കൊച്ചി: നോട്ട് പിന്‍വലിക്കല്‍ പ്രതിസന്ധിയില്‍ ഉലയുന്ന ഇടവകാംഗങ്ങള്‍ക്ക് സഹായഹസ്തവുമായി എറണാകുളം–അങ്കമാലി രൂപതയിലെ തേവയ്ക്കല്‍ സെന്റ് മാര്‍ട്ടിന്‍ ഇടവക. ബാങ്കില്‍ പോയി ക്യൂനിന്ന് പണം മാറി വാങ്ങാനും എടിഎമ്മുകളില്‍ പോയി പണം എടുക്കാനും സാധിക്കാത്തവര്‍ക്കായി പള്ളിയിലെ നേര്‍ച്ചഭണ്ഡാരം തുറന്നുവച്ചായിരുന്നു മനുഷ്യസ്‌നേഹത്തിന്റെ ഉദാത്തമാതൃകയായി ഇടവകക്കാര്‍ മാറിയത്. നോട്ടുകള്‍ സ്വീകരിക്കാത്തതും ചില്ലറയില്ലാത്തതും മൂലം നാടെങ്ങും ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോഴാണ് തങ്ങളെക്കൊണ്ടാകുന്നവിധം ആവശ്യക്കാരെ സഹായിക്കാന്‍ സെന്റ് മാര്‍ട്ടിന്‍ ഇടവക മുന്നോട്ടുവന്നത്.
വികാരി ഫാ. ജിമ്മി പൂച്ചക്കാട്ടിന്റെ നിര്‍ദേശം ഇടവക ജനങ്ങള്‍ പൂര്‍ണമനസോടെ സ്വീകരിക്കുകയായിരുന്നു. നോട്ട് പിന്‍വലിച്ചതിനെത്തുടര്‍ന്ന് ഏറെപ്പേര്‍ അച്ചനോട് വിഷമം അറിയിച്ചിരുന്നു. ജനങ്ങളുടെ ഈ ബുദ്ധിമുട്ടാണ് ഇത്തരമൊരു തീരുമാനത്തിലേക്കു തന്നെ എത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ രാവിലെ 6.30 ന്റെ കുര്‍ബാനയ്ക്കിടെ ഇക്കാര്യം അച്ചന്‍ ഇടവകാംഗങ്ങളെ അറിയിച്ചു. അള്‍ത്താരയ്ക്കു താഴെയുള്ള വിശുദ്ധ രൂപങ്ങളുടെ മുമ്പിലെ രണ്ടു നേര്‍ച്ചപ്പെട്ടികളാണ് ഇടവക ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. നേര്‍ച്ചയായി പെട്ടിയില്‍ നിക്ഷേപിച്ച പണം അത്യാവശ്യഘട്ടത്തില്‍ തങ്ങള്‍ക്ക് ഉപകരിച്ചത് ദൈവാനുഗ്രഹമായാണ് ഇടവകാംഗങ്ങള്‍ കണ്ടത്.
അത്യാവശ്യകാര്യങ്ങള്‍ക്കായുള്ള പണം എടുക്കാനും പണം ആകുന്നമുറയ്ക്ക് തിരികെ നല്‍കാനുമായിരുന്നു നിര്‍ദേശം. 8.30 ന് നടന്ന രണ്ടാമത്തെ കുര്‍ബാനയില്‍ പങ്കെടുത്തവര്‍ക്കും നേര്‍ച്ചപ്പെട്ടിയില്‍ നിന്ന് ആവശ്യത്തിന് പണം എടുക്കാന്‍ സാധിച്ചു. ആറു മാസത്തിലൊരിക്കല്‍ തുറക്കുന്ന നേര്‍ച്ചപ്പെട്ടി ആയിരുന്നതുകൊണ്ട് നേര്‍ച്ചപ്പെട്ടിയില്‍ എത്ര പണം ഉണ്ട് എന്നൊന്നും അറിയില്ലായിരുന്നെന്ന് ഇടവകാംഗവും ഇത് നടപ്പാക്കുന്നതിന് മുന്നിട്ടു നിന്നയാളുമായ ഷെല്‍സണ്‍ ഫ്രാന്‍സിസ് കുന്നപ്പള്ളി പറഞ്ഞു. വികാരി ഫാ. ജിമ്മി പൂച്ചക്കാട്ടിന്റെ ആശയത്തിന് എല്ലാ പിന്തുണയുമായി പള്ളിയിലെ കൈക്കാരന്മാരായ ജോഷി ചിറയത്ത്, ജിജു വാത്തിക്കുളം എന്നിവരുമുണ്ടായി രുന്നു.