‘അല്ലെങ്കിലും എല്ലാ ആണുങ്ങളും ഇങ്ങിനെതെന്നയാ….. കല്ല്യാണം കഴിഞ്ഞ് ആദ്യ കുറച്ചു നാളുകളെ ഉണ്ടാകൂ സ്നേഹം…. പിന്നെ എല്ലാമൊരു കാട്ടിക്കൂട്ടല് മാത്രമാകും….” പ്രിയ പിറുപിറുത്തു.
”എന്റെ പ്രിയേ….. കഴിഞ്ഞ നാലുവര്‍ഷമായ് ഒരു മുടക്കവും വരുത്താതെ ഞാന്‍ നിനക്ക് ഗിഫ്റ്റ് വാങ്ങിതന്നിട്ടില്ലേ…. ഇത്തവണ ഞാനൊരല്പം ടൈറ്റിലായതോണ്ടല്ലേ……’
‘അതുതന്നെയാ മുകുന്ദേട്ടാ ഞാനും പറയുന്നത്…. കഴിഞ്ഞ നാലു വര്‍ഷവും നമ്മുടെ വിവാഹ വാര്‍ഷികത്തിന് മുകുന്ദേട്ടന് ഗിഫ്റ്റ് വാങ്ങി തന്നു…. ഇപ്പോ ഞാന്‍ നിങ്ങള്‍ക്കൊരു പഴഞ്ചയായല്ലേ…. അതു കൊണ്ടല്ലേ ഇത്തവണ ഗിഫ്റ്റ് വാങ്ങുന്നില്ല… ടൈറ്റാണെന്നൊക്കെ പറയുന്നത്… ‘
‘പ്രിയേ…. നല്ലൊരു ദിവസായിട്ട് നീ ഉടക്കാന്‍ നില്‍ക്കല്ലേ… നമ്മുടെ ആദ്യ വിവാഹ വാര്‍ഷികത്തിന് ഞാന്‍ നിനക്കൊരു കൂട്ട് ഡ്രെസ്സാണ് വാങ്ങി തന്നത്…., പിറ്റത്തേതിന് ഒരു മോതിരം…, മൂന്നാമത്തേതിന് കമ്മല്‍…., കഴിഞ്ഞ വര്‍ഷം കൈചെയിന്‍…., ഇനി നീ പറ പഴകും തോറും എന്റെ സ്നേഹം കൂടിയോ കുറഞ്ഞോ….?”
ഉത്തരം മുട്ടിയെങ്കിലും പ്രിയ പക്ഷേ വിട്ടുകൊടുക്കന്‍ തയ്യാറായിരുന്നില്ല….,
”നിങ്ങളെന്താ വാങ്ങി തന്ന സാദനങ്ങളുടെ കണക്കു പറയാണോ….?”
”അല്ല എന്റെ പ്രിയേ…. എനിക്ക് സ്നേഹം കുറഞ്ഞെന്ന് നീ പറഞ്ഞപ്പോള്‍ പറഞ്ഞുപോയതാണ്…’
മുകുന്ദന് പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.
അതിന് മറുപടി പറയാതെ ദേഷ്യത്തോടെ പ്രിയ അടുക്കളയിലോട്ടു നടന്നു….
”പ്രിയേ…. ഞാനിറങ്ങാണ്…. എന്നെ ഒന്നു യാത്രയാക്കിയിട്ടു പോടൊ….”
പക്ഷേ പ്രിയ അതു കേട്ട ഭാവം നടിച്ചില്ല…,
”പ്രിയെ… എന്റെ ഓഫീസ് ഫയലുകള്‍ മുകളിലത്തെ റൂമിലെ മേശപ്പുറത്ത് കിടക്കുന്നുണ്ട് അതൊന്നു അലമാറയിലോട്ട് അടുക്കി വെച്ചേക്കണെ….”
