തിരുവനന്തപുരം: കേരളത്തിന് രണ്ടാമതൊരു വന്ദേഭാരത് ട്രെയിൻ കൂടി ലഭിക്കുമെന്ന് സൂചനകൾ. നേരത്തെ തന്നെ രണ്ട് വന്ദേ ഭാരത് കേരളത്തിന് ലഭിച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
വന്ദേ ഭാരത് അനുവദിച്ചതിന് പിന്നാലെ പാതയിലെ വളവുകൾ നിവർത്തി യാത്രാവേഗം വർധിപ്പിക്കാനുള്ള നടപടികളുമായി റെയിൽവേ മന്ത്രാലയം മുന്നോട്ടു പോവുകയാണ്.
അതേസമയം വന്ദേ ഭാരതിനെ സ്വാഗതം ചെയ്ത് ശശി തരൂർഎംപി ട്വീറ്റ് ചെയ്തു. 25 ന് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ കാത്തിരിക്കുന്നുവെന്നും വികസനം രാഷ്ട്രീയത്തിന് അതീതമെന്നും തരൂർ ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ ദിവസം നടത്തിയ വന്ദേഭാരത് എക്സ്പ്രസ് ട്രയൽ റൺ വിജയമായതിനു പിന്നാലെ ഇന്ന് രാവിലെ രണ്ടാംഘട്ട ട്രയൽ റൺ ആരംഭിച്ചു. കാസർഗോഡ് വരെയാണ് രണ്ടാം ഘട്ട ട്രയൽ റൺ നടക്കുന്നത്.
തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാവിലെ 5.20നാണ് ട്രെയിന്‍ പുറപ്പെട്ടത്. 6.10ന് ട്രെയിൻ കൊല്ലത്തെത്തി. 7.33ന് ട്രെയിൻ കോട്ടയത്തെത്തി. എറണാകുളത്ത് 8.32 ന് എത്തി. 4 മണിക്കൂർ 17 മിനിട്ട് കൊണ്ട് തൃശൂരെത്തി.
ആദ്യ ട്രയൽ റണ്ണിൽ എടുത്ത സമയത്തേക്കാൾ 10 മിനിട്ട് മുന്പോയാണ് ഇത്തവണ ട്രെയിൻ തൃശൂരെത്തിയത്. തിരുവനന്തപുരത്തുനിന്ന് കോട്ടയത്തെത്താൻ 2 മണിക്കൂറും 13 മിനിട്ടുമെടുത്തു. നിശ്ചയിച്ചതിലും 10 മിനിട്ട് വൈകിയാണ് ട്രെയിൻ തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ടത്.
വന്ദേഭാരത് എക്സ്പ്രസിന്റെ യാത്ര തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയാക്കാൻ തീരുമാനിച്ചതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
കാസര്‍കോട് വരെ എത്താന്‍ എട്ടര മണിക്കൂറാണ് പ്രതീക്ഷിക്കുന്ന യാത്രാസമയം. കാസര്‍കോട് നിന്ന് തിരിച്ചും പരീക്ഷണ ഓട്ടം നടത്തും. ട്രെയിനിന്റെ വേഗതയും സുരക്ഷയും ഉറപ്പാക്കുന്നതിനാണ് പരീക്ഷണ ഓട്ടം നടത്തുന്നത്.
ഈ മാസം 25നാണ് വന്ദേഭാരത് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യുന്നത്. തുടക്കത്തില്‍ എട്ടു കോച്ചുകളുമായാകും സര്‍വീസ്. തിങ്കളാഴ്ച നടന്ന ആദ്യത്തെ ട്രയൽ റണ്ണിൽ 7 മണിക്കൂർ 10 മിനിട്ട് കൊണ്ട് ട്രെയിൻ തിരുവനന്തപുരത്തു നിന്ന് കണ്ണൂരെത്തിയിരുന്നു.