അരിമ്പൂർ: തൃശൂർ-വാടാനപ്പള്ളി സംസ്ഥാനപാതയിൽ മകനെ ഡോക്ടറെ കാണിച്ചു മടങ്ങുകയായിരുന്ന കുടുംബാംഗങ്ങൾ സഞ്ചരിച്ച ഓട്ടോ ടാക്സിയും രോഗിയുമായി പോകുകയായിരുന്ന ആംബുലൻസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവായ ഓട്ടോ ടാക്സി ഡ്രൈവർ മരിച്ചു.
മൂന്നുവയസുള്ള കുട്ടിയടക്കം മൂന്നു പേർക്കു ഗുരുതര പരിക്കേറ്റു. ഇന്നു പുലർച്ചെ ഒന്നരയ്ക്ക് എറവ് കപ്പൽപ്പള്ളിക്കു സമീപമായിരുന്നു അപകടം.
ഓട്ടോ ഓടിച്ചിരുന്ന ഇരിങ്ങാലക്കുട പടിയൂർ സ്വദേശി ചളിങ്ങാട് സുകുമാരന്റെ മകൻ ജിത്തു (28) ആണ് മരിച്ചത്. ജിത്തുവിന്റെ ഭാര്യ നീതു (23), ഇവരുടെ മകൻ അദ്രിനാഥ് (മൂന്ന്), നീതുവിന്റെ പിതാവ് ചിറ്റൂർ വീട്ടിൽ കണ്ണൻ (55) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ആംബുലൻസിലുണ്ടായിരുന്ന ആർക്കും പരിക്കില്ല.
ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ മകനെ ഡോക്ടറെ കാണിച്ചശേഷം ഓട്ടോയിൽ മടങ്ങുകയായിരുന്നു ജിത്തുവും കുടുംബവും.
പുത്തൻപീടിക പാദുവ ആശുപത്രിയിൽനിന്ന് രോഗിയുമായി പോയിരുന്ന ആംബുലൻസും ഓട്ടോ ടാക്സിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണമായി തകർന്നു. ആംബുലൻസിന്റെ മുൻഭാഗവും തകർന്ന നിലയിലാണ്.ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്.
ഓട്ടോ വെട്ടിപ്പൊളിച്ചാണ് വാഹനത്തിലുള്ളവരെ പുറത്തെടുത്തത്. മരിച്ചയാളുടെ തല തകർന്ന നിലയിലായിരുന്നു. ഓട്ടോയിൽ ഡ്രൈവറടക്കം നാലു പേരാണ് ഉണ്ടായിരുന്നത്. അന്തിക്കാട് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.