എം.ജെ.ശ്രീജിത്ത്
തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലെ വലിയ വിജയത്തിനു ശേഷം പാല, വടകര സീറ്റുകൾ സംബന്ധിച്ച് ഘടകകക്ഷികൾ തമ്മിൽ ആരംഭിച്ച തർക്കത്തിൽ തത്കാലം ഇടപെടുന്നില്ലെന്ന് എൽ ഡി എഫ് കൺവീനറും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എ. വിജയരാഘവൻ.
നിയമസഭാ സീറ്റുകൾ സംബന്ധിച്ച് ഇപ്പോൾ ചർച്ചകൾ ആരംഭിച്ചിട്ടില്ല. അതിനാൽ ഇപ്പോഴത്തെ തർക്കത്തിൽ എൽഡിഎഫ് ഇടപെടേണ്ട കാര്യമില്ല. ഇന്ന് എൽ ഡി എഫ് യോഗം ചേരുന്നുണ്ട്. ഇന്നത്തെ യോഗത്തിൽ ഈ തർക്കങ്ങൾ ഉയർന്നു വന്നാൽ ചർച്ച ചെയ്യും.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളെക്കുറിച്ചാണ് ഇന്നത്തെ പ്രധാന ചർച്ച . ഘടകക്ഷികൾ അനാവശ്യ ചർച്ചകൾ ഒഴിവാക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെടുമെന്നും എ.വിജയരാഘവൻ രാഷ്ട്രദീപികയോടു പറഞ്ഞു.
പാലാ സീറ്റ് സംബന്ധിച്ച് കേരളകോൺഗ്രസ് -എമ്മും എൻസിപിയും തമ്മിലും വടകര സീറ്റ് സംബന്ധിച്ച് എൽജെഡിയും ജെഡിഎസും പരസ്യ തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്നത്.
മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടന്ന 14 ന് പാലാ സീറ്റിനെച്ചൊല്ലി മാണി സി .കാപ്പന്റെ പ്രസ്താവനയെക്കുറിച്ചു ചോദിച്ചപ്പോൾ അതു ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് എ.വിജയരാഘവന്റെ പ്രതികരണം.
മുന്നണിയിൽ ചർച്ച ചെയ്യേണ്ട കാര്യങ്ങൾ അതിനു മുമ്പ് മാധ്യമങ്ങളോടു പറയേണ്ട കാര്യമില്ല. പ്രത്യേകിച്ച് നിയമസഭാ സീറ്റുകൾ സംബന്ധിച്ച് ചർച്ച ആരംഭിക്കാത്ത സാഹചര്യത്തിൽ. എൽ ഡിഎഫ് ഒറ്റക്കെട്ടായി തന്നെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടും .
തർക്കങ്ങളെല്ലാം പരിഹരിക്കും. തദ്ദേശ തെരഞ്ഞെടുപ്പിലെപ്പോലെ നിയമസഭ തെരഞ്ഞെടുപ്പിലും എൽഡിഎഫ് വലിയ വിജയം നേടും. ഇപ്പോഴത്തെ വിജയം അതിനുള്ള ആത്മവിശ്വാസം വർധിപ്പിച്ചുവെന്നും വിജയരാഘവൻ പറഞ്ഞു.