മലയാളത്തിന്റെ മഹാകവി കുമാരനാശാൻ ഉൾപ്പെടെ 23 പേർ മരിച്ച പല്ലന ബോട്ട് അപകടം തുടങ്ങി താനൂർ വരെ എത്തിനിൽക്കുന്നു കേരളത്തിലുണ്ടായ ജലദുരന്തങ്ങൾ.
അപകടങ്ങൾ നടന്നതിനു ശേഷം അന്വേഷണവും നിർദേശങ്ങളും ഉണ്ടാകുന്നുണ്ടെങ്കിലും ഇതൊന്നും പ്രാവർത്തികമാക്കാൻ സർക്കാർ നടപടി എടുക്കുന്നില്ലെന്ന നേർസാക്ഷ്യത്തിലേക്കാണ് താനൂർ അപകടവും വിരൽചൂണ്ടുന്നത്.
പല്ലന
1924 ജനുവരി 24നാണ് പല്ലന ജലദുരന്തം. 95 പേർക്കു സഞ്ചരിക്കാവുന്ന ബോട്ടിൽ 151 യാത്രക്കാരാണുണ്ടായിരുന്നത്. സംസ്ഥാനത്തുണ്ടായ പ്രധാന ബോട്ട് അപകടങ്ങളിൽ ആദ്യത്തേതായി രേഖപ്പെടുത്തിയത് പല്ലന ദുരന്തമാണ്. ഒടുവിൽ സംഭവിച്ച വലിയ ദുരന്തം തേക്കടിയാണു സംഭവിച്ചത്.
തേക്കടി
2009 സെപ്റ്റംബർ 30ന് കെടിഡിസിയുടെ ജലകന്യക എന്ന ബോട്ടാണ് തേക്കടിയിൽ അപകടത്തിൽപ്പെട്ടത്. 45 പേരാണ് അന്നു മരിച്ചത്. മരിച്ചവരിൽ ഏഴു കുട്ടികളും 23 സ്ത്രീകളുമുൾപ്പെടുന്നു. പരിധിയിൽ കവിഞ്ഞ ആളുകളെ കയറ്റിയതാണ് അപകടമുണ്ടാക്കിയത്.
കുമരകം
സംസ്ഥാനത്തെ കണ്ണീരിലാഴ്ത്തിയ മറ്റൊരു ബോട്ട് ദുരന്തമാണ് കുമരകത്തു സംഭവിച്ചത്. 2002 ജൂലൈ 27ന് മുഹമ്മയിൽനിന്ന് പുലർച്ചെ 5.45ന് കുമരകത്തേക്കു സഞ്ചരിക്കുകയായിരുന്ന ജലഗാഗതവകുപ്പിന്റെ ബോട്ട് വേന്പനാട്ട് കായലിൽ മുങ്ങുകയായിരുന്നു. 15 സ്ത്രീകൾ ഉൾപ്പെടെ 29 പേരാണു മരിച്ചത്. കൂടുതൽ യാത്രക്കാരെ കയറ്റിയതാണ് അപകടകാരണം.
തട്ടേക്കാട്
ഭൂതത്താൻകെട്ട് ബോട്ട് അപകടം സംസ്ഥാനദുരന്തമായി മാറിയ അപകടമാണ്. 2007 ഫെബ്രുവരി 30നാണ് ഭൂതത്താൻക്കെട്ട് അണക്കെട്ടിൽ ബോട്ട് മുങ്ങിയത്. അങ്കമാലിയിലെ ഒരു സ്കൂളിൽനിന്നുള്ള വിനോദയാത്രാ സംഘമാണ് അപകടത്തിൽപ്പെട്ടത്. 15 വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ 18 പേരാണു ദുരന്തത്തിനിരയായത്. ബോട്ടിന്റെ അടിഭാഗം ഇളകിമാറിയതാണ് അപകടത്തിനു കാരണമായത്.
നാലു പേരുടെ മരണത്തിനിടയാക്കിയ എറണാകുളം പെരിയാർ ബോട്ടപകടം (1997). ഏഴു പേർ മരിച്ച തിരുവനന്തപുരം പേപ്പാറ ഡാമിലുണ്ടായ അപകടം ( 1990), 29 പേർ മരിച്ച എറണാകുളം കണ്ണമാലിയിലുണ്ടായ ബോട്ടപകടം (1980), 18 പേർ മരിച്ച വല്ലാർപാടം അപകടം (1983), മൂന്നു പേർ മരിച്ച ആലപ്പുഴ പുന്നമട അപകടം ( 1991), നാലു പേർ മരിച്ച ആലപ്പുഴ പുന്നമട ഹൗസ് ബോട്ട് അപകടം (2013 ) തുടങ്ങിയവയാണു സംസ്ഥാനം സാക്ഷ്യം വഹിച്ച പ്രധാന ബോട്ട് അപകടങ്ങൾ.
ദുരന്തങ്ങൾക്കു ശേഷം ചർച്ചകളും അന്വേഷണവും കണ്ടെത്തലുകളുമൊക്കെ നടക്കുന്നുണ്ടെങ്കിലും അന്വേഷണ റിപ്പോർട്ടുകൾ പഠിക്കാനും ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിലും സർക്കാർ കാണിക്കുന്ന അലംഭാവമാണ് തുടരുന്ന അപകടങ്ങൾക്കു പിന്നിലെ കാരണം.
സംസ്ഥാനത്തു നടക്കുന്ന ജലദുരന്തങ്ങളെക്കുറിച്ച് ഐക്യരാഷ്ട്രസഭയിലെ ദുരന്തനിവാരണ വിഭാഗത്തിലെ ഉദ്യോഗസ്ഥനും മലയാളിയുമായ മുരളി തുമ്മാരുകുടി നേരത്തെ എഴുതിയിരുന്നു.
തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ തുറന്നെഴുതിയത്. അപകടത്തിലേക്കു നയിക്കാവുന്ന നിരവധി കാരണങ്ങൾ ചൂണ്ടിക്കാണിക്കുന്ന കുറിപ്പ് രാഷ്ട്രദീപിക പ്രസിദ്ധീകരിച്ചിരുന്നു. താനൂർ അപകടത്തിന്റെ പശ്ചാത്തലത്തിൽ മുരളിയുടെ കുറിപ്പിനു പ്രാധാന്യമേറുകയാണ്.