വിവാഹം വ്യത്യസ്ഥമായി ആഘോഷിക്കുന്നത് ഇന്ന് പുതുതലമുറയുടെ രീതിയാണ്. ഏറ്റവും മനോഹരമായി അണിഞ്ഞൊരുങ്ങാന്‍ വധൂവരന്മാര് മത്സരിക്കാറുമുണ്ട്.
എന്നാല്‍ രാജസ്ഥാനിലെ ഒരു പഞ്ചായത്ത് വിവാഹത്തിന് വേണ്ടി പാസാക്കിയ വിചിത്രമായ നിയമമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
പാലി ജില്ലയിലെ 19 ഗ്രാമങ്ങളില്‍ വിവാഹം കഴിക്കണമെങ്കില്‍ വരന്മാര്ക്ക് താടി പാടില്ല എന്ന വിചിത്രമായ നിയമമാണ് പാസാക്കിയിരിയ്ക്കുന്നത്.
കുമാവത്ത് സമൂഹമാണ് വിചിത്രമായ നിമയമങ്ങള്‍ പാസാക്കിയിരിയ്ക്കുന്നത്.
‘ ഫാഷന്‍ ഒക്കെ നല്ലതാണ്. പക്ഷേ, വരന് ഫാഷന്റെ പേരില്‍ താടി വയ്ക്കുന്നത് അനുവദനീയമല്ല. കാരണം കല്യാണം ഒരു ദിവ്യകര്‍മ്മമാണ്. ഇതില്‍ വരനെ രാജാവായിട്ടാണ് കാണുന്നത്, അതിനാല്‍ അവന് ക്ലീന്‍ ഷേവ് ചെയ്യണം.’- കുമാവത്ത് സമുദായ പ്രമേയത്തില്‍ പറയുന്നു.
വിവാഹ ചടങ്ങുകളില്‍ കറുപ്പ് നിരോധിച്ചിട്ടുണ്ട്. അതുപോലെ ഹല്‍ദി ചടങ്ങില്‍ മഞ്ഞനിറം ഉപയോഗിക്കാന്‍ പാടില്ല. ഇതിന് പുറമെ വധു ധരിക്കേണ്ട സ്വര്‍ണം, വെള്ളി ആഭരണങ്ങളുടെ തൂക്കം നിശ്ചയിച്ചിട്ടുണ്ട്.
വിവാഹങ്ങളിലും മറ്റ് ആഘോഷങ്ങളിലും വിളമ്പുന്ന ഭക്ഷണങ്ങളുടെ എണ്ണം നിയന്ത്രിക്കണമെന്ന പ്രമേയവും സമൂഹം പാസാക്കിയിട്ടുണ്ട്.
ഇത് കൂടാതെ വിവാഹത്തിന്റെയും മറ്റ് ആഘോഷങ്ങളുടെയും ചെലവുകള്‍ വെട്ടിക്കുറയ്ക്കാനും കാര്യക്ഷമമാക്കാനും കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ട്.
ഡിജെ ഡാന്‍സുകളെ എതിര്‍ത്ത പഞ്ചായത്ത് അവയ്ക്ക് സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തി.
ഇക്കാലത്ത് വിവാഹങ്ങള്‍ ആഡംബരമായി മാറിയിരിക്കുന്നു. സമൂഹത്തിലെ ഇടത്തരം, അതില്‍ താഴെയും ഉള്ള കുടുംബങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമായി അത് മാറിയിരിക്കുന്നു. അതിനാല്‍ അവ ലളിതവും ആചാരാനുഷ്ഠാനങ്ങള്‍ക്ക് അനുസൃതവുമാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചുവെന്ന് ഒരു സമുദായാംഗം പറയുന്നു.
തങ്ങളുടെ സൊസൈറ്റിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന ഏകദേശം 20,000 അംഗങ്ങളുണ്ടെന്നും എല്ലാവരും യോഗത്തിലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.