പാരിസ്: ഫ്രഞ്ച് ഓപ്പൺ കിരീടം അനായാസം കൈപ്പിടിയിലാക്കി, 23-ാം ഗ്രാൻഡ് സ്ലാം കിരീടമെന്ന റിക്കാർഡ് സൃഷ്ടിച്ച് നൊവാക് ജോക്കോവിച്ച്. റാഫേൽ നദാലിനൊപ്പം പങ്കിട്ടിരുന്ന 22 ഗ്രാൻഡ് സ്ലാം നേട്ടങ്ങൾ മറികടന്നതോടെ, ആധുനിക ടെന്നീസിലെ ഒറ്റക്കൊമ്പനാണ് താനെന്ന് ജോക്കോവിച്ച് തെളിയിച്ചു.
യുവതാരം കാസ്പർ റൂഡിനെ നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്ത്തിയാണ് റോളങ് ഗാരോസിൽ ജോക്കോ ഇതിഹാസം രചിച്ചത്. സ്കോർ: 7-6(1), 6-3, 7-5.
ജയത്തോടെ ഗ്രാൻഡ് സ്ലാം കിരീടങ്ങളെല്ലാം മൂന്ന് തവണ നേടുന്ന ആദ്യ പുരുഷ താരമായി ജോക്കോ മാറി. ആധികാരികമായ ജയത്തോടെ എടിപി റാങ്കിംഗിലെ ഒന്നാം സ്ഥാനം തിരിച്ചെടുക്കാനുള്ള വഴിയും ജോക്കോ തെളിയിച്ചു.
36-ാം പിറന്നാൾ ആഘോഷിച്ച് 20 ദിവസങ്ങൾക്കുള്ളിൽ തന്റെ 34-ാം ഗ്രാൻഡ് സ്ലാം ഫൈനലിന് ഇറങ്ങിയ ജോക്കോ കളിമൺ കോർട്ടിലെ രാജാവായ നദാലിന്റെ മറ്റൊരു റിക്കാർഡ് കൂടി മറികടന്നു. 2022-ൽ 36 വയസും രണ്ട് ദിവസവും പ്രായമുള്ളപ്പോൾ നദാൽ സ്വന്തമാക്കിയ ഏറ്റവും പ്രായമുള്ള ഫ്രഞ്ച് ഓപ്പൺ കിരീടജേതാവ് എന്ന നേട്ടമാണ് ജോക്കോ തകർത്തത്.
റോജർ ഫെഡറർ വിരമിച്ചതിനാലും പരിക്കും പ്രായാധിക്യവും മൂലം നദാൽ വലയുന്നതിനാലും ജോക്കോയുടെ ഗ്രാൻഡ് സ്ലാം റിക്കാർഡ് തകർത്ത് പുതിയ ചരിത്രം രചിക്കാൻ റൂഡ്, സിസിപാസ്, സ്വരേവ് എന്നീ ഭാവി വാഗ്ദാനങ്ങൾ കിണഞ്ഞ് പരിശ്രമിക്കുമെന്ന് ഉറപ്പാണ്.
ബിഗ് ത്രീ സംഘത്തിന്റെ നേട്ടങ്ങൾ എത്തിപ്പിടിക്കാൻ ഇവർക്ക് സാധിക്കുമോ എന്ന് ചിന്തിക്കുന്ന ടെന്നീസ് പ്രേമികളോട്, താൻ ഇപ്പോഴും കളത്തിൽ തുടരുന്നുണ്ടെന്നും റിക്കാർഡുകൾ ഇനിയും വളരുമെന്നും ജോക്കോ പവർ ഷോട്ടുകളിലൂടെ പറയാതെ പറയുന്നുണ്ട്.