മലപ്പുറം: ആലത്തൂരെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെ അധിഷേപിച്ച് പ്രസംഗിച്ചെന്ന വാർത്തകൾ തള്ളി എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ. തന്റെ പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസും മുസ്ലീം ലീഗും തോൽക്കും എന്നു മാത്രമാണ് താൻ ഉദ്ദേശിച്ചത്. അല്ലാതെ ആരെയെങ്കിലും വ്യക്തിപരമായി അപമാനിക്കണം എന്ന് ഉദ്ദേശിച്ചായിരുന്നില്ല തന്റെ വാക്കുകളെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തിലെ വിവാദം താൻ ആഗ്രഹിച്ചതല്ലെന്നും പൊതുജീവിതത്തിൽ ഇതുവരെ തന്റെ ഭാഗത്തു നിന്ന് ഇത്തരം പരാമർശങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ ഖേദം പ്രകടിപ്പിക്കണ്ട കാര്യമില്ല. കാരണം അതൊരു രാഷ്ട്രീയ പ്രസംഗം മാത്രമാണ്- വിജയരാഘവൻ കൂട്ടിച്ചേർത്തു.
നേരത്തെ, വിജയരാഘവന്റെ പരാമർശത്തിനെതിരെ വ്യാപകമായി പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങി നിരവധി നേതാക്കളാണ് വിജയരാഘവനെ വിമർശിച്ച് രംഗത്തെത്തിയിരുന്നത്. എന്നാൽ, ഇടതു നേതാക്കൾ ഒന്നാകെ വിജയരാഘവനെ ന്യായീകരിക്കുകയും ചെയ്തിരുന്നു.
എൽഡിഎഫ് കൺവീനറുടെ പ്രസംഗം തന്നെ വേദനിപ്പിച്ചുവെന്ന് രമ്യ ഹരിദാസും പ്രതികരിച്ചിരുന്നു. വിജയരാഘവനെതിരെ പരാതി നൽകുന്ന കാര്യം കോൺഗ്രസ് നേതാക്കളുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും അവർ വ്യക്തമാക്കിയിരുന്നു.