ഇതും പറഞ്ഞ് മുകുന്ദന് ഓഫീസിലേക്ക് പോയി.., പക്ഷേ പ്രിയ മുകുന്ദന് പറഞ്ഞ ഫയലുകളെടുത്തു വെക്കാനൊന്നും പോയില്ല…, അവളുടെ മനസ്സില്‍ അന്നേരം മുകുന്ദനോടുള്ള ദേഷ്യം മാത്രമായിരുന്നു…,
സമയം കടന്നു പോയി… ഉച്ചയായപ്പോള്‍ ഭക്ഷണം കഴിച്ച് പ്രിയ ബെഡ് റൂമില്‍ പോയി കിടന്നു….
അല്പമൊന്നു മയങ്ങിയതേയൊള്ളൂ… നിറുത്താതെ അടിക്കുന്ന മൊബൈല്‍ ടോണ്‍ കേട്ടാണ് പ്രിയ മയക്കത്തില്‍ നിന്നും ഉണര്‍ന്നത്…,
അച്ഛനായിരുന്നു ഫോണില്‍….
”ഹലോ….. അച്ഛാ…’
‘ഹലോ…. മൊ… മോളെ…..”
”എന്താ അച്ഛാ….? എന്താ അച്ഛന്റെ ശബ്ദത്തിലൊരു വല്ലായ്മ…?”
”മോളേ…. അത് അത്പിന്നെ… നമ്മുടെ മുകുന്ദന്….”
”മുകുന്ദേട്ടനെന്തു പറ്റി അച്ഛാ…..?”
-പ്രിയ അമ്പരപ്പോടെ ചോദിച്ചു…,
”മോളെ… രാവിലെ ഓഫീസിലോട്ട് പോകുമ്പോള്‍ മുകുന്ദന്റെ ബൈക്ക് എതിരെ വന്ന ബസ്സുമായ് ഒന്ന്………’
അതുവരെ മുകുന്ദനോടു പ്രിയക്കുണ്ടായിരുന്ന ദേഷ്യമെല്ലാം ഞൊടിയിട കൊണ്ട് വേദനയായ് മാറി…
‘അ…അച്ഛാ…. ഏ….ഏത് ഓസ്പിറ്റലിലാണ് മുകുന്ദേട്ടനുള്ളത്….? എന്താ എന്റെ മുകുന്ദേട്ടന് പറ്റിയതച്ഛാ…..?
-പ്രിയപൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു…,
”പ്രശ്നമൊന്നുമില്ല മോളെ… ഞാന്‍ മുകുന്ദനെയും കൂട്ടി അങ്ങോട്ടു വരാം… നീ സമാധാനമായിരിക്ക്… ‘
പക്ഷേ സമയമൊരുപാടു കഴിഞ്ഞിട്ടും അച്ഛനും മുകുന്ദനും വന്നില്ലെന്നു മാത്രമല്ല… വീട്ടിലേക്ക് അമ്മയും മറ്റു ബന്ധുക്കളും നാട്ടുകാരുമൊക്കെ വരാനും തുടങ്ങി.., എല്ലാവരുടെയും മുഖത്ത് ഒരു തരം മ്ലാനത…., തന്നെ കണ്ട അമ്മ കരച്ചില് നിയന്ത്രിക്കാന്‍ പാടുപെടുന്നത് കണ്ട പ്രിയക്ക് കാര്യങ്ങളുടെ പോക്കത്ര പന്തിയല്ലെന്ന് തോന്നി… താമസിയാതെ തന്നെ അവളാ നെടുക്കുന്ന സത്യം ഹൃദയം പിളരുന്ന വേദനയോടെ തിരിച്ചറിഞ്ഞു….
‘ഒരു നിസാര കാര്യത്തിന്റെ പേരില്‍ താന്‍ രാവിലെ വേദനിപ്പിച്ചു വിട്ട മുകുന്ദേട്ടന് ഇന്നീ ഭൂമിയില്‍ ഇല്ല…. എത്ര മന:പ്രയാസത്തോടെയാകും എന്റെ മുകുന്ദേട്ടന് ഇന്ന് രാവിലെ ഈ പടിയിറങ്ങിപ്പോയിട്ടുണ്ടാവുക….’
