തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ സംസാരിക്കുന്നത് തെരുവ് ഗുണ്ടയുടെ ഭാഷയിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ.
രാഷ്ട്രീയക്കാർ ഇങ്ങനെ സംസാരിക്കില്ല എന്നും കോൺഗ്രസ് ഒരു ക്രിമിനൽ സ്വഭാവത്തിലേക്ക് മാറുന്നതിന്റെ ഭാഗമായുള്ള വാക്കുകളാണ് കെ.സുധാകരന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും എ.വിജയരാഘവൻ പറഞ്ഞു.
കേരളം കാത്തു സൂക്ഷിക്കുന്ന രാഷ്ട്രീയ മര്യാദക്ക് വിരുദ്ധമായ രീതിയാണ് സുധാകരന്റേതെന്നും സുധാകരനെ അധ്യക്ഷനായി നിയമിച്ചവർ ആണ് ഇതിന് മറുപടി പറയേണ്ടത് എന്നും എ വിജയരാഘവൻ അഭിപ്രായപ്പെട്ടു.
ബ്രണ്ണൻ കോളജിൽ പഠിക്കുന്ന കാലത്ത് പിണറായി വിജയനെ താൻ ചവിട്ടി വീഴ്ത്തിയുണ്ടെന്ന കെ.സുധാകരന്റെ പരാമർശത്തോടും അതിനെത്തുടർന്നുണ്ടായ വിവാദങ്ങളോടും പ്രതികരിക്കുകയായിരുന്നു എ.വിജയരാഘവൻ.