യൂബില്‍ കണ്ടായിരുന്നു പരിശീലനം. ആര്‍ട്ട് സ്കൂളില്‍ പഠിക്കാന്‍ പോകാന്‍ കഴിയാത്തതിനാല്‍ അവിടെ പഠിക്കുന്ന കൂട്ടുകാരോടു സംശയം ചോദിച്ചും പുതിയ രീതികള്‍ മനസിലാക്കിയും വീട്ടിലെത്തി വരച്ചു പരിശീലിച്ചാണ് വരയില്‍ മുന്നേറിയത്. ചിത്രകാരന്മാരുടെ ഫെയ്സ്ബുക്ക്, വാട്സ് ആപ് കൂട്ടായ്മകളിലൂടെയും പുതിയ രീതികള്‍ പരിചയപ്പെടാന്‍ ശിവദാസ് ശ്രമിക്കുന്നു.
സോഫ്റ്റ് പേസ്റ്റല്‍ പോര്‍ട്രെയ്റ്റ്
പോര്‍ട്രെയ്റ്റ് ഡ്രോയിംഗി ല്‍ സാമ്പ്രദായിക രീതികളെ മാറ്റിമറിച്ചുള്ള പുതിയൊരു ചിത്ര രചനാ രീതിയാണ് ശിവദാസ് ചെയ്യുന്നത്. ബേസിക് സ്കെച്ചസ് ഇടാതെ നേരിട്ട് പെയിന്റ് ചെയ്യുന്ന രീതിയാ ണിത്. സോഫ്റ്റ് പേസ്റ്റല്‍ വര്‍ക്കുകള്‍ക്ക് നമ്മുടെ രാജ്യ ത്ത് പ്രചാരം സിദ്ധിച്ചു വരുന്ന തേയുള്ളൂ. 30, 40 മിനിട്ടു കൊണ്ട് ലൈവ് പോര്ട്രെ യ്റ്റും 10 മിനിട്ടു കൊണ്ട് വണ്‍ ലൈന്‍ പോര്‍ട്രെയ്റ്റും ശിവദാസ് ചെയ്യുന്നു.
കേരളത്തില്‍ അധികം പേര്‍ക്കു പരിചിതമല്ലാത്ത സോഫ്റ്റ് പേസ്റ്റല്‍ പെയിന്റിംഗ് ശൈലി മറ്റുള്ളവര്‍ക്കു പരിചയപ്പെടുത്തിക്കൊടുക്കുന്നതിനുള്ള ഉദ്യമത്തിലാണിപ്പോള്‍ ശിവദാസ്. ഓയില്‍ പെയിന്റിംഗ് ഉള്‍പ്പെടെയുള്ള മറ്റു ചിത്രരചനാ ശൈലികളെ അപേക്ഷിച്ചു സോഫ്റ്റ് പേസ്റ്റല്‍ ലളിതമാണെങ്കിലും നിരന്തരമായ പരിശീലനത്തിലൂടെ മാത്രമേ സോഫ്റ്റ് പേസ്റ്റല്‍ ഉപയോഗിച്ചു ചിത്രങ്ങള്‍ മികവോടെ വരയ്ക്കാന്‍ കഴിയുകയുള്ളൂവെന്നു ശിവദാസ് പറയുന്നു. പേസ്റ്റലിന്റെ ഷെയ്ഡുകള്‍ ലഭിക്കാനുള്ള പ്രയാസവും വിലക്കൂടുതലുമാണ് ചിത്രകാരന്മാര്ക്കുള്ള വെല്ലുവിളി.
ത്രിമാന ചിത്രരചനയെക്കുറിച്ച്
പത്തുവര്‍ഷത്തോളമായി ത്രിമാനചിത്ര കല ശിവദാസ് സ്വായ ത്തമാക്കിയിട്ട്. നിരപ്പായ പ്രതലത്തില്‍ വലിയ ഏരിയാ യിലാണ് ഇതു ചെയ്യുന്നത്. ഒരു പ്രത്യേക ആംഗിളില്‍ ചിത്രത്തിനു ത്രിമാന സ്വഭാവം കൈവരുന്നു. 100 മുതല്‍ 300-400 സ്ക്വയര്‍ ഫീറ്റിലാണ് ഇതു വരയ്ക്കുന്നത്. ഫൈന്‍ ഓയില്‍ കാന്‍വാസ് ഷീറ്റിലാണ് ഇത്തരം ചിത്രങ്ങള്‍ വരയ്ക്കുക.
വിദേശ രാജ്യങ്ങളില്‍ ബിസിനസ് പ്രമോഷനായും ഷോപ്പിംഗ് മാളുകളില്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്നതിനുമായി വ്യാപകമായി ഉപയോ ഗിക്കുന്ന ത്രിമാന ചിത്രകല നമ്മു ടെ രാജ്യത്ത് പരിചിതമായി വരുന്നതേ യുള്ളു. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റില്‍ ശിവദാസിന്റെ ത്രിമാന ചിത്രങ്ങള്‍ക്കു വന്‍ പ്രചാരം ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായി ത്രിമാനചിത്രകല ചെയ്തത് ശിവദാസാണ്. മുംബൈ കാന്ഡിവലിയില് ഗ്രോവല്‍ മാളിലാണ് അതു ചെയ്തത്.
