ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയിൽ രാജ്യതലസ്ഥാനത്തെ മലയാളി സമൂഹം വീർപ്പുമുട്ടുന്പോൾ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി എ. സന്പത്തിന്റെ അഭാവം ചർച്ചയാകുന്നു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സമ്പത്ത് നാട്ടിലേക്ക് മടങ്ങിയത്.
നഴ്സുമാർ ഉൾപ്പെടെ നിരവധി മലയാളികൾ ഡൽഹിയിൽ ബുദ്ധിമുട്ടുകൾ നേരിടുകയാണ്. മലയാളികളുടെ തിരിച്ചുപോക്കിന്റെ കാര്യത്തിൽ വ്യക്തയില്ലെന്ന് നിരവധി പരാതികളും ഉയരുന്നുണ്ട്. ഇതിനിടെയാണ് മലയാളി സമൂഹത്തിലെ ഒരു വിഭാഗംതന്നെ സന്പത്തിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി സംസ്ഥാന സര്ക്കാര് നിയമിച്ച സമ്പത്ത് സ്ഥിരം കേരളത്തിലെന്ന ആരോപണം പ്രതിപക്ഷവും നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ വര്ഷം ഓഗസ്റ്റിലാണ് ഡൽഹിയിൽ കേരളത്തിന്റെ ലൈസണിംഗ് ഓഫീസറായി സമ്പത്തിനെ ക്യാബിനറ്റ് റാങ്കോടെ സര്ക്കാര് നിയമിച്ചത്.