പ്രണയം പലവിധമുണ്ട്. ചിലത് വിജയിക്കും. ഭൂരിപക്ഷവും പാതിവഴിയില്‍ കരിഞ്ഞുണങ്ങും. എന്നാല്‍ പ്രണയം ആശുപത്രിക്കിടക്കയില്‍ വിജയത്തിലെത്തിയ കഥയാണ് തെലുങ്കാനയില്‍ നിന്നും വരുന്നത്. പത്തൊമ്പതുകാരി രേഷ്മയും ഇരുപത്തൊന്നുകാരന് നവാസുമാണ് കഥയിലെ കേന്ദ്ര കഥാപാത്രങ്ങള്‍. തെലുങ്കാനയിലെ വികാരാബാദിലായിരുന്നു സംഭവം.
ഇരുവരും അകന്ന ബന്ധുക്കളാണ്. രേഷ്മ-നവാസ് പ്രണയത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇവരുടെ വിവാഹത്തിനു പക്ഷേ ബന്ധുക്കള്‍ സമ്മതിച്ചിരുന്നില്ല. നവാസിനെ മറ്റൊരു യുവതിയുമായി വിവാഹം കഴിപ്പിക്കാന്‍ ബന്ധുക്കള്‍ തയറെടുക്കുന്ന വിവരം അറിഞ്ഞ് രേഷ്മ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു.
ഉടന്‍ തന്നെ രേഷ്മയെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെയെത്തിയ നവാസും വിഷംകഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ ഇരുവരെയും സര്‍ക്കാര്‍ ആശുപത്രിയില്‍നിന്നും ക്രൊഫോര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇവിടുത്തെ ഡോക്ടറാണ് കമിതാക്കളുടെ പ്രണയസാക്ഷാത്കാരത്തിനു നിമിത്തമായത്.
ഡോക്ടര്‍ ബന്ധുക്കളുമായി സംസാരിക്കുകയും വിവാഹം നടത്താന്‍ ഇരുകുടുംബങ്ങളും സമ്മതിക്കുകയുമായിരുന്നു. വിവാഹ വസ്ത്രങ്ങളണിഞ്ഞ നവാസും രേഷ്മയും വീല്‍ചെയറില്‍ ഇരുന്നാണ് ചടങ്ങില്‍ സംബന്ധിച്ചത്. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിന് എത്തിയിരുന്നത്.