തുറവൂർ: ചന്തിരൂർ സ്വദേശി പാറ്റു വീട്ടിൽ ജോസിന്റെ മകൻ ഫെലിക്സ് ജോസ് (28) കൊല്ലപ്പെട്ട കേസിൽ ഒരാൾ അറസ്റ്റിൽ. മറ്റു രണ്ടു പ്രതികൾക്കായി തിരച്ചിൽ ഊർജിതം.
അരൂർ പഞ്ചായത്ത് ആറാം വാർഡിൽ പോത്തനക്കടവ് വിജിത്ത് (34) ആണ് പിടിയിലായത്. ഇയാളെ ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മറ്റു രണ്ടു പേർ കേരളം വിട്ടതായി സൂചനയുള്ളതായി പോലീസ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം.
ടൈൽസ് പണിക്കാരനായ ഫെലിക്സ് മൂന്നാറിലെ ജോലി കഴിഞ്ഞ് വ്യാഴാഴ്ച രാത്രി വീടിനു സമീപം എത്തി. സുഹൃത്തുക്കളുമായി ഇളയ പാടത്തിനു സമീപം ഒരുമിച്ച് മദ്യപിച്ച ശേഷം ഫെലിക്സുമായി തർക്കമുണ്ടായി.
ഫെലിക്സിന്റെ മുഖത്ത് ഹോളോ ബ്രിക്സിന് ഇടിച്ചും തലയ്ക്കു പുറകിൽ ഹെൽമറ്റിന് അടിച്ചും പരിക്കേൽപ്പിക്കുകയായിരുന്നു.
18 കാരനായ യുവാവ് അടക്കം നാലുപേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇതിൽ 18 കാരൻ ഫെലിക്സിനെ മർദിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ചപ്പോൾ മറ്റ് മൂന്നു പേർ ഇയാളെ വിരട്ടിയോടിച്ചു.
സംഘം ചേർന്ന് മർദിച്ച ശേഷം പ്രതികൾ കടന്നുകളഞ്ഞു. ഗുരുതര പരിക്കേറ്റ് കിടക്കുകയായിരുന്ന ഫെലിക്സിനെ വഴിയാത്രക്കാരനാണ് ആദ്യം കണ്ടത്.
ഉടൻ നാട്ടുകാരും പോലീസും ചേർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രാത്രി 12 ഓടെ ഫെലിക്സ് മരിച്ചു.
സംഭവത്തിൽ ഒളിവിൽപ്പോയ പ്രതികൾക്കായി ചേർത്തല ഡിവൈഎസ്പി കെ.വി. ബെന്നിയുടെയും സിഐ പി.എസ്. സുബ്രഹ്മണ്യന്റെയും നേതൃത്വത്തിൽ രണ്ടു സ്ക്വാഡായി തെര ഞ്ഞാണ് അന്വേഷണം നടക്കുന്നത്.