പി. ജയകൃഷ്ണൻ
പെറ്റിക്കേസുകളുടെ ക്വാട്ട തികയാത്തതിന്റെ വേവലാതിയിലാണ് ഗ്രേഡ് എസ്ഐയായ പോലീസ് ഉദ്യോഗസ്ഥൻ ചുട്ടുപൊള്ളുന്ന വെയിലത്ത് റോഡിലിറങ്ങിയത്.
ട്രാഫിക് റൂൾസ് തനിക്കു പുല്ലാണെന്ന മട്ടിൽ വണ്ടിയിൽ പാഞ്ഞുവന്നയാളെ സിനിമാസ്റ്റൈലിൽ കൈയോടെ പൊക്കുകയുംചെയ്തു.
ഒരുത്തനെ കിട്ടിയതിന്റെ ആവേശത്തിൽ പിഴ അടപ്പിക്കാൻ രസീത് കുറ്റിയെടുത്ത് തയാറെടുക്കുന്നതിനിടെയാണ് ചവിട്ടിയത് മൂർഖൻ പാന്പിനെയാണെന്ന് എസ്ഐ മനസിലാക്കിയത്.
“സഖാവാണ് കളി തന്നോട് വേണ്ടെന്ന്’ പിടിയിലായ കക്ഷി പറഞ്ഞെങ്കിലും എസ്ഐ പിൻമാറിയില്ല. ‘മുഖ്യമന്ത്രിയുടെ ഓഫീസില്‍വരെ പിടിത്തമുള്ള ആളാണെന്ന’ മുന്നറിയിപ്പിലും പതറിയില്ല.
സത്യസന്ധമായി ജോലി ചെയ്യുകയല്ലേ, പിന്നെ എന്താ പ്രശ്നം എന്നു സ്വയം മനസിൽ ചോദിച്ചുകൊണ്ട് പിഴയപ്പിച്ചിട്ടേ ആ പിടിപാടുകാരനെ വിട്ടുള്ളൂ. കണ്ണൂര്‍ ചക്കരക്കല്‍ പോലീസ് സ്റ്റേഷല്‍ പരിധിയിൽ നാലാളു കാൺകെയായിരുന്നു സംഭവം.
പെറ്റിക്കേസുകളുടെ എണ്ണം കൂട്ടിയതിന്റെ ആശ്വാസത്തിലും ഭീഷണിക്കു വഴങ്ങാതിരുന്നതിന്റെ ത്രില്ലിലുമായിരുന്നു എസ്ഐ.
പക്ഷേ, ത്രില്ല് തീരാൻ അധികം സമയം വേണ്ടിവന്നില്ല. തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തുനിന്ന് ഇടിത്തീപോലെ അടിയന്തര സന്ദേശമെത്തി.
‘ഉടന്‍ തിരുവനന്തപുരത്തെത്തുക’. കിട്ടിയ വണ്ടിക്ക് പോലീസ് ആസ്ഥാനത്തെത്തിയ മാതൃകാ എസ്ഐക്ക് വയർ നിറയെ കിട്ടിയെന്നാണ് സേനയിലുള്ളവർ പറയുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നവരിൽ പ്രമുഖനായ നേതാവിന്റെ ബന്ധുവിനെയാണത്രേ നമ്മുടെ പാവം ഗ്രേഡ് എസ്ഐ പെറ്റിക്കേസില്‍ കുടുക്കിയത്.
നേതാവാകട്ടെ ഭാര്യയുടെ നിയമനവിവാദത്തിൽപ്പെട്ട് ആകെ കലിപ്പിലായിരിക്കുന്ന സമയവും.സംഭവമറിഞ്ഞ ഉടൻ പോലീസ് ആസ്ഥാനത്തേക്കു വിളിച്ച് എസ്ഐയെ പാഠം പഠിപ്പിക്കാൻ നേതാവ് ഉത്തരവിടുകയായിരുന്നുവെന്നാണു പിന്നാന്പുറ സംസാരം.
മുഖം നോക്കാതെ ഡ്യൂട്ടി ചെയ്തതിന് അഭിനന്ദനം പ്രതീക്ഷിച്ചിരുന്ന എസ്ഐ ഇപ്പോൾ മുഖം ഉയർത്താൻ പറ്റാത്ത അവസ്ഥയിലാണത്രെ.