തിരുവനന്തപുരം: കേന്ദ്രസഹമന്ത്രി വി.മുരളീധരൻ മുഖ്യമന്ത്രിക്കെതിരെ നിരന്തരം ആക്ഷേപം ഉന്നയിക്കുന്നത് പരിഹാസ്യമെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്. കേരളത്തിനുവേണ്ടി ഒന്നും ചെയ്യാത്ത കേന്ദ്രമന്ത്രിയാണ് വി.മുരളീധരനെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.
കേന്ദ്രം സഹായം നിഷേധിച്ചപ്പോള്‍ ഇടപെടാത്തയാള് ഗീര്‍വാണപ്രസംഗം നടത്തുകയാണ്. മുരളീധരനെ പ്രധാനമന്ത്രിയും ബിജെപി കേന്ദ്രനേതൃത്വവും അടിയന്തരമായി തിരുത്തണമെന്നും വിജയരാഘവന് പ്രസ്താവനയില്‍ പറഞ്ഞു.
താന്‍ വഹിക്കുന്ന പദവിയുടെ മാന്യത എന്തെന്നറിയാത്ത കേന്ദ്രമന്ത്രി കേരളീയര്‍ക്കാകെ അപമാനമാണ്. മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി തേജോവധം ചെയ്യാനും അപഹസിക്കാനുമുള്ള നീക്കം ജനങ്ങള്‍ അംഗീകരിക്കില്ല.
സ്വന്തം താല്‍പ്പര്യം സംരക്ഷിക്കാനും, അപഥസഞ്ചാരത്തിനും മന്ത്രിപദവി ദുരുപയോഗം ചെയ്യുന്ന ആളാണ് വി.മുരളീധരനെന്ന് ഇതിനകം തെളിഞ്ഞുകഴിഞ്ഞു.
വിദേശ യാത്രയില്‍ ദുരൂഹ സാഹചര്യത്തില്‍ ഒരു യുവതിയെ ഒപ്പംകൂട്ടിയതും സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന പല വിവരങ്ങളും വി.മുരളീധരന്റെ ‘മാന്യതയ്ക്ക്’ തെളിവാണെന്നും വിജയരാഘവൻ ആക്ഷേപിച്ചു.
കോവിഡിനെ പ്രതിരോധിക്കുന്നതിന് മുഖ്യമന്ത്രി നടത്തിയ പ്രവര്‍ത്തനം രാജ്യത്തിന്റെ അഭിനന്ദനം പിടിച്ചുപറ്റിയതാണ്. എന്നാല്‍ കേന്ദ്രമന്ത്രി എന്ന നിലയ്ക്ക് വി.മുരളീധരന് കേരളത്തിന് വേണ്ടി എന്തുചെയ്തുവെന്ന് പറയാന്‍ തയാറുണ്ടോയെന്നും വിജയരാഘവൻ ചോദിച്ചു.
കേരളീയനായിട്ട് പോലും സംസ്ഥാനത്തെ വാക്സിന് ക്ഷാമം പരിഹരിക്കാന്‍ ഒരു ഇടപെടലും ഇദ്ദേഹം നടത്തിയില്ല. നമ്മുടെ ആവശ്യങ്ങള്‍ കേന്ദ്ര ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ പോലും കൂട്ടാക്കിയില്ല.
അര്‍ഹമായ സഹായം കേന്ദ്രം നിഷേധിച്ചപ്പോള്‍ ഇടപെടാത്ത ആളാണ് ഇപ്പോള്‍ ഗീര്‍വാണ പ്രസംഗം നടത്തുന്നതെന്നും എ. വിജയരാഘവന് പ്രസ്താവനയില്‍ ആരോപിച്ചു.