പ്രിയ വര്‍ദ്ധിച്ച മനപ്രയാസത്തോടെ ഓര്‍ത്തു…. പിന്നെ സ്വബോധം നഷ്ടപ്പെട്ടു അട്ടഹസിച്ചു കരഞ്ഞു….
* * * * * * * * * * * * * * *
ദിവസങ്ങളും ആഴ്ച്ചകളും കടന്നു പോയി..,
അങ്ങനെയിരിക്കെ ഒരു ദിവസം പെട്ടെന്നൊരു നിമിത്തം പോലെ മുകുന്ദന്റെ വാക്കുകള്‍ പ്രിയയുടെ മനസ്സിലേക്കോടിയെത്തി…
‘പ്രിയേ…. എന്റെ ഓഫീസ് ഫയലുകള്‍ മുകളിലത്തെ റൂമിലെ മേശപ്പുറത്ത് കിടക്കുന്നുണ്ട് അതൊന്നു അലമാറയിലോട്ട് അടുക്കി വെച്ചേക്കണേ…’
-മുകുന്ദന് മരിച്ചതില്‍ പിന്നെ പ്രിയ വീടിന്റെ മുകളിലത്തെ നിലയിലോട്ട് പോയിട്ടേ ഉണ്ടായിരുന്നില്ല…
മുകുന്ദന്റെ വാക്കുകള്‍ ഓര്‍മ്മവന്ന പ്രിയ വേഗം മുകളിലത്തെ റൂമിലേക്കോടി…
അവിടെ മേശപ്പുറത്ത് അലക്ഷ്യമായ് കിടന്നിരുന്ന ഫയലകള്‍ ഓരോന്നും കണ്ണീരോടെ അടുക്കി വെക്കുന്നതിനിടയില്‍ ഒരു പേപ്പര്‍ കഷ്ണം നിലത്തു വീണു… പ്രിയ അതെടുത്ത് ഒരു ഞെട്ടലോടെ അതിലെ വരികള്‍ വായിച്ചു….
”എന്റെ പ്രിയപ്പെട്ട പ്രിയക്ക്…, നീ എന്താ മണ്ടൂസെ കരുതിയത്…? നിനക്ക് വിവാഹ വാര്‍ഷികത്തിനു ഞാന്‍ ഗിഫ്റ്റ് തരില്ലെന്നോ… എന്റെ പൊന്നുമോള് വേഗം അലമാറയുടെ താഴെയുള്ള അറ തുറന്നു നോക്ക്…’
പ്രിയ ധൃതിയില്‍ അലമാറയുടെ താഴെ അറ തുറന്നു നോക്കി… അവിടെ കണ്ട കാഴ്ച്ച പ്രിയയെ പൊട്ടിക്കരയിപ്പിച്ചു….
മനോഹരമായൊരു പെട്ടിയില്‍ അതിലേറെ മനോഹരമായ ഡിസൈനിലുള്ള ഒരു നെക്ളസ്… അതിന്റെ തൊട്ടടുത്തായ് ഉണങ്ങിച്ചുങ്ങിയ മുല്ലപ്പൂമാലയും തൊട്ടടുത്തായ് ഒരു കുറിപ്പും…
കലങ്ങിയൊലിക്കുന്ന കണ്ണുകളൊടെ പ്രിയ ആ കുറിപ്പ് വായിച്ചു….
”സന്തോഷമായോ എന്റെ പ്രിയതേമയ്ക്ക് …., എനിക്കറിയാം നിന്റെ ആ മനോഹര കണ്ണുകള്‍ ഇപ്പൊള്‍ സന്തോഷം കൊണ്ട് വിടര്ന്നിട്ടുണ്ടാകും…. നിന്റെ ഇപ്പോഴത്തെ സന്തോഷം നിറഞ്ഞ വാക്കുകള്‍ ഞാനൊന്ന് കേള്‍ക്കട്ടെ…. വേഗം നീ എനിക്ക് വിളിക്ക്… ഓരോ നിമിഷവും ഞാന്‍ നിന്റെ വിളിക്കായ് കാതോര്‍ത്തു കൊണ്ടിരിക്കാണ്…. എന്ന് നിന്റെ സ്വന്തം മുകുന്ദേട്ടന്….!