തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരായ പരാമര്‍ശത്തില്‍ എൽഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പോലീസിന് നിയമോപദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി മലപ്പുറം എസ്പി തൃശൂർ റേഞ്ച് ഐജിക്ക് റിപ്പോർട്ട് നൽകി. കേസെടുക്കേണ്ട തരത്തിലുള്ള കുറ്റം വിജയരാഘവൻ ചെയ്തിട്ടില്ലെന്നു റിപ്പോർട്ടിൽ പറയുന്നു.
ഏപ്രില്‍ ഒന്നിന് പൊന്നാനിയില്‍ എൽഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിൽ സംസാരിക്കുന്നതിനിടെയാണ് വിജയരാഘവന് രമ്യാ ഹരിദാസിനെതിരേ വിവാദ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ രമ്യാ ഹരിദാസ് പോലീസില്‍ പരാതി നല്കി. ആലത്തൂര്‍ ഡിവൈഎസ്പിക്കാണ് രമ്യാ ഹരിദാസ് പരാതി നല്‍കിയത്. വിജയരാഘവന് തനിക്കെതിരേ നടത്തിയ പരാമര്‍ശം യാദൃശ്ചികമല്ലെന്നും ആസൂത്രിതമാണെന്നുമായിരുന്നു രമ്യയുടെ ആരോപണം.
വിവാദ പരാമർശത്തിൽ വിജയരാഘവന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ താക്കീത് നല്‍കിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് പരാമര്‍ശം. ജനപ്രാതിനിധ്യ നിയമം ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് താക്കീത്. ആവര്‍ത്തിച്ചാല്‍ ശക്തമായ നടപടിയെന്നും എ.വിജയരാഘവന് മുന്നറിയിപ്പ് നല്കി.