ആലപ്പുഴ: സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾക്കും ടൂറിസ്റ്റുകളുമായി നാടുചുറ്റിക്കാണാനിറങ്ങുന്ന സ്വകാര്യ ബോട്ടുകൾക്കും പുരവഞ്ചികൾക്കും ഭീഷണിയായി സ്പീഡ് ബോട്ടുകളുടെ പരക്കം പാച്ചിൽ.
കായലിൽ ആങ്കർ ചെയ്യുന്ന പുരവഞ്ചികളിലെ വിനോദസഞ്ചാരികളെ കയറ്റി കായലിൽക്കൂടി സാഹസ ഓട്ടം നടത്തി തിരികെ എത്തിക്കുന്ന പരിപാടിയാണ് സ്പീഡ് ബോട്ടുകളിലേറെയും ചെയ്യുന്നത്.
പുരവഞ്ചികളുടെയും യാത്രാ ബോട്ടുകളുടെയും തിരക്കുപിടിച്ച യാത്രയുടെ ഇടയിൽകൂടി നിയന്ത്രണമില്ലാതെ സാഹസികയോട്ടം നടത്തുന്നുവെന്നാണ് പരാതി.
രാത്രിയിൽ കൂട്ടിയിടി
കഴിഞ്ഞ ദിവസം നിറയെ യാത്രക്കാരുമായി ആലപ്പുഴയിൽനിന്നു കാവാലം-കൃഷ്ണപുരത്തിനു പോയ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടിന്റെ മുൻഭാഗം അതിവേഗത്തിലെത്തിയ സ്പീഡ് ബോട്ട് ഇടിച്ചു തകർത്തു.
ഇടിയുടെ ആഘാതത്തിൽ യാത്രാബോട്ടിന്റെ മുൻവശത്തെ മൂന്നു പലക തകർന്നു. ബോട്ടിടിച്ചു തകർന്ന പലക വാട്ടർ ലെവലിനു മുകളിലായിരുന്നതിനാലാണ് വെള്ളം അകത്തു കയറാതിരുന്നത്.
ഇടിയുടെ ആഘാതത്തിൽ ബോട്ട് ആടിയുലഞ്ഞെങ്കിലും ജീവനക്കാർ ജെട്ടിയിൽ അടുപ്പിച്ചു യാത്രക്കാരെ സുരക്ഷിതരായി കരയിൽ ഇറക്കി.
ഈ ബോട്ടിൽ യാത്രക്കാരുമായി യാത്ര തുടരാനാവാത്തിനെതുടർന്ന മറ്റൊരു ബോട്ട് വരുത്തിയാണ് യാത്രക്കാരെ കയറ്റിവിട്ടത്. കഴിഞ്ഞ ദിവസം രാത്രി 7.25ന് വേമ്പനാട്ടു കായലിൽ നെഹ്റുട്രോഫി ബോട്ടുജെട്ടിക്കു സമീപമായിരുന്നു അപകടം.
സമയം തെറ്റിയോട്ടം
യാത്രാ ബോട്ടിൽ സ്പീഡ് ബോട്ട് ഇടിക്കുന്നത് ആദ്യ സംഭവമാണ്. യാത്രാ ബോട്ടുകൾ, ഹൗസ് ബോട്ടുകൾ, നാട്ടുകാർ എന്നിവരുടെ സുരക്ഷ കണക്കിലെടുത്തു വൈകുന്നേരം ആറിനു ശേഷം സ്പീഡ് ബോട്ടുകൾ യാത്ര നടത്തരുതെന്നു കളക്ടറുടെ ഉത്തരവുണ്ടായിരിക്കെയാണ് സ്പീഡ് ബോട്ട് രാത്രി ഏഴരയ്ക്ക് അപകടമുണ്ടാക്കിയത്.
സ്പീഡ് ബോട്ട് ഉടമയ്ക്കെതിരേ ജല ഗതാഗത വകുപ്പ് ട്രാഫിക് സൂപ്രണ്ട് നോർത്ത് പോലീസിൽ പരാതി നൽകി.പോലീസ് സ്ഥലത്തെത്തി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.
വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. ജെട്ടിയിൽനിന്നു യാത്രക്കാരെ കയറ്റി നെഹ്റുട്രോഫി ജെട്ടിയിലേക്ക് ബോട്ട് അടുപ്പിക്കാൻ ഓടിത്തുടങ്ങിയപ്പോഴാണ് സ്പീഡ് ബോട്ട് ഇടിച്ചത്. ബോട്ടിന് 1.5 ലക്ഷത്തിലേറെ രൂപയുടെ നാശമുണ്ടായി. ഇതു സ്പീഡ് ബോട്ട് ഉടമയിൽനിന്ന് ഈടാക്കും.
ആശ്രയം ബോട്ട് സർവീസ്
എസി റോഡിൽ നിർമാണം നടക്കുന്നതിനാൽ കൂടുതൽ ആളുകളും ഇപ്പോൾ ജലഗതാഗതവകുപ്പിന്റെ ബോട്ട് സർവീസിനെയാണ് ആശ്രയിക്കുന്നത്. ഈ ഘട്ടത്തിലാണ് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്ന അപകടം.
അപകടത്തിൽപ്പെട്ട ബോട്ട് പണിതീർത്തു പുറത്തിറങ്ങുന്നതുവരെ പകരം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പല ബോട്ടുകളും യന്ത്രത്തകരാർ ഉൾപ്പെടെയുള്ള കാര്യങ്ങളാൽ പണിപ്പുരയിൽ കിടക്കുന്പോഴാണ് സുഗമമായി യാത്ര നടത്തിക്കൊണ്ടിരുന്ന ബോട്ട് അപകടത്തിൽപ്പെട്ടത്.
ഭീഷണിയായിഅപകടപ്പാച്ചിൽ
ലൈസൻസ് എടുത്തതും ഇല്ലാത്തതുമായ നൂറിലേറെ സ്പീഡ് ബോട്ടുകൾ വേമ്പനാട്ട് കായലിലും പുന്നമടക്കായലിലും പായുന്നുണ്ട്. പലതും യാതൊരു മാനദണ്ഡവും പാലിക്കാതെ അപകടകരമായ രീതിയിലാണ് പാച്ചിൽ നടത്തുന്നത്.
ഹൗസ് ബോട്ടുകളുടെയും യാത്രാ ബോട്ടുകളുടെയും മധ്യേ കൂടി സാഹസഓട്ടം നടത്തുന്നതു നിരോധിക്കണമെന്ന് ഒട്ടേറെത്തവണ ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിച്ചില്ലെന്നും ജലഗതാഗത വകുപ്പ് ജീവനക്കാർ പറഞ്ഞു.
ഹൗസ് ബോട്ടുകൾക്കു മുന്നിൽ യാത്രക്കാരെ ആകർഷിക്കാൻ കായൽപ്പരപ്പിൽ വലിയ വേഗത്തിൽ ബോട്ട് ഓടിച്ച് അഭ്യാസം കാണിക്കുന്നത് ഇവരുടെ സ്ഥിരം പരിപാടിയാണ്.