കൊച്ചി: എ, ഐ ഗ്രൂപ്പുകളെ സമ്മര്‍ദ്ദത്തിലാക്കി സംസ്ഥാന കോണ്‍ഗ്രസില്‍ മൂന്നാം ഗ്രൂപ്പിനു കളമൊരുങ്ങുന്നതായി സൂചന. കെ. മുരളീധരന്‍ എംഎല്‍എയാണ് മൂന്നാം ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുളള വിശാല ഐ ഗ്രൂപ്പിന്റെ പ്രവര്‍ത്തനത്തില്‍ അസംതൃപ്തിയുളളവരാണു മുരളീധരനെ മുന്നില്‍ നിര്‍ത്തി പുതിയ ഗ്രൂപ്പ് രൂപീകരണത്തിനു നീക്കം നടത്തുന്നത്. അസംതൃപ്തരുടെ ആദ്യ കൂട്ടായ്മ കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്നിരുന്നു.
കെ. കരുണാകരന്‍ സ്റ്റഡി സെന്റര്‍ എന്ന പേരിലാണു വിശാല ഐ ഗ്രൂപ്പിലെ അസംതൃപ്തര്‍ ജില്ലാ തലങ്ങളില്‍ ഒത്തുകൂടുന്നത്. ഡിഐസി (കെ) എന്ന പേരില്‍ കെ. കരുണാകരന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ അദ്ദേഹത്തിനൊപ്പം പാര്‍ട്ടിയില്‍നിന്നു പുറത്തു പോവുകയും പിന്നീടു കോണ്‍ഗ്രസില്‍ തിരിച്ചെത്തി ഐ ഗ്രൂപ്പിന്റെ ഭാഗമാവുകയും ചെയ്തവരാണു കൂട്ടായ്മയ്ക്കു പിന്നില്‍. മുന്‍ എംഎല്‍എ എം.എ. ചന്ദ്രശേഖരന്റെ നേതൃത്വത്തിലായിരുന്നു കൊച്ചിയിലെ കൂട്ടായ്മ.
പുതിയ ഗ്രൂപ്പിനെ പറ്റി പരസ്യമായി ഒന്നും പറയുന്നില്ലെങ്കിലും നിലവിലെ ഗ്രൂപ്പ് നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തില്‍ അസംതൃപ്തിയുണ്ടെന്ന കാര്യം ഇവര്‍ തുറന്നു സമ്മതിക്കുന്നുണ്ട്. രമേശ് ചെന്നിത്തല നേതൃത്വം നല്‍കുന്ന ഐ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ പഴയ കെ. കരുണാകരന്‍ അനുകൂലികള്‍ ഏറെക്കാലമായി അതൃപ്തരാണ്.
സമീപകാലത്തു നടന്ന കെപിസിസി പുനഃസംഘടനയില്‍ തഴയപ്പെട്ടെന്ന വികാരമാണു പുതിയ ഗ്രൂപ്പ് രൂപീകരണ നീക്കങ്ങളുടെ വേഗം കൂട്ടിയതെന്നാണു വിലയിരുത്തുന്നത്. കേരള രാഷ്ട്രീയത്തില്‍ വരും ദിവസങ്ങളില്‍ ഈ നീക്കം ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.