പയ്യന്നൂര്‍: വിതരണത്തിനായി നല്കിയ റേഷനരി ഉപയോഗശൂന്യമായ നിലയില്‍. രാമന്തളി മുച്ചിലോട് ചേനോത്ത്പാറയിലെ നാലാം നമ്പര്‍ റേഷന്‍കടയില്‍ വിതരണത്തിനെത്തിച്ച 63 ചാക്ക് റേഷനരിയാണ് പൂപ്പൽ ബാധിച്ച് ഉപയോഗ ശൂന്യമായ നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ റേഷനിംഗ് ഇന്‍സ്പെക്ടര്‍ അരുണ്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ റേഷന്‍ കടയില്‍ നടത്തിയ പരിശോധനയിലാണ് ഉപയോഗ ശൂന്യമായ നിലയിലുള്ള അരി കണ്ടെത്തിയത്.അടിയിലെ ചാക്കുകളിലെ അരിയാണ് പൂപ്പൽ ബാധിച്ച് ഉപയോഗ ശൂന്യമായത്.
സംസ്ഥാന സര്‍ക്കാരിന്റെ വിഹിതവും പ്രധാനമന്ത്രിയുടെ വിഹിതവുമായി ധാരാളം അരിയാണ് ഇപ്പോള്‍ റേഷന്‍ കടകളില്‍ വിതരണത്തിനായി എത്തുന്നത്.
പുതിയ സ്റ്റോക്ക് വരുമ്പോള്‍ അത് അടിയിലാക്കുകയും പഴയ സ്റ്റോക്ക് ചെലവഴിക്കാനായി അട്ടിയുടെ മുകളിലാക്കുകയുമാണ് പതിവ്.
എന്നാല്‍, ഈ റേഷന്‍ കടയില്‍ ഇങ്ങനെ ചെയ്യാതെ കൃത്യവിലോപം കാണിച്ചതാണ് അരി ഉപയോഗശൂന്യമാകാന്‍ കാരണമെന്നാണ് റേഷനിംഗ് ഇന്‍സ്പെക്ടറുടെ കണ്ടെത്തല്‍.
റേഷന്കടയുടമക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.2021 ജൂലൈ 26ന് രാവിലെ ഇതേ റേഷന്‍ കടയില്‍ ഉപയോഗശൂന്യമായ ആറ് ചാക്ക് റേഷനരി മഴനനഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയില്‍ സമീപത്തെ ചെങ്കല്‍പണയില്‍ കണ്ടെത്തിയ സംഭവവുമുണ്ടായിരുന്നു. അന്ന് ഈ റേഷന്‍ കടയുടമക്കെതിരെ നടപടിയെടുത്തിരുന്നതാണ്.