വാര്‍ത്താ മാധ്യമങ്ങളിലും എക്സിബിഷന് കാണാനെത്തിയ വര് ക്കിടയിലും സോഷ്യല്‍മീഡിയകളിലും വന്‍ വരവേല്പാണ് അന്നു ലഭിച്ചത്. ത്രിമാനചിത്രങ്ങളുടെ അളവുകള്‍ പ്രത്യേകരീതിയിലായതു കൊണ്ട് നിരപ്പായ പ്രതലത്തില്‍ ചെയ്യുന്നതു തന്നെ ശ്രമകരമാണ്. എന്നിരു ന്നാലും ഉയര്‍ച്ച താഴ്ചയുള്ള പ്രതലത്തിലും മനുഷ്യശരീരത്തിലും ത്രിമാന ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്.
കാരിക്കേച്ചര്‍ ഡ്രോയിംഗ്
ഗ്രാഫിക് പെന്‍ ഉപയോഗിച്ച് ഫോട്ടോഷോപ്പിലും ലൈവ് കാരി ക്കേച്ചറും ചെയ്യാറുണ്ട്. ഗിഫ്റ്റ് കൊടുക്കാനായും മറ്റും നിരവധിപ്പേര്‍ കാരിക്കേച്ചറുകള്‍ ചെയ്യിച്ചിട്ടുണ്ട്. കൊച്ചിയില്‍ ബിനാലെയുടെ ഭാഗമായി സംഘടിപ്പിച്ച ലൈവ് കാരിക്കേച്ചര്‍ ക്യാമ്പിലും പങ്കെടുത്തിട്ടുണ്ട്. പത്രമാധ്യമങ്ങളിലും കാരിക്കേച്ചറുകള്‍ വരച്ചിട്ടുണ്ട്.
ചിത്രരചന കൂടാതെ ഫോട്ടോഗ്രഫിയില്‍ താത്പര്യമുണ്ട്. കഴിഞ്ഞ യിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു ചിത്രം പകര്‍ത്തിയിരുന്നു. പത്രങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. കഥാ, കവിതാ രചനയിലും തത്പരനാണ്.
അംഗീകാരങ്ങളും അവസരങ്ങളും
വിവിധരാജ്യങ്ങളിലെ ചിത്രകാരന്മാര് ഉള്‍പ്പെടുന്ന ഫേസ്ബുക്ക് കൂട്ടായ്മയായ ആര്‍ട്ട് ഡ്രീമേഴ്സില്‍ ശിവദാസ് വരച്ച ഹോളിവുഡ് നടന് മൊര്‍ഗാന്‍ ഫ്രീമാന്റെ ചിത്രത്തിനു വലിയ അംഗീകാരമാണ് ലഭിച്ചത്. വലുതും ചെറുതുമായ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചു. നിരവധി ചിത്രപ്രദര്‍ശന ങ്ങള് സംഘടിപ്പിച്ച ശിവദാസ് ത്രിമാനം, പോര്‍ട്രെയ്റ്റ് ഡ്രോയിംഗുകള്‍ ചെയ്യാനായി നിരവധി തവണ വിദേശരാജ്യങ്ങളില്‍ പോയിട്ടുണ്ട്. സംസ്ഥാന പോലീസ് വകുപ്പിന് പിടികിട്ടാപ്പുള്ളികളുടെ ചിത്രങ്ങള്‍ വരച്ചു നല്കകുക പതിവാണ്.
മുഖ്യമന്ത്രിയടക്കം നിരവധി പ്രമുഖര്‍ക്ക് അവരുടെ ചിത്രങ്ങള്‍ വരച്ചു നല്കിയ ശിവദാസിന് നിരവധി പത്രമാധ്യമങ്ങളിലും ടിവി ചാനലുകളിലും കവറേജ് ലഭിച്ചിട്ടുണ്ട്. കേരള കാര്‍ട്ടൂണ്‍ അക്കാദമി നിയമസഭയില്‍ സംഘടിപ്പിച്ച ചിരിവര സഭയിലും പങ്കെടുക്കുകയും ഇതില്‍ ഉപഹാ
രം ലഭിക്കുകയും ചെയ്തു. പുന്നപ്രവടക്ക് കപ്പക്കട എട്ടില്ച്ചിറയില് താമസക്കാരനായ ശിവദാസ് വാസുവിന്റെ ഭാര്യ: സോഫിമോള്. മക്കള്‍: അക്ഷര, അഭയ്.
ശിവദാസ് വാസുവിന്റെ ഫോണ്‍: 9562628850.